തിരുവനന്തപുരം: ഒഖി ചുഴലിക്കാറ്റിൽ രക്ഷാ പ്രവർത്തനങ്ങളിലും അറിയിപ്പ് നൽകുന്നതിലും വീഴ്ച പറ്റിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ ശക്തമായി വിമർശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പിണറായിക്ക് പഴയ പാർട്ടി സെക്രട്ടറിപ്പണി തന്നെയാണ് നല്ലത് എന്നും ഒരു മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡണ്ടിന്റെ പണി പോലും പിണറായിക്ക് നേരാം വണ്ണം നിർവഹിക്കാൻ കഴിയില്ലെന്ന് ഇതിനോടകം പല തവണ തെളിയിച്ചെന്നും സുരേന്ദ്രൻ പറഞ്ഞു. പിണറായിയേക്കാൾ ഭേദം വി. എസ്. അച്യുതാനന്ദനായിരുന്നുവെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു

കെ. സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

താങ്കൾക്ക് ആ പഴയ പാർട്ടി സെക്രട്ടറിപ്പണി തന്നെയാണ് നല്ലത്. ഒരു മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡണ്ടിന്റെ പണി പോലും അങ്ങേക്ക് നേരാം വണ്ണം നിർവഹിക്കാൻ കഴിയില്ലെന്ന് ഇതിനോടകം ഇത് എത്രാമത്തെ തവണയാണ് താങ്കൾ തെളിയിച്ചത്. ഭരണനിർവഹണം കുട്ടിക്കളിയല്ല. സത്യത്തിൽ കേരളസർക്കാരും താങ്കളും എന്ത് ഏകോപനമാണ് ഈ ദുരന്തനിവാരണത്തിന് നടത്തിയത്? തികച്ചും നിസ്സഹായമായ നിലയിലായി കേരളസർക്കാർ പൂർണ്ണമായും.

ഗുജറാത്ത് ഭൂകമ്ബം, പ്‌ളേഗ്, ഉത്തരാഖണ്ഡ് ദുരന്തം എന്നിവ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ഒരു നിമിഷം ദുരഭിമാനം വെടിഞ്ഞ് ഒന്നു മനസ്സിലാക്കാൻ താങ്കൾ തയാറാവണം. കേന്ദ്ര വ്യോമ, നാവികസേനകൾ ഫലപ്രദമായി ഇറങ്ങിയതുകൊണ്ടു മാത്രമാണ് ഇത്രയെങ്കിലും മൃതദേഹങ്ങൾ കിട്ടിയത്. ദുരന്തബാധിതപ്രദേശങ്ങൾ ഒന്ന് സന്ദർശിക്കാൻ തന്നെ താങ്കൾ അഞ്ചു ദിവസമെടുത്തു. സത്യം പറയാമല്ലോ താങ്കളേക്കാൾ എത്രയോ മിടുക്കൻ വി. എസ്. അച്യുതാനന്ദനായിരുന്നു. അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ഇതിൽ കൂടുതൽ കാര്യങ്ങൾ നടക്കുമായിരുന്നു.