- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം നിഷേധിക്കും, പിന്നീട് പിൻവലിക്കും; ഇതാണ് മുഖ്യമന്ത്രിയുടെ നയം; മത്സ്യബന്ധന കരാറിൽ ഇഎംസിസിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്? തട്ടിപ്പ് കമ്പനി ആണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നു; അഴിമതി വിരുദ്ധ പോരാളികൾ നയിക്കുന്ന മുന്നണിയാണ് എൻഡിഎ എന്നും കെ സുരേന്ദ്രൻ
കൊടുങ്ങല്ലൂർ: ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതികരിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇഎംസിസിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് സുരേന്ദ്രൻ ചോദിച്ചു. തട്ടിപ്പ് കമ്പനി ആണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നു. താൻ ഒന്നും അറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
'കരാറുമായി ബന്ധപ്പെട്ട് രാജ്യത്തിനു അകത്തും പുറത്തും കൂടിയാലോചനകൾ നടന്നു. മുഖ്യമന്ത്രിയുമായും വ്യവസായ മന്ത്രിയുമായും ഫിഷറീസ് മന്ത്രിയുമായും കമ്പനി അധികൃതർ കൂടിക്കാഴ്ച നടത്തി. സ്വർണക്കടത്ത് കേസിലും ഇങ്ങനെ തന്നെയായിരുന്നു. എല്ലാ അഴിമതികളിലും മുഖ്യമന്ത്രി പിണറായി വിജയൻ ഈ നയമാണ് സ്വീകരിച്ചത്. ആദ്യം നിഷേധിക്കും, പിന്നീട് പിൻവലിക്കും. അഴിമതിയാണ് കേരളത്തിലെ പ്രധാന പ്രശ്‌നം. ഇ ശ്രീധരൻ, ജേക്കബ് തോമസ് തുടങ്ങിയവരെ അണിനിരത്തി അഴിമതിക്കെതിരായ പോരാടും. അഴിമതി വിരുദ്ധ പോരാളികൾ നയിക്കുന്ന മുന്നണിയാണ് എൻ ഡി എ' - സുരേന്ദ്രൻ പറഞ്ഞു.
മുസ്ലിം ലീഗ് കോൺഗ്രസിനെ വിഴുങ്ങുകയാണെന്നും മുല്ലപ്പള്ളി പോലും എവിടെ നിൽക്കണമെന്ന് ലീഗ് തീരുമാനിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. 'ഇക്കാര്യം കെ മുരളീധരന് അറിയാം. വട്ടിയൂർക്കാവിൽ ആയിരുന്നപ്പോൾ മുരളി ഇക്കാര്യം പറഞ്ഞിരുന്നു. അവിടെ ലീഗിന്റെ വോട്ട് പ്രശ്‌നമല്ല. വടകര എത്തിയപ്പോൾ അദ്ദേഹം മിണ്ടുന്നില്ല. മുരളിക്ക് ലീഗിനെ സംശയമുണ്ട്'-സുരേന്ദ്രൻ പറഞ്ഞു. നേരത്തെ ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദത്തിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നതെല്ലാം പച്ചക്കള്ളമെന്ന് വ്യക്തമാകുന്ന രേഖകൾ പുറത്തുവന്നിരുന്നു. കരാറിനെ കുറിച്ച് താൻ ഒന്നുമറിഞ്ഞില്ലെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നാണ് പുറത്തുവന്ന വിവരം.
അമേരിക്കൻ കമ്പനിയായ ഇ എം സി സി നൽകിയ അപേക്ഷ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രണ്ടുതവണയാണ് കണ്ടത്. ഇത് സംബന്ധിച്ച സർക്കാർ രേഖകളാണ് പുറത്തുവന്നത്. 2019 ഒക്ടോബറിലാണ് അപേക്ഷ ആദ്യമായി മന്ത്രിയുടെ പരിഗണനക്ക് അയച്ചതെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ, മന്ത്രി എന്താണ് ഫയലിൽ എഴുതിയയെന്ന് വ്യക്തമല്ല. ഇതിന് ശേഷമാണ് ഫയൽ നിക്ഷേപക സംഗമത്തിനയക്കുന്നത്.
ന്യൂയോർക്കിൽ മന്ത്രി മേഴ്‌സികുട്ടിയുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് പദ്ധതി സമർപ്പിച്ചതെന്നാണ് ഇ എം സി സി അധികൃതർ പറയുന്നത്. ഇ-ഫയൽ രേഖകൾ പ്രകാരം 2019 ഓഗസ്റ്റ് 9നാണ് ഫിഷറീസ് വകുപ്പിന്റെ അപേക്ഷയിൽ നടപടികൾ ആരംഭിക്കുന്നത്. 2019 ഒക്ടോബർ 19നാണ് അന്നത്തെ ഫിഷറീസ് സെക്രട്ടറി കെ ആർ ജ്യോതിലാൽ മന്ത്രിക്ക് ഫയൽ ആദ്യം കൈമാറുന്നത്.
ആ മാസം 21ന് മന്ത്രി ഫയൽ സെക്രട്ടറിക്ക് തിരികെ നൽകി. മന്ത്രിക്ക് ഫയൽ കൈമാറുന്നത് മുമ്പാണ് അമേരിക്കൻ കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ തേടി പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന് കത്തയക്കുന്നത്.അടുത്ത മാസം ഒന്നിന് പ്രിൻസിപ്പൽ സെക്രട്ടറി വീണ്ടും മന്ത്രിക്ക് ഫയൽ കൈമാറുന്നുണ്ട്. 18ന് മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഫയൽ തിരികെ നൽകി. രണ്ടു പ്രാവശ്യവും മന്ത്രി അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് എന്താണെന്ന് വ്യക്തമല്ല.