തിരുവനന്തപുരം: പരസ്യസംവാദത്തിന് തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്കിനോട് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. എവിടെ വരണമെന്നും എപ്പോൾ വരണമെന്നും സാർ പറഞ്ഞാൽ മതിയെന്നും ഫേസ്‌ബുക്കിലൂടെ സുരേന്ദ്രൻ വ്യക്തമാക്കി. നോട്ട് നിരോധനത്തെ തുടർന്ന് മോദി ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമാണെന്നും ജനങ്ങളോട് പൊറുക്കാത്ത ദ്രോഹമാണെന്നും ഐസക്ക് പറഞ്ഞിരുന്നു. കൂടാതെ ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്റെ പോസ്റ്റിന് കീഴിൽ ഒന്നരമാസമായി തെറിപറയുന്ന സംഘിച്ചാവേറുകളെ പിൻവലിക്കണമെന്നും സുരേന്ദ്രനോട് തോമസ് ഐസക്ക് ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ എന്തു ചോദ്യത്തിന് വേണമെങ്കിലും സംവദിക്കുവാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനാണ് സുരേന്ദ്രന്റെ മറുപടിയും.

തോമസ് ഐസക്കിന്റെ മോദി വിരുദ്ധ പ്രചാരണം തുടർന്നുകൊണ്ടിരിക്കുകയാണ്. നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവും രാജ്യത്തിനില്ലെന്നും വലിയ രാജ്യദ്രോഹനടപടി ആയിപ്പോയെന്നും അദ്ദേഹം വീണ്ടും വാദിക്കുന്നു. കൂടാതെ പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരിക്കുന്നു. സംഘികൾ അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴെ കമന്റിടുന്നത് നിർത്തണമെന്നും. കമന്റുകൾ കാരണം വേവലാതിപ്പെടുന്ന തോമസ് ഐസക്ക് വല്ലപ്പോഴും ഈ പേജിൽ നോക്കിയാൽ അങ്ങയുടെ അണികളുടെ നിലവാരം ബോധ്യപ്പെടുമെന്നും സുരേന്ദ്രൻ പറയുന്നു.

സുരേന്ദ്രന്റെ ഫേസ്‌ബുക്ക് സ്റ്റാറ്റസിന്റെ പൂർണരൂപം

ബഹു ധനമന്ത്രി തോമസ് ഐസക്കിന്രെ മോദിവിരുദ്ധപ്രചാരണം തുടർന്നുകൊണ്ടേയിരിക്കുകയാണ്. നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവും രാജ്യത്തിനില്ലെന്നും വലിയ രാജ്യദ്രോഹനടപടി ആയിപ്പോയെന്നും അദ്ദേഹം വീണ്ടും വാദിക്കുകയാണ്. മാത്രമല്ല ഇന്നലെ അദ്ദേഹം പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരിക്കുന്നു. സംഘികൾ അദ്ദേഹത്തിന്രെ പോസ്ടിനു കീഴെ കമന്രിടുന്നത് നിർത്തണമെന്നും. പരസ്യസംവാദത്തിന് ഞങ്ങൾ തയ്യാർ. എവിടെ വരണമെന്നും എപ്പോൾ വരണമെന്നും സാർ പറഞ്ഞാൽ മതി. പിന്നെ കമന്രുകൾ കാരണം വേവലാതിപ്പെടുന്ന അങ്ങ് വല്ലപ്പോഴും ഈ പേജിൽ ഒന്നു നോക്കിയാൽ അങ്ങയുടെ അണികളുടെ നിലവാരം ബോധ്യപ്പെടും.

തോമസ് ഐസക്കിന്റെ പോസ്റ്റ് ഇങ്ങനെ ആയിരുന്നു...

