- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ഉറപ്പായും പിടിക്കും; കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് കോർപറേഷനുകളിലും നിർണായക മുന്നേറ്റമുണ്ടാകും; നിരവധി മുനിസിപ്പാലിറ്റികളുടെ ഭരണം എൻഡിഎക്ക് കിട്ടും; 100 പഞ്ചായത്തിൽ ബിജെപി വലിയ ഒറ്റകക്ഷിയാകും; തെരഞ്ഞെടുപ്പു പൂർത്തിയായതോടെ അവകാശവാദവുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ അവകാശവാദവുമായി രാഷ്ട്രീയപാർട്ടി നേതാക്കൾ രംഗത്തെത്തി. ബിജെപിയാണ് ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കുക എന്നാണ് അഭിപ്രായപ്പെടുന്നത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും ഇക്കാര്യം വ്യക്തമാക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎ മുന്നണിയും വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ് കെ സുരേന്ദ്രൻ അഭിപ്രായപ്പെടുന്നത്.എൻഡിഎയ്ക്ക് ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടി സീറ്റ് വർധിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
തിരുവനന്തപുരം കോർപറേഷന്റെ ഭരണം ബിജെപി പിടിക്കും. സംസ്ഥാനത്ത് 100 പഞ്ചായത്തുകളിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. കണ്ണൂർ കോർപറേഷനിൽ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം കോർപറേഷന്റെ ഭരണം ഉറപ്പായും നേടാനാകുമെന്നാണ് സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് ഈ നാല് കോർപറേഷനുകളിലും നിർണായക മുന്നേറ്റമുണ്ടാകും. നിരവധി മുനിസിപ്പാലിറ്റികളുടെ ഭരണം എൻഡിഎയ്ക്ക് കിട്ടും.
യുഡിഎഫിനും എൽഡിഎഫിനും മുൻപ് ലഭിച്ചതിനേക്കാൾ സീറ്റുകൾ കുറയും. എൻഡിഎയ്ക്ക് നൂറിലധികം പഞ്ചായത്തുകളിൽ ഭരണത്തിലേക്ക് എത്താനുള്ള സാന്നിധ്യമുണ്ടാകും. ചുരുങ്ങിയത് അവിടങ്ങളിലെ വലിയ ഒറ്റകക്ഷിയായുകയെങ്കിലും ചെയ്യും. തിരുവനന്തപുരത്ത് ബിജെപിയെ പരാജയപ്പെടുത്താൻ യുഡിഎഫ്-എൽഡിഎഫ് ധാരണയുണ്ടായിരുന്നെന്നും സുരേന്ദ്രൻ ആരോപിച്ചു.
സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ 8000 സീറ്റിൽ വിജയിക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. 194 പഞ്ചായത്തുകളും 24 മുനിസിപ്പാലിറ്റികളും നേടുമെന്നും കേന്ദ്രത്തിന് നൽകിയ കണക്കിൽ പറയുന്നുണ്ട്. എന്നാൽ ഇതിൽ ദേശീയ നേതൃത്വം വലിയ വിശ്വാസമർപ്പിച്ചിട്ടില്ല. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റ് നേടുമെന്ന അവകാശവാദം പോലെയാണ് ഈ അവകാശവാദത്തേയും ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്.
മറുനാടന് മലയാളി ബ്യൂറോ