തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രിയായാൽ ആദ്യം നടപ്പാക്കുക രണ്ടാം ഭൂപരിഷ്‌കരണമായിരിക്കുമെന്ന് കെ സുരേന്ദ്രൻ. ഹെക്ടർ കണക്കിന് ഭൂമി രേഖകൾ ഇല്ലാതെ അന്യാധീനപ്പെട്ട് കിടക്കുമ്പോഴാണ് നിരവധി പേർ ഒരു സെന്റ് ഭൂമി പോലുമില്ലാതെ ദുരിതമനുഭവിക്കുന്നത്.ഒന്നാം ഭൂപരിഷ്‌കരണത്തിന്റെ ഗുണം ആർക്ക് ലഭിച്ചു എന്നതും ചിന്തിക്കേണ്ട വിഷയമാണ്.മറുനാടൻ മലയാളി ഷൂട്ട് അറ്റ് സൈറ്റിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ തന്റെ പ്രതീക്ഷകളും കാഴ്‌ച്ചപ്പാടുകളും വിശദീകരിച്ചത്.

പാർശ്വവൽക്കരിക്കപ്പെട്ട ഒരുപാട് ജനവിഭാഗങ്ങൾ ഇന്നും കേരളത്തിലുണ്ട്. അവർക്കായി ഒരു കമ്മീഷനാവും മറ്റൊരുലക്ഷ്യം.കേന്ദ്രഗവൺമെന്റിന്റെ പദ്ധതികൾ എല്ലാം സുതാര്യമായി ജനങ്ങളിൽ എത്തിക്കുകയാണ് മറ്റൊരു ലക്ഷ്യം. നിലവിൽ സംസ്ഥാന സർക്കാർ ഇത്തരം പദ്ധതികളെ അട്ടിമറിക്കുകയാണ്.വികസന കാഴ്‌ച്ചപ്പാടുകളിലും മാറ്റം വരേണ്ടതുണ്ട്.

കേരളത്തിൽ അവസരം ഇല്ലാത്തതുകൊണ്ട് മലയാളികൾ ഇപ്പോൾ പുറത്ത് ഇൻവസ്റ്റ് ചെയ്യുന്നതിന്റെ നാലിലൊന്ന് മതി കേരളത്തിന്റെ വികസന രീതികൾ തന്നെ മാറാൻ. അപ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രിയായൽ എന്തൊക്കെയാണ് കാഴ്‌ച്ചപ്പാടുകൾ എന്ന ചോദ്യത്തിനോടായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

കർഷക സമരത്തെക്കുറിച്ചുള്ള മറുപടി ഇങ്ങനെ; കർഷക ബില്ലിനെ എതിർക്കുന്ന കേരളത്തിലെ എംപി മാർ എന്തുകൊണ്ട് മണ്ഡി സമ്പ്രദായം കേരളത്തിൽ വേണമെന്ന് പറയുന്നില്ല. മണ്ഡി സമ്പ്രദായം അത്ര നല്ലതാണെങ്കിൽ കേരളത്തിൽ അത് നടപ്പാക്കുകയല്ലേ വേണ്ടത്. അതുകൊണ്ട് തന്നെ രാജ്യത്തിന് പുറത്ത് കൃത്യമായി പ്ലാൻ ചെയ്ത് മോദിക്കെതിരെ അടിക്കാനുള്ള ഒരു വടിയായി മാത്രം ഉപയോഗിക്കുയാണ്  സമരത്തെ. കർഷക സമരത്തിനെത്തുന്ന കർഷകരെ മൊബിലൈസ് ചെയ്തുകൊണ്ടുവരുന്നതാണ്. പണംകൊടുത്ത് കുറച്ച് പേരെ കൊണ്ടുവന്ന് നടത്തുന്ന അഭ്യാസ പ്രകടനമാണ് ഇതൊക്കെത്തന്നെയും.

ഈ രീതിയിൽ തന്നെ ചേർത്ത് വായിക്കേണ്ടതാണ് കാശ്മീർ വിഷയവും സിഎഎയും. കാശ്മീരിലെ എംപി തന്നെ ഒടുവിൽ തുറന്നു സമ്മതിച്ചിരിക്കുന്നു കാശ്മീരിൽ ആദ്യമായി വികസനം വന്നിരിക്കുന്നു എന്ന്. മോദിയാണ് കാരണക്കാരൻ എന്നും.സിഎഎക്കെതിരെ നടന്ന സമരവും ഇതേപോലെയാണ്. സിഎഎ എന്താണെന്ന് അറിയുന്നതിന് മുന്നെയായിരുന്നു സമരം. പക്ഷെ നിയമം നടപ്പാക്കിയാൽ ഒരു മുസ്ലീമിനും ഈ രാജ്യം വിട്ടുപോവേണ്ടി വരില്ല.വസ്തുതയും പ്രചരണവും തമ്മിൽ അന്തരമുണ്ട്.അത്തരം കുപ്രചരണങ്ങൾ നടക്കുന്നത് കേരളത്തിലാണ് എന്നതാണ് മറ്റൊരു സത്യമെന്നും അദ്ദേഹം പറഞ്ഞു.

