- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം പച്ചക്കള്ളം; കൊടകര കുഴൽപ്പണവുമായി ബിജെപിക്ക് ബന്ധമില്ല; ഒരു വിഭാഗം മാധ്യമങ്ങളും സിപിഎമ്മും കള്ളപ്രചാരണം നടത്തുന്നു; അന്വേഷണത്തിന്റെ പേരിൽ പുകമറ സൃഷ്ടിച്ച പൊലീസ് നാടകം നടത്തുന്നു; അന്വേഷണവുമായി സഹകരിക്കും; സി കെ ജാനുവിന് പണം നൽകിയിട്ടില്ല; ആരോപണങ്ങൾ നിഷേധിച്ച് കെ സുരേന്ദ്രൻ
കോഴിക്കോട്: കൊടകരയിൽ പിടികൂടിയ കുഴൽപ്പണവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിജെപിക്കെതിരെ നടക്കുന്നത് കള്ളപ്രചാരണമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാരതീയ ജനതാ പാർട്ടിയെ സംബന്ധിച്ച് കള്ള പ്രചാരണങ്ങളാണ് ഒരു വിഭാഗം മാധ്യമങ്ങളും സിപിഎമ്മും നടത്തികൊണ്ടിരിക്കുന്നതെന്നും കെ സുരേന്ദ്രൻ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കൊടകരയിൽ നടന്ന പണം കവർച്ചാ കേസുമായി ബന്ധപ്പെട്ടാണ് അർധസത്യങ്ങളും ആസൂത്രിതമായ കള്ളപ്രചാരണങ്ങളും നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
പണവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല. പുകമറ സൃഷ്ടിച്ചുകൊണ്ട് ബിജെപിയെ പ്രതികൂട്ടിലാക്കുകയാണ്. ബിജെപി. നേതാക്കന്മാരെ ഒരു കാരണവും ഇല്ലാതെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ്. ഇവർക്ക് കേസുമായി ബന്ധമില്ല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഹാജരായിട്ടുണ്ട്. കോടതിയെ സമീപിക്കുകയോ നെഞ്ചുവേദന വരുകയോ ചെയ്തില്ല. ഇന്നേവരെ ഒരു തരത്തിലും നിസഹരം ഉണ്ടായിട്ടില്ല. കൊടകരയിലേത് കള്ളപ്പണമോ വെള്ളപ്പണമോ എന്നറിയില്ല. രാജ്യത്ത് തിരഞ്ഞെടുപ്പ് കാലത്ത് ആയിരം കോടിയുടെ കള്ളപ്പണം പിടിച്ചിട്ടുണ്ട്.
നൂറ് ശതമാനം അന്വേഷണവുമായി സഹകരിക്കും. ബിജെപിയുമായി ബന്ധപ്പെട്ട പണമായിരുന്നെങ്കിൽ എന്തിനാണ് കേസ് കൊടുക്കുന്നത്. ബിജെപി നേതാക്കളായിട്ടോ സുഹൃത്തുക്കളായോ ആരെല്ലാം ആയി ധർമ്മരാജൻ ബന്ധപ്പെട്ടിട്ടുണ്ടോ അവരെല്ലാം കേസ് കൊടുക്കണമെന്ന അഭിപ്രായക്കാരാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 38 കോടിയുടെ കള്ളപ്പണം കേരളത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെടുത്തിട്ടുണ്ട്. ആരും , ഒരു രാഷ്ട്രീയ പാർട്ടിയും കേസ് കൊടുത്തിട്ടില്ല. ഒരു മനസാക്ഷിയും ഇല്ലാതെയാണ് ബിജെപിക്കും നേതാക്കൾക്കും എതിരെ വാർത്തകൾ കൊടുത്തത്. ഒരു തരത്തിലും ചോദ്യം ചെയ്യേണ്ടാത്ത ആളുകളെയാണ് പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ച് കൊണ്ടിരിക്കുന്നത്.
