തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിടികൂടാൻ നട്ടെല്ല് മാത്രം മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് അതില്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. പിണറായി വിജയനില്ലാത്തതും ബി. ജെ. പി മുഖ്യമന്ത്രിമാർക്കുള്ളതും ഇതാണ്. മധ്യപ്രദേശ് സർക്കാർ ആസാറാം ബാപ്പുവിനേയും ഹരിയാനാ സർക്കാർ മറ്റുരണ്ടപേരെയും ബലം പ്രയോഗിച്ചാണ് അകത്താക്കിയത്. ഹരിയാനയിൽ പട്ടാളത്തെ ഇറങ്ങിയാണ് അക്രമാസക്തരായ അനുയായികളെ അടിച്ചൊതുക്കിയത്. ബിഷപ്പിനെ പിടിക്കാൻ ഇതൊന്നും വേണ്ടിവരില്ല. വേണ്ടത് നട്ടെല്ലാണ്.

പണ്ട് സന്തോഷ് മാധവൻ എന്ന വ്യാജസന്യാസിക്കെതിരെ കേസ് വന്നപ്പോൾ നാട്ടിലെ പാവപ്പെട്ട കാഷായ വസ്ത്ര ധാരികളെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചവരാണ് ഇവിടുത്തെ ഡിവൈഎഫ്ഐ നേതാക്കൾ. എന്നാൽ കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസ് വന്നപ്പോൾ ഇക്കൂട്ടർ മാളത്തിലൊളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

കുറിപ്പിന്റെ പൂർണരൂപം
പണ്ട് സന്തോഷ് മാധവൻ എന്ന ഒരു കപടസന്യാസിക്കെതിരെ ചില കേസുകൾ വന്നപ്പോൾ നാടെങ്ങും ഒരു തെറ്റും ചെയ്യാത്ത കാഷായവസ്ത്രമുടുത്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും മഠങ്ങൾ തകർക്കുകയും ചിലരെ ക്ഷൗരം ചെയ്തു വിടുകയും ചെയ്ത വീരശൂരപരാക്രമികളാണ് കേരളത്തിലെ ഡി. വൈ. എഫ്. ഐ നേതാക്കൾ. കന്യാസ്ത്രീകളെ പീഡിപ്പിച്ച ജലന്ധർ ബിഷപ്പിന്റെ കേസു വന്നപ്പോൾ എവിടേയും ഒരു പരാക്രമവും കണ്ടില്ലെന്നു മാത്രമല്ല എല്ലാവരും മാളത്തിലൊളിക്കുകയും ചെയ്തു.

അമൃതാനന്ദമയീ മഠത്തെ അപകീർത്തിപ്പെടുത്താൻ അമേരിക്ക വരെ പോയി സിനിമ പിടിച്ച ഒരു മാധ്യമപ്രവർത്തകനുണ്ടായിരുന്നു കേരളത്തിൽ. അയാൾക്കിപ്പോ വെറും കുക്കറി ഷോ പെണ്ണുങ്ങളുടെ ഇന്റർവ്യൂ നടത്താനേ നേരമുള്ളൂ. അമ്മയുടെ പത്തകോടി വാങ്ങി ഖജനാവിലിടുമ്പോൾ പഴയ കുത്തിത്തിരുപ്പിന്റെ ജാള്യതയൊന്നും മുഖത്തു കണ്ടതുമില്ല. തൊലിക്കട്ടി അപാരം തന്നെ.

ബിഷപ്പിന്റെ ചിത്രത്തിന്റെ കൂടെ മൂന്ന് ചിത്രം കൂടി ഡി. വൈ. എഫ്. ഐ നേതാക്കളെ കാണിക്കാൻ വേണ്ടിയാണ് വെച്ചത്. ആസാറാം ബാപ്പു, റാം റഹിം , റാം പാൽ എന്നീ ആധ്യാത്മിക നേതാക്കളുടെ ചിത്രമാണത്. കോടിക്കണക്കിന് ആരാധകരുള്ള കമ്മി ഭാഷയിൽ പറഞ്ഞാൽ ആൾ ദൈവങ്ങൾ. അനുയായികളിൽ മിക്കവരും ബി. ജെ. പിക്കവോട്ടുചെയ്യുന്നവർ. സ്ത്രീപീഡനക്കേസ്സുവന്നപ്പോൾ മൂന്നപേരെയും പിടിച്ച് അകത്തിട്ടത് ബി. ജെ. പി സർക്കാരുകൾ. മൂന്നപേരെയും സംരക്ഷിച്ചുനിർത്തിയതാവട്ടെ കോൺഗ്രസ്സും.

മധ്യപ്രദേശ് സർക്കാർ ആസാറാം ബാപ്പുവിനേയും ഹരിയാനാ സർക്കാർ മറ്റുരണ്ടപേരെയും ബലം പ്രയോഗിച്ചാണ് അകത്താക്കിയത്. ഹരിയാനയിൽ പട്ടാളത്തെ ഇറങ്ങിയാണ് അക്രമാസക്തരായ അനുയായികളെ അടിച്ചൊതുക്കിയത്. ബിഷപ്പിനെ പിടിക്കാൻ ഇതൊന്നും വേണ്ടിവരില്ല. വേണ്ടത് നട്ടെല്ലാണ്. പിണറായി വിജയനില്ലാത്തതും ബി. ജെ. പി മുഖ്യമന്ത്രിമാർക്കുള്ളതും. ഇരട്ടച്ചങ്കനെന്നൊക്കെ ചുമ്മാ പറഞ്ഞതുകൊണ്ടായില്ല സഖാക്കളെ. പിണറായിക്കു സ്തുതിഗീതം പാടുന്ന ഡിഫി നേതാക്കൾ ജനാധിപത്യത്തിനും നിയമവാഴ്ചക്കുമാണ് ചരമഗീതം പാടുന്നതെന്നോർക്കുക.