തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കിൽ ഈ കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവും.ശതകോടിക്കണക്കിന് രൂപയാണ് പ്രതിവർഷം ആദിവാസികൾക്ക് വേണ്ടി കേന്ദ്രസർക്കാർ നീക്കിവെക്കുന്നത്. ഒന്നും പാവങ്ങൾക്കു കിട്ടുന്നില്ലെന്ന് മാത്രം. എല്ലാം ഇടത്തട്ടുകാർ തട്ടുകയാണെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു:

ഫേസബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'വടക്കേ ഇന്ത്യയിലെവിടെയെങ്കിലും ആയിരുന്നെങ്കിൽ ഈ കമ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും കൂടി മോദി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. കേരളത്തിലെ സച്ചിദാനന്ദനും ജമാ അത്ത് രാമനുണ്ണിയും അടക്കം പലരും പുരസ്‌കാരം( തുക ഒഴിച്ച്) മടക്കുമായിരുന്നു. ചാനൽ ചർച്ചക്കുവേണ്ടി മാത്രം എം. പി മാരായ നാടിനൊരുഗുണവുമില്ലാത്ത എം. ബി. രാജേഷും കൂട്ടരും പാർലമെന്റിലെ ഗാന്ധിപ്രതിമക്കു മുന്നിൽ ഇന്നലെ രാത്രി തന്നെ ഒരു ധർണ്ണ നടത്തി അതിന്റെ പടം ഇന്നത്തെ പത്രത്തിൽ തന്നെ വരും എന്നുറപ്പുവരുത്തുമായിരുന്നു.

ഡിഫി മുതൽ പുകാസ വരെയുള്ള ഭരണവിലാസം ഉദരംഭരി വിപ്‌ളവസംഘടനകൾ ഇവിടെ പന്തം കൊളുത്തി പ്രകടനം നടത്തുമായിരുന്നു. നമ്പർ വൺ കേരളത്തിലായതുകൊണ്ട് അതും എം. ബി രാജേഷിന്റെ മണ്ഡലത്തിൽപെടുന്ന അട്ടപ്പാടിയിലുമായതുകൊണ്ട് ആരും മിണ്ടുന്നില്ല. എ. കെ. ബാലൻ നാട്ടുകാരനും പിന്നെ ആ വകുപ്പുകൂടി കൈകാര്യം ചെയ്യുന്നതുകൊണ്ടും തീരെ മിണ്ടരുത്. ഇങ്ങനെ എത്രയോ ആദിവാസികൾ ഇന്നും അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലുമൊക്കെയുണ്ട്. ശതകോടിക്കണക്കിന് രൂപയാണ് പ്രതിവർഷം ഇവർക്കുവേണ്ടി കേന്ദ്രസർക്കാർ നീക്കിവെക്കുന്നത്. ഒന്നും പാവങ്ങൾക്കു കിട്ടുന്നില്ലെന്ന് മാത്രം. എല്ലാം ഇടത്തട്ടുകാർ തട്ടുകയാണ്. കഞ്ഞി കുടിക്കാനില്ലെങ്കിലും പ്രശ്‌നം ബീഫ് കിട്ടാത്തതായിരുന്നെങ്കിൽ രാജേഷ് അട്ടപ്പാടിയിൽ ചെന്ന് ഒരു ബീഫ് മേളയും വേണ്ടിവന്നാൽ ഒരാഴ്ച നിരാഹാരവും കിടന്നേനെ.'

അട്ടപപാടിയിലെ ആദിവാസി ഫണ്ടുവിനിയോഗത്തിൽ എം.ബി.രാജേഷ് എംപിയും, പട്ടികവാർഗ മന്ത്രി എ.കെ.ബാലനും വരുത്തിയ വീഴ്ചകളാണ് മധുവിനെ പോലുള്ളവരുടെ മരണത്തിന് കാരണമെന്ന് സുരേന്ദ്രൻ മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു:

'കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നൂറിലധികം അഴിമതിക്കേസ്സുകളാണ് ആദിവാസി മേഖലയിൽ മാധ്യമങ്ങൾ പുറത്തുവിട്ടത്. ആദിവാസികളുടെ പാർപ്പിടം, കുടിവെള്ളം, ചികിൽസ, പോഷകാഹാരം, വൈദ്യുതി, ഭൂമി, ശൗചാലയങ്ങൾ, വിദ്യാഭ്യാസം എന്നിവക്ക് കേന്ദ്രസംസ്ഥാന സർക്കാരുകൾ ചെലവഴിച്ച ഫണ്ടുകളുടെ കാര്യത്തിലാണ് ഈ തട്ടിപ്പുകൾ മുഴുവൻ നടന്നത്. ഭൂരിഭാഗവും കേന്ദ്രധനസഹായമുപയോഗിച്ചുള്ള പദ്ധതികൾ. രാഷ്ട്രീയനേതാക്കളും സന്നദ്ധസംഘടനകളും ഉദ്യോഗസ്ഥരുമാണ് എല്ലാ കേസ്സുകളിലും കുററക്കാർ.