നവംബർ 8 മുതൽ ഞങ്ങൾ എടുത്തുവന്ന നിലപാട്, നോട്ട് റദ്ദാക്കിയതുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കാമെന്നല്ലാതെ കള്ളപ്പണക്കാരെ പിടിക്കാൻ പറ്റില്ലെന്നതാണ്. ഇതിനു വിപരീതമായി, പ്രചാരത്തിലിരുന്ന 15.5 ലക്ഷം കോടിയുടെ നോട്ടുകളിൽ 3-4 ലക്ഷം കോടിയെങ്കിലും തിരിച്ചു വരില്ല എന്ന് വെല്ലുവിളിച്ചു വാദിച്ചവരാണ് കെ. സുരേന്ദ്രനെപ്പോലെയുള്ള ബിജെപി. നേതാക്കൾ. ഞാൻ അനൗപചാരികമായി മൂന്നു ദിവസം മുമ്പ് അറിഞ്ഞത് 14.5 ലക്ഷത്തോളം കോടി രൂപ തിരിച്ചുവന്നു എന്നാണ്. ഞാൻ വിചാരിച്ചു കെ. സുരേന്ദ്രനെപ്പോലുള്ളവർ തങ്ങളുടെ പഴയ വാദം വിഴുങ്ങി ക്യാഷ്ലെസ് സമ്പദ് വ്യവസ്ഥയിൽ അഭിരമിച്ചു കഴിയുമെന്നാണ്. ഇന്നാണ് കെ. സുരന്ദ്രന്റെ പോസ്റ്റ് കണ്ടത്. മൂന്നു ലക്ഷം കോടിയെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷ തെറ്റിയിട്ടില്ല എന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. നോട്ട് നിരോധനം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് കള്ളപ്പണക്കാർക്ക് അതു വെളിപ്പെടുത്താൻ അവസരം നൽകുന്ന പദ്ധതിയായ 'ഗരീബ് കല്യാൺ യോജന' സർക്കാർ പ്രഖ്യാപിച്ചത്. അതിനടിസ്ഥാനത്തിൽ അദ്ദേഹം ഉയർത്തുന്ന ചോദ്യം ഇതാണ്: ''അപ്പോൾപ്പിന്നെ മുഴുവൻ പണവും ബാങ്കിൽ തിരിച്ചുവരുമെന്നു പറയുന്നതിൽ എവിടെയാണ് പിശക്? ഇനി ബാങ്കിൽ വന്നത് മുഴുവൻ വൈറ്റ് മണിയാണെന്നും കള്ളപ്പണം കണ്ടെത്താൻ കഴിയില്ലെന്നും പറയുന്നത് എന്ത് അടിസ്ഥാനത്തിൽ? പ്രശ്നം പ്രതിപക്ഷത്തിന്റെ വേവലാതി മാത്രമാണ്.'' ഇങ്ങനെ പോകുന്ന അദ്ദേഹത്തിന്റെ വാദങ്ങൾ.
ഗരീബ് കല്യാൺ യോജന വഴി വന്നതെത്ര?, അല്ലാതെ വന്നതെത്ര? എന്നൊക്കെ കൃത്യമായി അറിയാൻ മാർഗ്ഗമുണ്ടല്ലോ. ഒക്ടോബർ വരെ നിലവിൽ ഉണ്ടായിരുന്ന ആംനെസ്റ്റി സ്‌കീം ഓർക്കുന്നുണ്ടല്ലോ . അരുൺ ജെയ്റ്റിലി ബഡ്ജറ്റിൽ പ്രഖ്യാപിച്ച സ്‌കീമാണിത്. ഇതുപ്രകാരം 65,250 കോടി രൂപയുടെ കള്ളപ്പണം അന്നു പുറത്തുവന്നു.
ഇതാണു സുഹൃത്തേ ഞങ്ങൾ തുടക്കം മുതൽ പറഞ്ഞുകൊണ്ടിരുന്നത്. കള്ളപ്പണം പിടിക്കാൻ അർദ്ധരാത്രി ഒരു ദിവസം നോട്ടു റദ്ദാക്കേണ്ട. രണ്ടോ മൂന്നോ മാസം സാവകാശം കൊടുത്ത് തിയ്യതി പ്രഖ്യാപിച്ച് ഗരീബ് കല്യാൺ യോജന പോലെ ഒരു സ്‌കീം പ്രഖ്യാപിക്കുക. ഇന്നത്തേതുപോലെ കള്ളപ്പണം പിടിക്കാൻ നടപടികളും സ്വീകരിക്കാം. കള്ളപ്പണക്കാർ ഇന്നത്തേതുപോലെതന്നെ ആംനസ്റ്റി സ്‌കീമിൽ പണം നിക്ഷേപിക്കുമല്ലോ. കള്ളപ്പണക്കാരല്ലാത്ത 99 ശതമാനം ജനങ്ങളേയും ഇങ്ങനെ കൊല്ലാക്കൊല ചെയ്യിക്കണമായിരുന്നോ? ഇനി അവർ കള്ളപ്പണമൊന്നും സ്വയം പ്രഖ്യാപിച്ചില്ലെങ്കിലും പഴയ പണം മുഴുവൻ ബാങ്കിൽ തിരിച്ചുവന്നുകഴിയുമ്പോൾ വരവിൽ കഴിഞ്ഞ് ഡെപ്പോസിറ്റ് ചെയ്യുന്നവരുടെ വിവരങ്ങൾ അന്വേഷിക്കാമല്ലോ. അഥവാ ആരെങ്കിലും ചോർന്നുപോയാലും എല്ലാവരും ബാങ്കിങ് വലയത്തിൽ വരുമല്ലോ. എന്തിനായിരുന്നു അർദ്ധരാത്രിയിലെ നോട്ടുനിരോധന നാടകം?
സുരേന്ദ്രനടക്കമുള്ള ബിജെപി. നേതാക്കന്മാരോട്: ഒന്നരമായി എന്റെ പോസ്റ്റിനുകീഴിൽ സംഘടിതമായി വന്നു തെറിപറയുന്ന സംഘിച്ചാവേറുകളെ പിൻവലിക്കൂ! നിങ്ങളുടെ എന്തു ചോദ്യത്തിനോട് വേണമെങ്കിലും സംവദിക്കുവാൻ തയ്യാർ. മോദി ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമല്ല ജനങ്ങളോടുള്ള പൊറുക്കാനാവാത്ത ദ്രോഹമാണ്.