തിരുവനന്തപുരം: സെൻകുമാർ വിഷയത്തിൽ പിണറായി സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ഏൽക്കുന്ന തുടർച്ചയായ തിരിച്ചടികളിൽ പരിഹാസവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ. സത്യത്തിൽ പിണറായി വിജയനോട് സഹതാപാണ് തോന്നുന്നതെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഇതോടൊപ്പം പിണറായി വിജയൻ തുവാലകൊണ്ട് മുഖം തുടയ്ക്കുന്ന ചിത്രത്തിനൊപ്പം 'ഒരു കഷണം കയറുണ്ടായിരുന്നെങ്കിൽ...' എന്ന വാചകവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ടി.പി. സെൻകുമാറിനെ ഡിജിപിയായി പുനർനിയമിക്കണമെന്ന സുപ്രീംകോടതി വിധിയിൽ വ്യക്തത തേടിക്കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി ഇന്ന് സുപ്രീംകോടതി തള്ളി. തന്നെ പുനർനിയമിക്കാത്തതു ചോദ്യംചെയ്തു സെൻ കുമാർ നല്കിയ ഹർജിയിൽ കോടതിയലക്ഷ്യ നടപടികളും സുപ്രീംകോടതി ആരംഭിച്ചു. കോടതി ചെലവായി 25,000 രൂപ കെട്ടിവയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

സെൻകുമാർ വിഷയത്തിൽ തീർത്തും പരിഹാസ്യമാകുന്ന മുഖ്യമന്തി പിണറായി വിജയനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും പരിഹസിച്ചുകൊണ്ടാണ് കെ. സുരേന്ദ്രന്റെ ഫേസ്‌ബുക് പോസ്റ്റുകൾ. ഇത്രയും വലിയ നാണക്കേടുകൾ അടിക്കടി അദ്ദേഹത്തിനു വരണമെന്ന് ശത്രുക്കൾ പോലും ആഗ്രഹിക്കുന്നുണ്ടാവില്ലെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെടുന്നു.

ദുരഭിമാനവും ധാർഷ്ട്യവും അഹങ്കാരവും കാരണമാണ് ഇതെല്ലാം സംഭവിക്കുന്നത്. ചോദിച്ചുവാങ്ങിയ തിരിച്ചടികളാണിതെല്ലാം. പിന്നെ ഉപദേശികളുടെ വിവരക്കേടും. രാജാവ് നഗ്നനാണെന്ന് പറയാൻ ഒരാൾ പോലും ആ പാർട്ടിയിലില്ലേ എന്നതാണ് ഏറ്റവും അതിശയകരം. ഒരു മൽസരം പോലും കാഴ്ചവെക്കാനാവാതെ പരാജയം ഏററുവാങ്ങിയ ഒരു കളിക്കാരനായിപ്പോയി അദ്ദേഹം. കഷ്ടമെന്നേ പറയാനുള്ളൂ. നാലുകോടി മലയാളികളുടെ ഗതികേട്. വിജയൻ എന്നതിന്റെ വിപരീതപദമാണ് അദ്ദേഹത്തിന്റെ പേരിനു ചേരുന്നതെന്നും സുരേന്ദ്രൻ പരിഹസിക്കുന്നു.

 

സെൻ കുമാറിനെ ഡിജിപി സ്ഥാനത്തു പുനഃസ്ഥാപിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി 12 ദിവസം മുമ്പാണു പുറപ്പെടുവിച്ചത്. ജൂൺ 30നു സർവീസ് തീരുമന്ന സെൻകുമാറിന്റെ നിയമനകാര്യത്തിൽ സർക്കാർ ഉരുണ്ടു കളിക്കുകയായിരുന്നു. ഇതിനിടെയാണ് സുപ്രീംകോടതിയിൽനിന്ന് ശക്തമായ അടി സർക്കാരിനു ലഭിച്ചത്.

സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കാൻ ഉത്തരവിട്ട ജസ്റ്റിസ് മദൻ ബി.ലോക്കൂർ അധ്യക്ഷനായ ബെഞ്ച് തന്നെയാണ് ഇന്ന് ഹർജികൾ പരിഗണിച്ചത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവിറക്കുന്നതിന് പ്രധാന തടസ്സമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നുമായിരുന്നു സെൻകുമാറിന്റെ ആവശ്യം. പൊലീസ് മേധാവിയായി നിയമിക്കാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെയും സെൻകുമാർ ചോദ്യം ചെയ്യുന്നു.