തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കുറിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇടതുമുന്നണിയും സർക്കാരും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇടതു മുന്നണിയിൽ രണ്ട് ഘടകകക്ഷികൾ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് ഒരു ഘടകകക്ഷി പറയുമ്പോൾ വിധിക്കെതിരെ അപ്പിൽ പോകുമെന്നാണ് മറ്റൊരു ഘടകകക്ഷി പറയുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം. മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കാക്കി തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുന്നവർക്ക് ഇത്തരം വിധി തലവേദനയാണ്. കോൺഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റെയും അഭിപ്രായം അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ട്. കോടതിവിധിക്കെതിരെ മുസ്ലിംലീഗ് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞത് യുഡിഎഫ് അംഗീകരിക്കുന്നുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.