സുൽത്താൻ ബത്തേരിയിൽ ഇത്തവണ ബിജെപി. സ്ഥാനാർത്ഥി ആയിരുന്ന സികെ. ജാനുവുമായി താൻ സംസാരിച്ചിട്ടില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സി.കെ. ജാനു ഒരു രൂപ പോലും ആവശ്യപ്പെട്ടിട്ടില്ല. സി.കെ. ജാനുവിന് ഞാൻ ഒരു രൂപ പോലും കൊടുത്തിട്ടില്ല. സി.കെ. ജാനു മത്സരിച്ച മണ്ഡലത്തിൽ ഏതൊരു മണ്ഡലത്തിലെയും പോലെ നിയമാനുസൃതമായ കാര്യങ്ങൾ നടന്നിട്ടുണ്ട്. ആദിവാസി നേതാവായതുകൊണ്ടാണോ ജനുവിനെ അവഹേളിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ശബ്ദരേഖയിൽ 10 കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്. ഓഡിയോ ക്ലിപ്പിൽ കൃത്രിമം നടന്നിട്ടുണ്ട്. ഓഡിയോ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ ഓഡിയോ ക്ലിപ്പിന്റെ മുഴുവൻ ഭാഗങ്ങളും പുറത്തുവിട്ടാലെ കാര്യങ്ങൾ വ്യക്തമാകു. സി.കെ. ജാനുവിന് എന്നെയൊ എന്നെക്കാൾ മുകളിലുള്ള നേതാവിനെയൊ വിളിക്കാൻ ആരുടെയും സഹായം ആവശ്യമില്ല. അങ്ങനെ സികെ. ജാനുവിന് പണം ആവശ്യമാണെങ്കിൽ, ബിജെപി. നൽകാൻ തീരുമാനിച്ചിരുന്നെങ്കിൽ അത് മറ്റാരും അറിയുമായിരുന്നില്ല. സി.കെ. ജാനുവിന് എന്നെ എപ്പോൾ വിളിക്കാനുള്ള സാതന്ത്രവും വിശ്വാസ്യതയും ഞങ്ങൾ തമ്മിലുണ്ട്. ഇപ്പോൾ പുറത്തുവന്ന ഓഡിയോ അവരുടെ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളുടെ ഭാഗമാണ്.
തിരഞ്ഞെടുപ്പിൽ അവർ ഞങ്ങളുടെ സ്ഥാനാർത്ഥിയായിരുന്നു. സി.കെ. ജാനു ഞങ്ങളെ ആരെയും പണം ആവശ്യപ്പെട്ടു സമീപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് പലരും വിളിച്ചിട്ടുണ്ടാകാം. ആ സംഭാഷണം മുഴുവൻ ഓർത്ത് വയ്ക്കാനാവില്ല. എന്നെ വിളിച്ചിട്ടില്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഓഡിയോയിൽ നിന്ന് ആവശ്യമുള്ളകാര്യങ്ങൾ ഒഴിവാക്കാനാകും
എന്നെ ആക്ഷേപിക്കാനാണെങ്കിൽ വേറെ വഴികളുണ്ട്. നിങ്ങൾ ആക്ഷേപിക്കുന്നത് കേരളത്തിലെ ആയിരക്കണക്കിന് ദളിതർക്കും ആദിവാസികൾക്കും വേണ്ടി പ്രവർത്തിച്ച സാമൂഹ്യപ്രവർത്തകയാണ്. അവരെയാണ് ആക്ഷേപിക്കുന്നത്.
കൊടകര കുഴൽപ്പണ കേസിൽ എഴുപത് കഴിഞ്ഞ കെ.ജി. കർത്ത വരെ അന്വേഷണത്തോട് സഹകരിച്ചു. ഇതുവരെയുള്ള അന്വേഷണത്തിൽനിന്ന് സർക്കാർ എന്ത് നിഗമനത്തിലെത്തി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല നേതാക്കന്മാരും തലയിൽ മുട്ടിട്ടാണ് പോയത്. സിപിഎമ്മിനു നേരെ ആരോപണങ്ങൾ വരുമ്പോൾ കായികശക്തിയും ഗുണ്ടായിസവും ഉപയോഗിച്ചു അനേഷണത്തെ ഭീഷണിപ്പെടുത്തും. ബിജെപിയുടെ തലയിൽ കള്ളപ്പണക്കടത്തുകേസ് കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ആസൂത്രിത നീക്കമാണ്. ശൂന്യതയിൽനിന്ന് പൊലീസ് കഥ മെനയുന്നു.
വ്യാജവാർത്ത നൽകുന്നവർ ഈ രാജ്യത്ത് ഒരു നിയമവ്യവസ്ഥയുണ്ടെന്ന് ഓർക്കണം. പണം കവർച്ച ചെയ്യപ്പെട്ട ആളുടെ ടെലിഫോൺ പരിശോധിച്ചിട്ട് അയാൾ കഴിഞ്ഞ ആറുമാസം വിളിച്ചവരെ എല്ലാം ചോദ്യം ചെയ്യുന്നു. ഇതാണോ അന്വേഷണ രീതി. ഈ ചോദ്യം ചെയ്യലിന്റെ വാർത്ത പുറത്തുവിടുന്ന പൊലീസ് ചോദ്യം ചെയ്യലിൽ എന്തുകിട്ടിയെന്ന് പറയുന്നില്ല. സുരേന്ദ്രൻ പറഞ്ഞു.
കൊടകര കുഴൽപ്പണം വിവാദം കെ.സുരേന്ദ്രനിലേക്ക് നീണ്ട പശ്ചത്തലത്തിലാണ് അദ്ദേഹം പത്ര സമ്മേളനം നടത്തിയത്. സി.കെ. ജാനുവിന് ബിജെപിയിൽ ചേരാൻ പത്ത് ലക്ഷം രൂപ സുരേന്ദ്രൻ നൽകിയതായി ജെ.ആർ.എസ്. ട്രഷറുടെ പേരിൽ ശബ്ദരേഖ പുറത്തുവന്നിരുന്നു. ട്രഷറർ പ്രസീതയും ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം നേരത്തെ പുറത്തുവിട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