തിരുവനന്തപുരം: സി.കെ.ജാനുവിന് കെ.സുരേന്ദ്രൻ 25 ലക്ഷം നൽകിയതിന്റെ തെളിവായി ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് ശബ്ദരേഖ പുറത്തുവിട്ടതോടെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്ക് നേരെ ഉയർത്തുന്നതെന്നും കള്ളക്കേസുണ്ടാക്കി ബിജെപിയെ വായടപ്പിക്കാമെന്ന് സർക്കാർ വിചാരിക്കേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ പ്രതികാരരാഷ്ട്രീയത്തിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ സുരേന്ദ്രന്റെ വാക്കുകൾ:

'ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ടല്ലോ. അവർ അന്വേഷിക്കട്ടെ. എന്ത് വെളിപ്പെടുത്തലാണെന്നാണ് നിങ്ങൾ ഈ പറയുന്നത്. നിങ്ങൾക്ക് വേറെ വാർത്തയൊന്നും കൊടുക്കാനില്ലേ. എന്തോ വലിയ അത്ഭുതം സംഭവിച്ചത് പോലെ. ഒരു സത്യവുമില്ലാത്തെ പ്രചാരവേലയാണ് ഇപ്പോൾ നടക്കുന്നത്. പൊലീസ് അന്വേഷിക്കുന്നുണ്ടല്ലോ. ഒരു കള്ളക്കേസുണ്ടാക്കി ബിജെപിയെ വായടപ്പിക്കാമെന്നാണ് വിചാരിക്കുന്നത്. ഈ കേസുകളെയൊന്നും ഞങ്ങൾ ഭയപ്പെടില്ല. സർക്കാരിന്റെ പ്രതികാരരാഷ്ട്രീയത്തിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.''

രാമനാട്ടുകര സംഭവത്തിൽ സിപിഐഎമ്മിന് ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.'കള്ളക്കടത്ത് സംഘവും കണ്ണൂരിലെ സിപിഐഎം ക്രിമിനൽ സംഘവും തമ്മിലുള്ള ബന്ധം പുറത്തുവന്നിട്ടുണ്ട്. നിരവധി കൊലപാതകക്കേസുകളിൽ പ്രതിയായിട്ടുള്ള സിപിഐഎം ക്രിമിനൽ സംഘവുമായിട്ട് കണ്ണൂരിലെ സംഘത്തിന് ബന്ധമുണ്ട്. ചെർപ്പളശേരിയിൽ നിന്ന് വന്നത് ഡിവൈഎഫ്ഐക്കാരും എസ്ഡിപിഐക്കാരുമാണ്. ഇതിനെല്ലാം രാഷ്ട്രീയപരിരക്ഷ ലഭിക്കുന്നുണ്ട്. നഗരസഭാ ചെയർമാൻ സംഭവം അറിഞ്ഞ ഉടൻ കോഴിക്കോടെത്തി. ചില പ്രതികൾ മുങ്ങി. പ്രധാനപ്പെട്ട രണ്ട് പേരെ ഇതുവരെ കിട്ടിയിട്ടില്ല. വ്യക്തമായ സഹായം ലഭിച്ചതുകൊണ്ടാണ് വിമാനത്താവളത്തിന്റെ സമീപത്ത് നടന്ന സംഭവമായിട്ടും പ്രതികളെ പിടിക്കാൻ കഴിയാത്തത്. രാഷ്ട്രീയസഹായം ഇവർക്ക് ലഭിക്കുന്നുണ്ട്. അപകടം നടന്നതുകൊണ്ടാണ് സംഭവം പുറത്തുവന്നത്. പൊലീസിന്റെ സഹായം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികൾക്കെതിരെ കള്ള കേസെടുക്കുന്ന സർക്കാർ കള്ളക്കടത്ത് സംഘത്തെ സഹായിക്കുന്നു.''-സുരേന്ദ്രൻ പറഞ്ഞു.

പ്രസീതയുടെ പുതിയ വെളിപ്പെടുത്തൽ

കഴിഞ്ഞ മാർച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയിൽ വച്ചാണ് സി കെ ജാനുവിന് 25 ലക്ഷം രൂപ ബിജെപി നേതാക്കൾ നൽകിയതെന്ന് പ്രസീത അഴീക്കോട് വ്യക്തമാക്കി. കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ വഴിയാണ് പണം കൈമാറാനുള്ള ഏർപ്പാടുകൾ ചെയ്തത്. ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലാണ് പൂജ പ്രസാദമുള്ള സഞ്ചിയിൽ പണവുമായി എത്തിയതെന്നു പ്രസീത അഴീക്കോട് മാധ്യമ പ്രവർത്തകരാട് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കേസ് അന്വേഷണം നടത്തുന്ന വയനാട് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു'

ജാനുവിന്റെ പാർട്ടിക്കായി 25 ലക്ഷം കൈമാറിയതുമായി ബന്ധപ്പെട്ട കെ സുരേന്ദ്രന്റെ ശബ്ദരേഖയും പ്രസീത പുറത്തുവിട്ടിരുന്നു.ആർഎസ്എസ് ഓർഗനൈസിങ് സെക്രട്ടറി എം ഗണേശാണ് പണം ഏർപ്പാടാക്കിയതെന്നാണ് ശബ്ദരേഖയിലെ ഉള്ളടക്കം. ആദ്യം നൽകിയ പത്ത് ലക്ഷം രൂപയ്ക്കു പുറമെയാണ് 25 ലക്ഷം രൂപ കൈമാറുന്നതിന്റെ വിശദാംശങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ആവശ്യത്തിനു വേണ്ടിയാണ് പണം കൈമാറുന്നതെന്നാണ് സുരേന്ദ്രൻ പറയുന്നത്. ഈ ആരോപണങ്ങൾ കെ സുരേന്ദ്രനും ബിജെപിയും നിഷേധിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടാമെന്നു പ്രസീത അഴീക്കോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർത്ഥി കെ സുന്ദരയ്ക്കും സികെ ജാനുവിനും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി അധ്യക്ഷൻ വൻ തുക നൽകിയതായി മുൻപ് വെളിപ്പെടുത്തൽ വന്നിരുന്നു. മഞ്ചേശ്വരത്തെ പണം കൈമാറ്റത്തിൽ കെ സുരേന്ദ്രനെതിരെ അന്വേഷണം തുടരുകയാണ്.