കൊച്ചി: നിയമസഭ തെരെഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ വ്യാപക കള്ളവോട്ട് നടന്നുവെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ആരോപണത്തെ ശരിവെച്ച് അസി. സോളിസിറ്റർ ജനറലിന്റെ റിപ്പോർട്ട്. തെരെഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നു എന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാണിച്ച 197 പേരുകളിൽ 26 വോട്ടർമാരുടെ വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറി.

26 വോട്ടർമാരുടെ പാസ്പോർട്ട് വിശദാംശങ്ങളിൽ 20 പേരും തിരെഞ്ഞെടുപ്പ് നടന്ന 2016 മെയ് 16 ന് കേരളത്തിൽ ഇല്ലായിരുന്നു എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 26 വോട്ടർമാരുടെ വിശദാംശങ്ങളടങ്ങിയ അസി. സോളിസിറ്റർ ജനറലിന്റെ റിപ്പോർട്ടിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു.

അബ്ദുൾ റഹ്മാൻ പിഎം, ഷെരീഫ്, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് ഹനീഫ്, മുഹമ്മദ് നൗഷാദ്, മുഹമ്മദ് നിഷാഫ് പി, അബ്ദുൾ ജബിർ പിഎ, അബ്ദുൾ നിസാം ബിഎം, ഖാദർ, അബ്ദുൾ ഖാദർ, സിദ്ദീഖ് കെ, ഷംസീർ കെ, ഹാലിദ് എം, അബ്ദുൾ അസീസ്, അബ്ദുൾ ബഷീർ, അബ്ദുൾ ഖാദർ, അബ്ദുള്ള, മുഹമ്മദ് അഷ്റഫ് യുഎം, മുഹമ്മദ് മുസ്തഫ, മുഹമ്മദ് അഷ്റഫ് പിഎ, എന്നിവർ തിരെഞ്ഞെടുപ്പ് നടന്ന ദിവസം കേരളത്തിൽ ഇല്ലായിരുന്നു എന്നാണ് പാസ്പോർട്ട് രേഖകൾ വ്യക്തമാക്കുന്നത്. പക്ഷെ ഇവരുടെ പേരിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ പാസ്പോർട്ട് വിവരങ്ങൾ ഉടനെ ലഭിക്കുമെന്നാണ് സൂചന.

മരിച്ച നാലുപേരുടെ പേരിൽ വോട്ട് രേഖപ്പെടുത്തിയാതായും ഇലക്ഷൻ പെറ്റീഷനിൽ സുരേന്ദ്രൻ പറയുന്നുണ്ട്. ഇതിൽ ഒരാളുടെ മരണ സർട്ടിഫിക്കറ്റ് നേരത്തെ ഹാജരാക്കിയിരുന്നു. ആകെ 259 പേർക്കാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സമൻസ് ആയച്ചത്. എന്നാൽ രണ്ട് ദിവസമായി നടന്ന വിസ്താരത്തിനിടെ 21 പേർ ഹാജരാകേണ്ടതായിരുന്നു. എന്നാൽ മൂന്നുപേർ മാത്രമാണ് ഹാജരായത്. ഒരാൾ ഗർഭിണി ആയതിനാൽ യാത്ര ചെയ്യുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി. ഇന്നലെ ഹാജരാകേണ്ട അഞ്ച് പേർക്ക് ഇനിയും സമൻസ് കൈമാറാൻ കോടതി നിയമിച്ച ആമിന് സാധിച്ചിട്ടില്ല. ജീവന് ഭീഷണി ഉള്ളതിനാൽ കൈമാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച മുതൽ സമൻസ് പൊലീസ് സംരക്ഷണത്തിൽ നൽകി തുടങ്ങും.

നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥലത്തില്ലാത്തവരും മരിച്ചവരുമായ 259 പേരുടെ പേരിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് കെ.സുരേന്ദ്രന്റെ ആരോപണം. ഈ ആരോപണം പൂർണമായും തെളിയിക്കപ്പെട്ടാൽ മുസ്ലിം ലീഗ് അംഗം അബ്ദുൾ റസാഖിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കാനോ,കെ.സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്. 89 വോട്ടിനാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന കെ.സുരേന്ദ്രൻ പരാജയപ്പെട്ടത്