ബിജെപിയുടെ ജനറൽ സെക്രട്ടറിയും ഏറ്റവും ജനകീയനായ കേരള നേതാവുമായ കെ. സുരേന്ദ്രൻ 23 ദിവസത്തിന് ശേഷം ജയിലിൽ നിന്നും പുറത്തിറങ്ങിയിരിക്കുകയാണ്. സുരേന്ദ്രനെ ഇത്രനാൾ ജയിലിൽ പിടിച്ചിട്ടത് ശബരിമല സന്നിധാനത്തിന് സമീപത്ത് വച്ച് ഒരു വീട്ടമ്മയെ വധിക്കാൻ ശ്രമിച്ച കേസിലാണ്. എന്ന് വച്ചാൽ സുരേന്ദ്രൻ ഒരു കൊലപാതക മനസുള്ള ക്രിമിനിൽ മനസുള്ള, ഒരു വീട്ടമ്മയെ ക്രൂരമായി കൊല്ലാൻ ശ്രമിച്ച ഒരു പൊതുപ്രവർത്തകനാണ് എന്ന് അർത്ഥം. മറ്റ് കുറ്റങ്ങളൊക്കെ സുരേന്ദ്രന്റെ പുറത്ത് ചാർത്തിയിരിക്കുന്നത് അദ്ദേഹത്തിന്റെ ജനാധിപത്യ പൊതു പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്.

ജാമ്യം ലഭിക്കാൻ സുരേന്ദ്രന് തടസമായി നിന്നതും ഒരു കൊലപാതക ശ്രമ കേസിലെ പ്രതിയായതുകൊണ്ടാണ്. ഒടുവിൽ കൊല്ലപ്പെടാൻ ഇടയുണ്ടായിരുന്ന വീട്ടമ്മയുടെ പരുക്ക് വരെ പരിശോധിച്ച ശേഷം അത്ര ഗുരുതരമല്ല എന്ന് കോടതി കണ്ടെത്തുകയും അദ്ദേഹത്തിന് ജാമ്യമനുവദിക്കുകയും ചെയ്തു. രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം, പാസ്‌പോർട്ട് കൊടുക്കണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളും ഉണ്ട്. ഇത്രയും ഞാൻ പറഞ്ഞത് നിയമത്തിന് മുൻപിലെ ഭാഷ്യമാണ്. എന്നാൽ സുരേന്ദ്രനെ അറിയാവുന്ന എല്ലാവർക്കും പ്രത്യേകിച്ച് സിപിഎം പ്രവർത്തകർക്ക് അറിയാം സുരേന്ദ്രൻ ഒരു ക്രിമിനൽ അല്ലെന്നും അദ്ദേഹം ആരേയും വധിക്കാൻ ശ്രമിച്ചിട്ടില്ല എന്നും.

എന്നിട്ടും നമ്മുടെ പൊലീസും പ്രോസിക്യൂഷനും കോടതിയും പറയുന്നു സുരേന്ദ്രൻ ഒരു കൊലപാതക കേസിലെ പ്രതിയാണ് എന്ന്. അല്ലെങ്കിൽ വധശ്രമ കേസിലെ പ്രതിയാണ് എന്ന്. ഇത് നമ്മുടെ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. സുരേന്ദ്രന്റെ ശത്രുക്കളായ സിപിഎമ്മുകാർ പോലും പറയും ശബരിമലയിൽ വർഗീയ വിദ്വേഷം കത്തിക്കാൻ ശ്രമിച്ചു ശബരിമലയിൽ മുതലെടുപ്പിന് ശ്രമിച്ചു ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സുരേന്ദ്രന് മേൽ ചുമത്തിയിരിക്കുന്നത് എന്ന്. അതിലവർ വിശ്വസിക്കുന്നു അത് ശരിയാണ് എന്ന് കരുതുന്നു.

എന്നാൽ സുരേന്ദ്രന് ജാമ്യം ലഭിക്കാതിരുന്നത് ഈ കുറ്റങ്ങൾ കൊണ്ടോന്നുമല്ല. വധശ്രമക്കേസിലെ പ്രതിയായതുകൊണ്ട് മാത്രമാണ്.ഇത് എത്ര നീചവും നിഷ്ഠൂരവുമായ ജനാധിപത്യ വ്യഭിചാരമാണ് എന്നോർക്കുക. നമ്മുടെ നിയമം എഴുതിവച്ചിരിക്കുന്നത് ഈ രാജ്യത്തെ ഓരോ പൗരന്റെയും സ്വത്തും അവന്റെ ജീവനും സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. അവന്റെ സ്വത്തിനും ജീവനും ഭീഷണി ഉയർത്തുന്നവരെ ജയിലിലടയ്ക്കുന്നതിന് വേണ്ടിയാണ് നിയമവും കോടതിയും ജയിലും. അവിടെ ഒരു പൊതു പ്രവർത്തകൻ താൻ പരസ്യമായി പ്രഖ്യാപിച്ച നിലപാടിന്റെ പേരിൽ 23 ദിവസം വ്യാജ ആരോപണത്തിന് പുറത്ത് ജയിലിലാവുക എന്നത് സുരേന്ദ്രന്റെ 23 ദിവസം നഷ്ടപ്പെട്ടതിന്റെ പേരിൽ മാത്രമല്ല നമ്മുടെ നിയമവും ജനാധിപത്യവും ഭരണകൂടവും എത്രമാത്രം അധ:പതിച്ചിരിക്കുന്നു എന്നതിനും ഉദാഹരണമായാണ്.

സുരേന്ദ്രനെ ജയിലിലടച്ചത് വധശ്രമക്കേസിലാണ് എന്ന് തിരിച്ചറിയാൻ പോലും നമ്മളെ പോലുള്ള സാധാരണക്കാർക്ക് കഴിയുന്നില്ല. നിയമത്തിന് മുന്നിൽ ഒരാളെ വധിക്കാൻ ശ്രമിച്ചു എന്ന് വന്നാൽ ഒരാളെ വധിക്കുക എന്ന ഉദ്ദേശത്തോടു കൂടി അതിന് ശ്രമിച്ചു എന്ന് തന്നെയാണ്.