- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടകംപള്ളിക്ക് കയ്യിട്ടുവാരാൻ അവസരം കിട്ടാത്തതിലുള്ള കൊതിക്കെറു; പ്രൈസ്വട്ടർ ഹൗസ്കൂപ്പേഴ്സ്, ഊരാളുങ്കൽ തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് നൽകിയതു പോലെയുള്ള തട്ടിപ്പല്ല ഇത്; കേന്ദ്ര സർക്കാർ ക്ഷണിച്ചത് തികച്ചും സുതാര്യമായി കരാർ; യുഎസിലെയും യുകെയിലെയുമൊക്കെ സ്വകാര്യ കമ്പനികൾക്ക് പച്ചപ്പരവതാനി വിരിക്കുന്ന സംസ്ഥാന സർക്കാരാണ് ഇന്ത്യൻ സ്വകാര്യ കമ്പനി കരാർ നേടിയതിനെതിരെ ആരോപണം ഉന്നയിക്കുന്നത്; വിമാനത്താവള നടത്തിപ്പ് വിഷയത്തിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ
കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുമ്പോൾ കയ്യിട്ടുവാരാൻ അവസരം കിട്ടാത്തതിലുള്ള കൊതിക്കെറുവാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനും സംസ്ഥാന സർക്കാരിനുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര സർക്കാർ തികച്ചും സുതാര്യമായി കരാർ ക്ഷണിച്ചതാണ്.
സംസ്ഥാന സർക്കാർ വിവിധ പദ്ധതികളുടെ നടത്തിപ്പ് കരാർ പോലും ക്ഷണിക്കാതെ പ്രൈസ്വട്ടർ ഹൗസ്കൂപ്പേഴ്സ്, ഊരാളുങ്കൽ തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് നൽകിയതു പോലെയുള്ള തട്ടിപ്പല്ല. മറിച്ച് നിയമാനുസൃതമായ രീതിയിൽ കരാർ വിളിച്ചതാണ്.
സംസ്ഥാന സർക്കാർ ക്വോട്ട് ചെയ്തതിനേക്കാൾ മികച്ച തുകയ്ക്കാണ് സ്വകാര്യ കമ്പനി മുന്നോട്ടുവന്നത്. ഇതിനെതിരെ സംസ്ഥാനസർക്കാർ കോടതിയെ സമീപിച്ചതാണ്. സംസ്ഥാന സർക്കാരിന്റെ വാദം ഹൈക്കോടതി തള്ളിയപ്പോഴാണ് അഴിമതി ആരോപണവും പ്രധാനമന്ത്രിക്കു കത്തയയ്ക്കലുമടക്കമുള്ള നാടകങ്ങളുമായി കടകംപള്ളിയും സംസ്ഥാന സർക്കാരും രംഗത്തെത്തിയത്.
കേരളത്തിലെ മറ്റു രണ്ടു വിമാനത്താവളങ്ങളും സംസ്ഥാന സർക്കാർ നടത്തുന്നത് സ്വകാര്യ കമ്പനികളുമായി ചേർന്നാണ്. കെഎസ്ആർടിസിയിലെയും മോട്ടോർ വാഹന വകുപ്പിലെയും പല സംവിധാനങ്ങളുടെയും നടത്തിപ്പ് സ്വകാര്യകമ്പനികൾക്കാണ്. യുഎസിലെയും യുകെയിലെയുമൊക്കെ സ്വകാര്യ കമ്പനികൾക്ക് പച്ചപ്പരവതാനി വിരിക്കുന്ന സംസ്ഥാന സർക്കാരാണ് ഇന്ത്യൻ സ്വകാര്യ കമ്പനി കരാർ നേടിയതിനെതിരെ ആരോപണം ഉന്നയിക്കുന്നത്. കോടികൾ കൈക്കൂലിയായും കമ്മിഷനായും കൈപ്പറ്റി കരാറുകൾ നഷ്ടത്തിൽ വിട്ടുകൊടുക്കുന്ന സംസ്ഥാനസർക്കാരിന് അതിനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള കൊതിക്കെറുവാണ് ആരോപണങ്ങൾക്കുപിന്നിലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ പോഷകസംഘടനയായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മാറ്റിയതായും കെ.സുരേന്ദ്രൻ പറഞ്ഞു. മാധ്യമങ്ങൾ തങ്ങൾക്കെതിരെ പുറത്തു കൊണ്ടുവരുന്ന വാർത്തകൾക്കു തടയിടാൻ പിആർഡിയെ ഉപയോഗിക്കുകയാണ്. ഒരു സർക്കാർ പദ്ധതിയുടെ ആകെ തുകയുടെ അഞ്ചിലൊന്ന് കൈക്കൂലി നൽകിയതായി തെളിഞ്ഞിട്ടും അത് അന്വേഷിക്കാൻ മുഖ്യമന്ത്രി തയാറാവാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ കരാർ പ്രകാരം നടപ്പാക്കേണ്ട 20 കോടിയിൽ 4.5 കോടി കമ്മിഷനായി നൽകിയെന്ന് പാർട്ടി ചാനൽ തന്നെ പുറത്തുവിട്ടിട്ടുണ്ട്. 15.5 കോടിക്കാണ് പദ്ധതി നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു. 4.5 കോടിയിൽ സ്വപ്നയ്ക്ക് ലഭിച്ച ഒരു കോടിക്കു പുറമേ ബാക്കിവന്ന തുക എങ്ങോട്ടാണുപോയതെന്ന് അന്വേഷിക്കാൻ മുഖ്യമന്ത്രി തയാറാവാത്തത് എന്തുകൊണ്ടാണ്? ഈ തുക മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്കും പരിചയക്കാർക്കുമാണ് ലഭിച്ചത് എന്നതിനാലാണ് മുഖ്യമന്ത്രി അനങ്ങാത്തതെന്നും അദ്ദേഹം പറഞ്ഞു.
കമ്മിഷനായി ലഭിച്ച കറൻസി വിദേശത്തുവച്ച് ഡോളറായി മാറ്റിയതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ ഇടപാടുകൾക്ക് വിദേശത്താണ് പങ്കുപറ്റുന്നതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കാർഗോ കോംപ്ലക്സിൽനിന്ന് ആരുമറിയാതെ എന്തിനാണ് മന്ത്രി കെ.ടി.ജലീൽ കെട്ടുകൾ കടത്തിയത്? വന്ന കെട്ടുകളിൽ ഒരു പാക്കറ്റ് പൊളിച്ചുനോക്കിയെന്നാണ് ജലീൽ പറഞ്ഞത്. ആ പാക്കറ്റിലാണ് പ്രശ്നം സ്വർണക്കടത്താണ് നടത്തിയതെന്ന് അന്വേഷണം കഴിയുമ്പോൾ എല്ലാവർക്കും ബോധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ കൂടുതൽ ഉദ്യോഗസ്ഥർക്കു ബന്ധമുള്ളതായി ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 23ന് സത്യഗ്രഹസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജി വൈകിക്കുന്ന ഓരോ നിമിഷവും മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്