 

കോവിഡ് പ്രതിരോധത്തിന്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്നത് കള്ളക്കളികളാണെന്ന് കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കെ സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ മൂന്നുമാസക്കലമായി കേന്ദ്രം പിസിആർ ടെസ്റ്റ് നടപ്പാക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ കേരളത്തിൽ ഇപ്പോഴും ആന്റിജൻ ടെസ്റ്റാണ് നടപ്പാക്കുന്നത്. പണമില്ലാത്തതുകൊണ്ടല്ല ഇതൊന്നും. കാരണം കോവിഡ് പ്രതിരോധത്തിന് വേണ്ട പണം സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്നുണ്ട്.ഇതിന് പുറമെയാണ് വാക്‌സിനേഷൻ പണം നൽകുന്നത്. അല്ലെങ്കിൽ ടീച്ചർ തുറന്നു പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു.കോവിഡ് കാര്യത്തിൽ സംസ്ഥാന സമ്പൂർണ്ണ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കിഫ്ബിയും ഇതേ പോലെയാണ്. ഒന്നിനെക്കുറിച്ചും ധനകാര്യമന്ത്രിക്ക് വ്യക്തമായ ഉത്തരമില്ല.കേരളത്തിനെപ്പോലെ ധനകാര്യ വകുപ്പ് പരാജയപ്പെട്ട ഒരു സംസ്ഥാനം ഉണ്ടോ എന്ന് സംശയമാണ്.കേരളത്തിൽ അധികാരമേറ്റപ്പോൾ നികുതി പിരിവുകൾ ഊർജ്ജിതമാക്കും എന്നാണ് പറഞ്ഞത്. എന്നാൽ ഇപ്പോഴും വൈദ്യുതി ഉൾപ്പടെ പിരിച്ചെടുക്കാനുള്ള കുടിശ്ശിക നിരവധിയാണ്. ലോട്ടറിയും മദ്യവും പെട്രോളും അല്ലാതെ മറ്റെന്താണ് കേരളത്തിന്റെ വരുമാനമാർഗ്ഗമെന്നും അദ്ദേഹം ചോദിച്ചു.

പെട്രോൾ വിലയിലെ സംസ്ഥാനത്തിന്റെ കൊള്ള അറിയണമെങ്കിൽ ഇനി മുതൽ പമ്പുകളിൽ രണ്ട് ബോർഡുകൾ വെക്കണം. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും.എന്നാൽ ഇതിന് മാറ്റം വരുമെന്നായിരുന്നു പെട്രോൾ വില വർധനവിനെക്കുറിച്ചുള്ള ചോദ്യത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചത്.

ബിജെപിയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ ഭാവിയെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ കാഴ്‌ച്ചപ്പാടുണ്ട്.രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുഖം മാറ്റിയ ആറുമാസങ്ങളാണ് ഇപ്പോൾ കടന്നുപോയത്. നേരിട്ട് ഇടപെടാതെ എങ്ങിനെ ജനങ്ങളെ സേവിക്കാം എന്നതുകൂടി ഈ കാലയളവിൽ വ്യക്തമായി.ഒരു തരത്തിൽ ഇത് ഗുണകരമാണ് അദ്ദേഹം പറഞ്ഞു.

അതുപോലെ പാർ്ട്ടിയെക്കുറിച്ചും ഗ്രൂപ്പിസത്തെക്കുറിച്ചും വരുന്ന വാർത്തകൾ മാധ്യമ സൃഷ്ടിയാണ്.പാർട്ടി പുനഃസംഘടനയിലുൾപ്പടെ തികച്ചും ജനാധിപത്യ രീതിയിലാണ് താൻ പ്രവർത്തിക്കുന്നത്. അതിനുവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല.ബാക്കിയൊക്കെ പ്രചരണം മാത്രമാണ്. ശോഭാസുരേന്ദ്രന്റെതൊക്കെ ഇത്തരത്തിൽ മാധ്യമങ്ങൽ ഉണ്ടാക്കിയ സൃഷ്ടിയാണെന്നും ബിജെപി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.