കോഴിക്കോട്: കേരളത്തിൽ സാമൂഹിക നീതി അട്ടിമറിച്ചു കൊണ്ട് മതേതരത്വം തകർക്കുകയാണ് ഇരു മുന്നണികളുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മതത്തിന്റെ അടിസ്ഥാനത്തി കേരളത്തെ പങ്കുവെക്കുകയാണ് ഇരു മുന്നണികളുമെന്നും കോഴിക്കോട് വിജയയാത്രയ്ക്ക് നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോഴിക്കോട് മേയർ, ഡെപ്യൂട്ടി മേയർ, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷൻ ചുമതലകൾ ന്യൂനപക്ഷങ്ങൾക്ക് നൽകിയപ്പോൾ അടിസ്ഥാന ജനവിഭാഗങ്ങൾ അവഗണിക്കപ്പെട്ടു. ജില്ലയിലെ പല മണ്ഡലങ്ങളും ഒരു പ്രത്യേക സമുദായത്തിന് റിസർവേഷൻ ചെയ്യുന്നു. കോഴിക്കോട് സൗത്ത്, കുന്നമംഗലം, ബേപ്പൂർ മണ്ഡലങ്ങൾ ഇതിന്റെ ഉദ്ദാഹരണം. സാമൂഹിക സന്തുലനാവസ്ഥ പാലിക്കപ്പെടുന്നില്ല. കൊടുവള്ളി കെ.മുരളീധരൻ പോലും പരാജയപ്പെട്ടു.

രാഷ്ട്രീയത്തെ വർഗീയ ശക്തികളുടെ ആലയിലേക്ക് കൊണ്ടുപോവുകയാണ് ഇടതു-വലതുപക്ഷം. നഗരത്തിലുള്ള കോൺഗ്രസിന്റെ ഭൂരിപക്ഷ സമുദായത്തിലെ നേതാക്കൾ കൊയിലാണ്ടിയിലേക്കും നാദാപുരത്തേക്കും പലായനം ചെയ്യുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന് സംഭാവന നൽകിയ എംഎ‍ൽഎയെ കൊണ്ട് കോൺഗ്രസ് നേതാക്കൾ മാപ്പ് പറയിപ്പിച്ചില്ലെ. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ജമാഅത്തെ ഇസ്ലാമി ഇടപെടുകയാണ്.

മലബാർ സംസ്ഥാന രൂപീകരണത്തിന് മുസ്ലിംലീഗും എസ്ഡിപിഐയും ശ്രമിക്കുന്നു. ന്യൂനപക്ഷ വർഗീയതയെ കുറിച്ച് പറഞ്ഞ വിജയരാഘവന് 24 മണിക്കൂർ കൊണ്ട് നിലപാട് മാറ്റേണ്ടി വന്നു. പാണക്കാട്ടെ തങ്ങളെ വിമർശിച്ച വിജയരാഘവനെ സിപിഎം സെക്രട്ടറിയേറ്റ് തിരുത്തുന്നു. ഇത്തരം മതേതരത്തത്തിന് പൊളിച്ചെഴുത്ത് വേണം. അഴിമതി മറയ്ക്കാനാണ് മതത്തെ ഉപയോഗിക്കുന്നത്. പാലോളി കമ്മിറ്റിക്ക് സമാനമായ ഒരു കമ്മിറ്റി പാർശ്വവത്ക്കരിക്കപ്പെട്ട ജനതയ്ക്ക് വേണ്ടി വെക്കാൻ നിങ്ങൾ തയ്യാറുണ്ടോ?

വികസന മാതൃകയിൽ മോദിയെ പിന്തുടരാൻ കേരളം തയ്യാറാവണം. കക്ഷിരാഷ്ട്രീയത്തിനപ്പുറം വലിയൊരു വിഭാഗം ജനങ്ങൾ വിജയയാത്രയിൽ പങ്കാളികളായി. കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്നു അദ്ദേഹം പറഞ്ഞു.