തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ പട്ടിക പുറത്തു വന്നതിനു പിന്നാലെ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. മന്ത്രിസഭാ പട്ടികയിൽ കടുത്ത സ്വജനപക്ഷപാതമാണ് നടന്നിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. 'സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും. സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത. ആകെ മൊത്തം സ്വജനപക്ഷപാതം. പ്രീണനം പിന്നെ സ്റ്റാലിന്റെ പ്രേതവും' - ഇങ്ങനെയാണ് രണ്ടാം പിണറായി സർക്കാരിനെക്കുറിച്ച് കെ സുരേന്ദ്രൻ വിമർശിച്ചു പറഞ്ഞു.

കെ സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത്,'സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും. സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത... ആകെ മൊത്തം സ്വജനപക്ഷപാതം... പ്രീണനം പിന്നെ സ്റ്റാലിന്റെ പ്രേതവും. അഞ്ചു കൊല്ലം സംഭവബഹുലം. ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും...'

'ആദ്യം മകൾ പിന്നെ പ്രധാനവകുപ്പും ലീഗിന്റെ കാര്യം കട്ടപ്പൊക...' - മുഹമ്മദ് റിയാസ് മന്ത്രിസഭയിലേക്ക് എത്തുന്നതിനെ വിമർശിച്ച് സുരേന്ദ്രൻ കുറിച്ചത് ഇങ്ങനെ:

കെ കെ ശൈലജ ടീച്ചർ ഉൾപ്പെടെ ഒന്നാം പിണറായി മന്ത്രിസഭയിൽ ഉണ്ടായിരുന്ന ആരും രണ്ടാം പിണറായി മന്ത്രിസഭയിൽ ഇല്ല. നിലവിലുള്ള എല്ലാവരെയും ഒഴിവാക്കി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് രണ്ടാം പിണറായി വിജയൻ സർക്കാർ. അതേസമയം, കെ കെ ശൈലജ ടീച്ചർ പാർട്ടി വിപ്പ് ആകുമെന്നാണ് റിപ്പോർട്ടുകൾ.

സി പി എം പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ, പി രാജീവ്, വി എൻ വാസവൻ, സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ ആർ ബിന്ദു, വീണാ ജോർജ്, വി അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു.