കൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ വിജയിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ സമർപ്പിച്ച തെരെഞ്ഞെടുപ്പ് ഹർജ്ജി സുപ്രധാന ഘട്ടത്തിൽ. പ്രവാസികൾ ഉൾപ്പടെ ഇനി എഴുപത്തിയെട്ടുപേരെയാണ് ഇനി ഹൈക്കോടതി വാദിക്കേണ്ടത്.

ഹാജരാകാനുള്ള സമൻസ് കൈപ്പറ്റാതിരുന്ന മൂന്ന് പേർക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരെ പൊലീസ് നാളെ(വ്യാഴം) കസ്റ്റഡിയിലെടുത്ത് ഹൈക്കോടതിയിൽ ഹാജരാക്കും. വിവിധ രാജ്യങ്ങളിലുള്ള 29 പ്രവാസികളെ കോടതിയിലെത്തിക്കാനുള്ള ചെലവ് പരാതിക്കാരൻ വഹിക്കേണ്ടിവരുമല്ലോയെന്ന് കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കിൽ കോടതി പറയുന്നതുക കെട്ടിവെയ്ക്കാൻ തയ്യാറാണെന്ന് സുരേന്ദ്രന്റെ അഭിഭാഷകൻ അഡ്വ കൃഷ്ണദാസ് കോടതിയെ അറിയിച്ചു.

എന്നാൽ വിദേശത്തുള്ളവരുടെ പാസ്പോർട്ട് വിവരങ്ങൾ ലഭിക്കാതിരിക്കുന്ന സാഹചര്യത്തിൽ, വിജയിച്ച സ്ഥാനാർത്ഥിയുടെ അഭിഭാഷകൻ മുഖേന ഈ വിവരങ്ങൾ എടുത്ത് നൽകണമെന്ന് സുരേന്ദ്രന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇവർ തെരെഞ്ഞെടുപ്പ് ദിവസം വിദേശത്ത് ആയിരുന്നോ എന്ന് വ്യക്തമാകാത്തെ സാഹചര്യത്തിൽ മാത്രമാകും ഇവരുടെ ചെലവ് വഹിച്ച് നാട്ടിലെത്തിക്കുക. വിദേശത്ത് ഉള്ളവരുടെ കൃത്യമായ പാസ്പോർട്ട് വിവരങ്ങൾ നൽകാൻ കഴിയാത്തതിനാൽ എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന് ഇവർ തിരെഞ്ഞെടുപ്പ് നടക്കുന്ന ദിവസം കേരളത്തിൽ ഉണ്ടോയെന്ന് പരിശോധിക്കുക അപ്രാപ്യമാണ്.

എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെരെഞ്ഞെടുപ്പ് നടക്കുന്ന ദിവസം 27 പേർ നാട്ടിലില്ലായിരുന്നു എന്ന് എമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ആകെ 211 പേരുടെ എമിഗ്രേഷൻ വിശദാംശങ്ങൾ തേടിക്കൊണ്ടായിരുന്നു അപേക്ഷ നൽകിയത്. ഇവരും കോടതിയിൽ ഇതുവരെ ഹാജരാകുകയോ, സമൻസ് കൈപ്പറ്റുകയോ ചെയ്തിട്ടില്ല. വ്യാഴാഴ്ച ഹാജരാകണെന്ന് ഹൈക്കോടതി വാറന്റ് അയച്ചതും വിദേശത്ത് ഉള്ളവരും ഒഴികെ 46 പേർ ഇനിയും സമൻസ് കൈപ്പറ്റാനുണ്ട്. വോട്ടേഴ്സ് ലിസ്റ്റിലുള്ള വിലാസത്തിൽ ഇവർ ഇപ്പോൾ താമസമില്ലാത്തതും, ഈ വിലാസത്തിന് സമീപമുള്ളവർ, ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകാത്തതുമാണ് ഇപ്പോൾ സമൻസ് നൽകുന്നതിന് തടസ്സമായിരിക്കുന്നത്.

ഇതുവരെ വിസ്തരിച്ച 181 പേരിൽ, മുപ്പത്തി രണ്ടുപേർ തെരെഞ്ഞെടുപ്പ് നടക്കുന്ന സമയം വോട്ടർപട്ടികയിലുള്ള വിലാസത്തിൽ താമസിക്കുന്നില്ലായിരുന്നു എന്ന് കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. 52 പേർ പോളിങ് ബൂത്തിൽ ഇട്ട് നൽകിയ ഒപ്പും, കോടതി ശേഖരിച്ച ഒപ്പും തമ്മിൽ വിത്യാസമുണ്ടെന്ന് കണ്ടെത്തി. മരിച്ച ഒരാളുടെ വോട്ട് മറ്റാരോ ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. ഇയാളുടെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു.

ഇതനുസരിച്ച് 85 പേരുടെ വോട്ടുകൾ കൃതൃമമായി ചെയ്തതാണെന്ന് ഇതിനകം തന്നെ കോടതിയെ ബോധ്യപ്പെടുത്താൻ കെ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്. 89 വോട്ടിലധികം കൃത്യമമായി ചെയ്തതാണെന്ന തെളിയുന്ന മുറയ്ക്ക് പിബി അബ്ദുൾ റസാഖിനെ അയോഗ്യനാക്കുകയോ, വീണ്ടും തെരെഞ്ഞെടുപ്പ് നടത്താനോ ഉള്ള സാധ്യതയാണ് ഉള്ളത്. ഹൈക്കോടതി വിധി വരുന്നതോടെ ഇത് സംബന്ധിച്ച അന്തിമ തീരുമാനം തെരെഞ്ഞെടുപ്പ് കമ്മീഷന്റേതാവും.

അതേസമയം, 29 പേർക്ക് നാട്ടിലെത്താനുള്ള ചെലവ് മുൻകൂറായി കോടതിയിൽ കെട്ടിവെയ്ക്കേണ്ടി വന്നാൽ അതിന് തയ്യാറാണെന്നാണ് കെ സുരേന്ദ്രന്റെ അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതിനായി പതിനഞ്ച് ലക്ഷം മുതൽ പതിനേഴ് ലക്ഷം വരെ ചെലവ് വരുമെന്നാണ് സുരേന്ദ്രൻ കണക്കാക്കുന്നത്. ഇതിനായി കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും സൂചനയുണ്ട്.

181 പേർക്ക് ഹൈക്കോടതിയിൽ എത്തുന്ന ചെലവിലേക്കായി, ഇതുവരെ സുരേന്ദ്രൻ ഒരു ലക്ഷത്തി അറുപത്തി ഒന്നായിരം രൂപ കോടതിൽ കെട്ടിവെച്ചതായാണ് വിവരം.