തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ചോദ്യം ചെയ്യലിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹാജരായി. തൃശ്ശൂർ പൊലീസ് ക്ലബ്ബിൽ വച്ചാണ് ചോദ്യം ചെയ്യൽ. വൻ സുരക്ഷാ സന്നാഹമാണ് സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിനോട് അനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഒരുക്കിയിട്ടുള്ളത്.

രാവിലെ പതിനൊന്നോടെയാണ് സുരേന്ദ്രൻ പൊലീസ് ക്ലബിൽ എത്തിയത്. ഒട്ടേറെ ബിജെപി നേതാക്കൾ പൊലീസ് ക്ലബ് പരിസരത്ത് എത്തിയിട്ടുണ്ട്. കേസ് രാഷ്ട്രീയ നാടകമാണെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിച്ചു. ബിജെപിയെ അപമാനിക്കുകയാണ് ലക്ഷ്യം. കേസിൽ പരാതിക്കാരനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പരാതിക്കാരനെ ആരെല്ലാം വിളിച്ചു എന്നാണ് പരിശോധിക്കുന്നത്. ഇങ്ങനെ ഒരു അന്വേഷണം എവിടെയെങ്കിലും ഉണ്ടോയെന്ന് സുരേന്ദ്രൻ ചോദിച്ചു.

പരാതിക്കാരനായ ധർമരാജനും സുരേന്ദ്രനും തമ്മിൽ പലതവണ ഫോണിൽ സംസാരിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനു ഹാജരാവാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയത്. ആദ്യം അന്വേഷണ സംഘം നൽകിയ നോട്ടിസ് സ്വീകരിച്ചെങ്കിലും കാസർകോട് പാർട്ടി യോഗം നടക്കുന്നതിനാൽ ഹാജരാകില്ലെന്നു സുരേന്ദ്രൻ അറിയിച്ചിരുന്നു. രണ്ടാമതു നൽകിയ നോട്ടിസ് പ്രകാരമാണ് ഇന്നു ഹാജരാകുന്നത്.

ഏപ്രിൽ മൂന്നാം തിയതി പുലർച്ചയാണ് കൊടകര മേൽപ്പാലത്തിന് സമീപത്തുനിന്ന് പണമടങ്ങിയ കാർ തട്ടിക്കൊണ്ടുപോയി പണം കവർന്നത്. മൂന്നരക്കോടി കവർന്നെന്നാണ് കേസ്. തെരഞ്ഞെടുപ്പ് ആവശ്യത്തിന് ബിജെപിയെത്തിച്ച ഫണ്ടാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.