- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴക്കൂട്ടത്തെ സ്ഥാനാർത്ഥി നിർണയത്തിലോ പ്രചാരണത്തിലോ ആശയക്കുഴപ്പം ഉണ്ടായിട്ടില്ല; എല്ലാം മാധ്യമ സൃഷ്ടിയെന്നും കെ സുരേന്ദ്രൻ; പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ശോഭാ സുരേന്ദ്രനൊപ്പം വോട്ട് തേടി മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്റെ റോഡ് ഷോ; നേതാക്കളുടെ വരവ് ഗുണം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനും
കഴക്കൂട്ടം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴക്കൂട്ടം മണ്ഡലത്തിൽ. ശോഭാ സുരേന്ദ്ര് ഒപ്പം മണ്ഡലത്തിലൂടെ റോഡ് ഷോയിലും കെ സുരേന്ദ്രൻ പങ്കെടുത്തു. ശോഭാ സുരേന്ദ്രന്റെ വരവോടെ മണ്ഡലത്തിലെ എൻഡിഎ ക്യാമ്പിൽ വലിയ ഉണർവ് ഉണ്ടായെന്നും കൂടുതൽ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശോഭാ സുരേന്ദ്രന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ തുടക്കത്തിലെ അനിശ്ചിതങ്ങൾക്ക് വിരാമമിട്ട് പ്രചാരണത്തിൽ മുന്നേറുന്ന ബിജെപിക്ക് മണ്ഡലത്തിൽ ഉണർവേകുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രചാരണം.
മഞ്ചേശ്വരത്തും കോന്നിയിലും ബിജെപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രൻ മത്സര രംഗത്ത് ഉണ്ട് . തിരക്കിട്ട പ്രചാരണ പരിപാടികൾക്കിടക്കാണ് കഴക്കൂട്ടത്തും എത്തിയത്. കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലോ പ്രചാരണത്തിലോ ഒരു ആശയക്കുഴപ്പവും ഉണ്ടായിട്ടില്ല. എല്ലാം മാധ്യമ സൃഷ്ടിയാണെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. നേതാക്കളുടെ വരവ് ഗുണം ചെയ്യുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
എൽഡിഎഫ്, യുഡിഎഫ് എന്ന പാറ്റേൺ ഇക്കുറി മാറും. 35 ലധികം സീറ്റുകളിൽ ശക്തമായ ത്രികോണമത്സരം നടക്കുകയാണ്. രണ്ടു മുന്നണികളും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വർഗീയവികാരം ആളിക്കത്തിക്കുന്നു. അതിനാൽ ഇടതുവലത് മുന്നണികൾക്ക് ജനപിന്തുണ കുറയുകയാണ്. ശബരിമല വിശ്വാസസംരക്ഷണത്തിന് എൽഡിഎഫും യുഡിഎഫും എതിരാണ്. ശബരിമല യുവതീപ്രവേശത്തിൽ മാപ്പുപറഞ്ഞ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം എന്തു നടപടി സ്വീകരിക്കും
രാഹുൽഗാന്ധി പത്തനംതിട്ട ജില്ലയിൽ പ്രചാരണത്തിനെത്തിയെങ്കിലും ശബരിമലയിലെ ആചാരലംഘനത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല. യുവതീപ്രവേശത്തെ എതിർത്ത് ബിജെപി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയപ്പോൾ ഗ്യാലറിയിലിരുന്ന് കളികണ്ട കോൺഗ്രസ് നേതാക്കൾ അതിനെ അക്രമമെന്ന് വ്യാഖ്യാനിക്കുകയായിരുന്നു. കോൺഗ്രസിന്റെ ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും.
പിണറായി വിജയനെതിരെ ധർമടത്ത് കോൺഗ്രസിന് മികച്ച സ്ഥാനാർത്ഥി പോലുമില്ല. പ്രമുഖന്മാർ മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ്-സിപിഎം പരസ്പരധാരണ കാണാനാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഭീകര പ്രവർത്തനമായ ലൗ ജിഹാദിനെ കുറിച്ച് ക്രിസ്ത്യൻസഭകൾക്കുള്ള ആശങ്ക പങ്കുവച്ച കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണിയെ പിണറായിയും കാനവും ചേർന്ന് ഭീഷണിപ്പെടുത്തി വായടപ്പിച്ചെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. ലൗ ജിഹാദിനെ കുറിച്ചുള്ള ആശങ്ക ബിജെപിയോ ഹിന്ദുഐക്യവേദിയോ മാത്രമല്ല ക്രിസ്ത്യൻസഭകളും ശക്തമായി ഉന്നയിച്ചതാണ്. പ്രണയത്തിന്റെ മറവിൽ പെൺകുട്ടികളെ സിറിയയിലേക്ക് കടത്തിയെന്നത് യാഥാർഥ്യമാണ്.
ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയക്കുരുക്കിൽ പ്പെടുത്തി മതംമാറ്റി ചാക്കുടുപ്പിക്കുന്നതെന്തിനാണ് ഇങ്ങനെ ചാക്കുടുപ്പിച്ച് പെൺകുട്ടികളെ ആടു മെയ്‌ക്കാൻ വിട്ടത് കേരളം മുഴുവൻ കണ്ടതല്ലേ. ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് പിണറായി സർക്കാർ എന്താണ് മറച്ചുവയ്ക്കുന്നത് ജസ്‌നയ്ക്ക് എന്തു സംഭവിച്ചുവെന്ന് തുറന്നു പറയണം. ആ പെൺകുട്ടി ഇപ്പോൾ എവിടെയാണെന്ന് അറിയാൻ കേരളം കാത്തിരിക്കുന്നു. ആ കേസ് അന്വേഷിച്ച എസ്‌പി ജോലിയിൽ നിന്ന് വിരമിക്കും മുമ്പ് സർക്കാരിന് നൽകിയ റിപ്പോർട്ട് വെളിപ്പെടുത്തണം.
തുർക്കിയിലെ ഹാഗിയ സോഫിയ പള്ളി തകർത്തത് മദ്യക്കച്ചവടക്കാരാണെന്നാണ് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞത്. പൊതുവെ സാത്വികനാണെന്ന് പറയപ്പെടുന്ന പാണക്കാട് തങ്ങളും ഇതിനെ ന്യായീകരിച്ച് രംഗത്തെത്തി. ഈ രണ്ടു വിഷയങ്ങളിലും രണ്ടു മുന്നണികളും നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണക്കടത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും സാമ്പത്തിക അഴിമതി മാത്രമല്ല നടത്തിയത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിദേശത്ത് വ്യവസായം തുടങ്ങാൻ ഇവിടെ നിന്നു നിയമസഭയുടെ ചിഹ്നവും സൗകര്യങ്ങളും ഉപയോഗിച്ച് പണം കടത്തി. പ്രചാരണത്തിന്റെ അവസാനലാപ്പിൽ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ നേമത്തെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ നടക്കുകയാണ്. ത്രിപുരയിലും ബംഗാളിലും സിപിഎമ്മിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തത് ബിജെപിയാണ്. പിണറായിയിൽ തുടങ്ങി പിണറായിയിൽ തന്നെ അവസാനിക്കാനുള്ള യോഗമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെന്നും സുരേന്ദ്രൻ പറഞ്ഞു.
തപാൽ വോട്ടുകൾ വ്യാപകമായി അട്ടിമറിക്കുകയാണ്. ബിഎൽഒ ഇടതുപക്ഷത്തിന്റെ ജാഥയിൽ പങ്കെടുക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. മറ്റു പാർട്ടിക്കാരെ അറിയിക്കാതെ സിപിഎം നേതാക്കളെയും കൊണ്ടാണ് ബിഎൽഒ തപാൽ വോട്ടുകൾ ചെയ്യിക്കാൻ പോകുന്നത്. ഈ വോട്ടുകൾ ശേഖരിച്ചശേഷം യഥാസ്ഥാനത്ത് എത്തുമെന്ന് യാതൊരു ഉറപ്പും ഇല്ല. കോന്നിയിൽ കിറ്റുമായാണ് സിപിഎം നേതാക്കൾ തപാൽവോട്ടു ചെയ്യിക്കാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പോയതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
തപാൽവോട്ടിൽ കള്ളക്കളി നടന്നുതുകൊണ്ടാണ് തിരുവനന്തപുരം നഗരസഭയിലെ നിരവധി വാർഡുകൾ ബിജെപിക്ക് നഷ്ടപ്പെട്ടത്. ഒരു വോട്ടിന് തോറ്റ കവടിയാറിൽ ബിജെപിക്ക് 14 തപാൽവോട്ടുകൾ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ ആ വോട്ടുകളൊന്നും തന്നെ എത്തേണ്ടിടത്ത് എത്തിയില്ല. അതിനാൽ തന്നെ തപാൽ വോട്ടിന്റെ കാര്യത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