തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് കോടതി പറഞ്ഞ ഉന്നതന്റെ പേര് സംബന്ധിച്ച പരാമർശത്തിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോടതി പറഞ്ഞ ഉന്നതൻ ഭഗവാന്റെ പേരുള്ള ഒരാളാണെന്ന് നേരത്തേ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇത് സബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ വിനു. വി ജോണിന്റെ ചോദ്യത്തിനായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.

ദൈവത്തിന്റെ പേരുള്ളയാളാണെന്നൊക്കെ സുരേന്ദ്രൻ പറയുന്നത് കേട്ടു. എന്തായാലും ഇത് മൊഴി കൊടുത്ത ആളിനോ മൊഴി രേഖപ്പെടുത്തിയ ആളുകൾക്കോ കോടതിയ്‌ക്കോ അല്ലാതെ മറ്റാർക്കും അറിയാൻ കഴിയാത്ത കാര്യങ്ങളാണ്. മജിസ്‌ട്രേറ്റിന്റെ മുന്നിൽ മുദ്രവെച്ച കവറിൽ കൊടുത്ത കാര്യങ്ങളാണ്. അതിലെ കാര്യങ്ങൾ എങ്ങനെയാണ് സുരേന്ദ്രൻ അറിയുന്നതും ദൈവത്തിന്റെ പേരാണെന്നുമൊക്കെ പരസ്യമായി അവകാശപ്പെടുന്നതും എന്നായിരുന്നു വിനുവിന്റെ ചോദ്യം.

എന്നാൽ ഇന്ത്യയിലെ എല്ലാവരുടേയും പേര് ദൈവത്തിന്റെ പര്യായം തന്നെയാണല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. ‘അതാണ് ഞാൻ പറഞ്ഞത്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നതെന്ന് ബഹുമാനപ്പെട്ട കോടതി തന്നെയാണ് പറഞ്ഞിരിക്കുന്നത്', സുരേന്ദ്രൻ പറഞ്ഞു. ഉന്നതനെക്കുറിച്ച് സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളെ ഇപ്പോഴും പറയുന്നുള്ളൂ എന്ന് വിനു ചോദിച്ചപ്പോൾ കോടതിയിലുള്ള കാര്യങ്ങൾ ഞാനായിട്ട് പറയേണ്ടതില്ലല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ വിശദീകരണം.

നയതന്ത്രപാഴ്സൽ വഴിയുള്ള സ്വർണക്കടത്തിനും ഡോളർ കടത്തിനും പിന്നിൽ പ്രവർത്തിച്ചത് വമ്പൻ സ്രാവുകളാണെന്ന് കഴിഞ്ഞ ആഴ്ച കോടതി പറഞ്ഞിരുന്നു. പ്രതികൾ വെളിപ്പെടുത്തിയ പേരുകൾ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇവ ഈ ഘട്ടത്തിൽ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി പറഞ്ഞത്. എന്നാൽ ഇതിന് പിന്നാലെ കേസിൽ ഒരു ഉന്നതന് മാത്രമാണ് പങ്കുള്ളത് എന്ന് കരുതുന്നില്ല, നാലോ അഞ്ചോ പേർ പ്രധാനികളായി ഉണ്ടെന്നാണ് തന്റെ നിരീക്ഷണമെന്നും കെ സുരേന്ദ്രൻ വാർത്താമ്മേളനത്തിൽ പറഞ്ഞിരുന്നു.