നിർഭാഗ്യകരമെന്നു പറയട്ടെ ഒരു കേസ്സുപോലും ഈ സർക്കാർ അന്വേഷിക്കാൻ തയ്യാറായില്ല. കഴിഞ്ഞ സർക്കാരിലെ പട്ടികവർഗ്ഗ മന്ത്രി ആദിവാസി ഫണ്ടുപയോഗിച്ച് സ്വന്തം വീട്ടിലേക്ക് റോഡ് വെട്ടിയതടക്കം വൻ അഴിമതിക്കേസ്സ് പുറത്തുവന്നിട്ടും നടപടി ഉണ്ടായില്ല. രണ്ടുതവണ ഈ ബാലൻ തന്നെ സമ്പൂർണ്ണ വൈദ്യുതീകരണം പ്രഖ്യാപിച്ച നാടാണ് കേരളം. ഇന്നും ആയിരക്കണക്കിന് ആദിവാസികൾക്ക് കറണ്ടില്ല. ഭവനനിർമ്മാണ പദ്ധതികളെല്ലാം പാളി. റേഷൻകാർഡുപോലും ആയിരക്കണക്കിന് ആളുകൾക്ക് കേരളത്തിലില്ല. അംഗൻവാടികളിൽ കുട്ടികൾക്ക് നൽകുന്ന പോഷകാഹാരത്തിൽപോലും വെട്ടിപ്പു നടക്കുന്നു.

ആഘോഷപൂർവം നടത്തിയ പട്ടയമേളയിൽപോലും പ്രഖ്യാപിച്ച ഭൂമി കൊടുത്തിട്ടില്ല. മററു സംസ്ഥാനങ്ങളിലെ എം. പി മാർ പലരും മണ്ഡലത്തിലെ പാവപ്പെട്ടവർക്കുവേണ്ടി സുരക്ഷാ ഭീമ യോജന ക്യാംപുകൾ നടത്താറുണ്ട്. രണ്ടും രണ്ടര ലക്ഷം കുടുംബങ്ങളെ സൗജന്യമായി ഇത്തരം സ്‌കീമുകളിൽ ചേർപ്പിച്ച എം. പി മാർ നമ്മുടെ നാട്ടിലുണ്ട്. പന്ത്രണ്ടു രൂപയുടെയും മുന്നൂറു രൂപയുടെയും പ്രീമിയം ഇന്നു മരണപ്പെട്ട ആ യുവാവിനെക്കൊണ്ട് ചേർപ്പിച്ചിരുന്നെങ്കിൽ നാലുലക്ഷം രൂപ ഇന്നുതന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് കിട്ടുമായിരുന്നു. എം. ബി. രാജേഷ് അതൊന്നും ചെയ്തിട്ടില്ല. ഒരു. എം. പി എന്ന നിലയിൽ തനി കാപട്യക്കാരനായ രാജേഷ് മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല.

അട്ടപ്പാടിയിലെ ആദിവാസി ഫണ്ടുവിനിയോഗം ഒരു സോഷ്യൽ ഓഡിററിനു വിധേയമാക്കിയാൽ കാണാം സത്യം. പത്തുവർഷം എം. പിയായിരുന്നിട്ടും അട്ടപ്പാടി ഇന്നും അതുപോലെത്തന്നെ നിൽക്കുന്നു. ബാലനാണെങ്കിൽ സിസ്ലോണിനെ അട്ടപ്പാടിയിൽ കൊണ്ടുവരാൻ കാണിച്ച ഉൽസാഹം ആദിവാസികൾക്കുവേണ്ടി വേറൊരു കാര്യത്തിലും കാണിച്ചില്ല. തന്റെ സ്വന്തക്കാരന്റെ ഭൂമിയിലേക്കു വൈദ്യുതി എത്തിക്കാൻ കാണിച്ച ശുഷ്‌ക്കാന്തി നേരത്തെ ചർച്ചയായതാണ്. ഈ കൊലക്കുത്തരവാദി ഇവരൊക്കെത്തന്നെയാണ്. ആരു നിഷേധിച്ചാലും പൊതുമനസ്സാക്ഷിയുടെ മുന്നിൽ നിങ്ങൾ ഉത്തരം പറയേണ്ടിവരും.'