തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനപ്രശ്‌നം സുപ്രീംകോടതിവിധിയോടുകൂടി ഒരു താത്വിക പ്രശ്‌നം എന്ന നിലയിൽനിന്ന് കോടിക്കണക്കിനു വരുന്ന വിശ്വാസി സമൂഹത്തെ ബാധിക്കുന്ന ഒരു വൈകാരിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. കേരളസർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് സാമൂഹ്യപരിഷ്‌കരണലക്ഷ്യം വെച്ചുള്ളതല്ലെന്നും മറിച്ച് ദുരുദ്ദേശപരമാണെന്നും വ്യക്തമാവുക കൂടിചെയ്യുമ്പോൾ പ്രശ്‌നം കൂടുതൽ വഷളാവുകയാണ്. ഫലത്തിൽ ശാന്തി തേടി ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് ഇതുവഴി അശാന്തിയാണ് ലഭിക്കുന്നത്. ബന്ധപ്പെട്ട ഒരു തലത്തിലും ആശയവിനിമയം നടത്താതെ സങ്കീർണ്ണമായ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ഒരു മുൻധാരണയുമില്ലാതെയാണ് ഇടതുസർക്കാർ ഈ പ്രശ്‌നം കൈകാര്യം ചെയ്തത്. ദേവസ്വം ബോർഡിനും സർക്കാരിനും ഇക്കാര്യത്തിൽ തികഞ്ഞ അവ്യക്തതയാണുള്ളതെന്നും കെ.സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം:

ശബരിമലയിലെ സ്ത്രീപ്രവേശനപ്രശ്‌നം സുപ്രീംകോടതിവിധിയോടുകൂടി ഒരു താത്വിക പ്രശ്‌നം എന്ന നിലയിൽനിന്ന് കോടിക്കണക്കിനു വരുന്ന വിശ്വാസി സമൂഹത്തെ ബാധിക്കുന്ന ഒരു വൈകാരിക പ്രശ്‌നമായി മാറിയിരിക്കുകയാണ്. ആചാരപരിഷ്‌കരണങ്ങളും കാലാനുസൃതമായ മാറ്റങ്ങളും നീതിന്യായകോടതികൾക്കും ഭരണകൂടങ്ങൾക്കും മാത്രമായി നിർവഹിക്കാൻ കഴിയുന്ന ഒന്നല്ലെന്നാണ് വിധിയോടുള്ള സമൂഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. നിരന്തരമായ ചർച്ചകളും ബോധവൽക്കരണവും ആവശ്യമായ സാവകാശവും ഇതിനായി വേണ്ടിവരും.

വിശ്വാസത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ അവധാനതയോടെ സമീപിക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾ തയ്യാറായില്ലെങ്കിൽ വിപരീതഫലമാണുണ്ടാവുക. കേരളസർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് സാമൂഹ്യപരിഷ്‌കരണലക്ഷ്യം വെച്ചുള്ളതല്ലെന്നും മറിച്ച് ദുരുദ്ദേശപരമാണെന്നും വ്യക്തമാവുക കൂടിചെയ്യുമ്പോൾ പ്രശ്‌നം കൂടുതൽ വഷളാവുകയാണ്. ഫലത്തിൽ ശാന്തി തേടി ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് ഇതുവഴി അശാന്തിയാണ് ലഭിക്കുന്നത്. ബന്ധപ്പെട്ട ഒരു തലത്തിലും ആശയവിനിമയം നടത്താതെ സങ്കീർണ്ണമായ ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ഒരു മുൻധാരണയുമില്ലാതെയാണ് ഇടതുസർക്കാർ ഈ പ്രശ്‌നം കൈകാര്യം ചെയ്തത്.

ദേവസ്വം ബോർഡിനും സർക്കാരിനും ഇക്കാര്യത്തിൽ തികഞ്ഞ അവ്യക്തതയാണുള്ളത്. ലിംഗസമത്വം എല്ലാ മതങ്ങൾക്കും ബാധകമാണെന്ന് എന്തുകൊണ്ടാണ് ഈ സർക്കാരിനു തോന്നാത്തത് ? ശബരിമലയെയും ഹിന്ദുസമൂഹത്തെയും തകർക്കുക എന്ന ഉദ്ദേശത്തിലാണ് സി. പി. എം സർക്കാർ മുന്നോട്ടുപോകുന്നതെങ്കിൽ അതനുവദിച്ചുകൊടുക്കാനാവില്ല. അവിശ്വാസികളും അരാജകവാദികളുമല്ല ശബരിമലയിലെ പരിഷ്‌കരണങ്ങൾക്കു മുൻകൈയെടുക്കേണ്ടത് മറിച്ച് ശബരിമല നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന ഭക്തസമൂഹത്തിന്റെ പ്രതിനിധികളാണ്.