- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയെ തോൽപ്പിക്കാൻ ഇടത്-വലത് മുന്നണികൾ ക്രോസ് വോട്ട് ചെയ്തു; തിരുവനന്തപുരത്ത് ബിജെപി ഭരണത്തിൽ വരാതിരുന്നത് ഇരുമുന്നണികളും പരസ്യമായി വോട്ട് കച്ചവടം നടത്തിയതുകൊണ്ട്; കേരളത്തിൽ ഇനി മത്സരം എൻ.ഡി.എയും എൽ.ഡി.എഫും തമ്മിലാവും എന്നും കെ.സുരേന്ദ്രൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും ക്രോസ് വോട്ട് ചെയ്തതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇരുമുന്നണികളും പരസ്യമായി വോട്ട് കച്ചവടം നടത്തിയതു കൊണ്ടാണ് തിരുവനന്തപുരത്ത് ബിജെപി ഭരണത്തിൽ വരാതിരുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽ.ഡി.എഫുമായി എന്ത് ധാരണയാണ് ഉണ്ടാക്കിയതെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കണം. യു.ഡി.എഫിന് വിശ്വാസ്യതയില്ലാത്ത നേതൃത്വമായതുകൊണ്ടാണ് എൽ.ഡി.എഫ് നേട്ടമുണ്ടാക്കിയത്. നേതാക്കൾക്കെതിരെ അഴിമതി കേസിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതോടെ യു.ഡി.എഫ് സ്ഥാപിത താത്പര്യം സംരക്ഷിക്കാനുള്ള നടപടി സ്വീകരിച്ചതാണോ വോട്ട് വിൽപ്പനയ്ക്ക് കാരണമായതെന്ന് അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരത്ത് 21 സീറ്റ് കോർപ്പറേഷനിലുണ്ടായിരുന്ന യു.ഡി.എഫിന് ഇത്തവണ ഒമ്പത്ത് സീറ്റ് മാത്രമാണ് കിട്ടിയത്. ബിജെപിക്ക് ജയസാധ്യതയുള്ള എല്ലാ ഇടങ്ങളിലും ഇരുമുന്നണികളും പരസ്യ ധാരണ ഉണ്ടാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ തിരുവനന്തപുരത്ത് ബിജെപിയുടെ പരാജയം ഉറപ്പുവരുത്തിയെന്ന് പറഞ്ഞത് എങ്ങനെയാണെന്ന് ഫലത്തിൽ നിന്ന് വ്യക്തമാണ്. യു.ഡി.എഫിന്റെ മുഴുവൻ വോട്ടും എൽ.ഡി.എഫിന് മറിച്ചു. പല വാർഡുകളിലും യു.ഡി.എഫിന്റെ വോട്ട് ഷെയർ കുറഞ്ഞു. ശക്തമായ വോട്ട് കച്ചവടം നടന്നു. ജമാ അത്തെയും മുസ്ലിം ലീഗും ഇതിന് മധ്യസ്ഥം വഹിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
എൽ.ഡി.എഫ് തിരിച്ച് യു.ഡി.എഫിനെയും സഹായിച്ചിട്ടുണ്ട്. എൽ.ഡി.എഫിന്റെ സഹായം പാലക്കാട് മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫിന് ലഭിച്ചു. പല വാർഡിലും എൽ.ഡി.എഫിന് നൂറിൽ താഴെയാണ് വോട്ട്. ബിജെപിയെ തടയാൻ വർഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് ഇരുമുന്നണികളും തന്ത്രം മെനഞ്ഞത്. എന്നിട്ടും പാലക്കാട്, പന്തളം നഗരസഭകളിൽ മികച്ച വിജയം നേടി അധികാരത്തിലെത്താൻ എൻ.ഡി.എക്ക് സാധിച്ചു. മാവേലിക്കരയിൽ ഏറ്റവും വലിയ കക്ഷിയാകാനും കൊടുങ്ങല്ലൂരിലും വർക്കലയിലും ഭരണത്തിനടുത്തെത്താനും കഴിഞ്ഞത് വലിയ നേട്ടമാണ്.
കോൺഗ്രസിന്റെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു. യു.ഡി.എഫ് ആത്മപരിശോധന നടത്തണം. ആത്മാഭിമാനമുള്ള കോൺഗ്രസുകാർ പാർട്ടിവിട്ട് ബിജെപിയോടൊപ്പം നിൽക്കണം. കേരളത്തിൽ ഇനി മത്സരം എൻ.ഡി.എയും എൽ.ഡി.എഫും തമ്മിലാവും. സംസ്ഥാനത്തെ ഒട്ടുമിക്ക മുനിസിപ്പാലിറ്റികളിലും ബിജെപി പ്രാതിനിധ്യം നേടി. ഗ്രാമപഞ്ചായത്തുകളിലും നേട്ടമുണ്ടാക്കി. നേരത്തെ ബിജെപി ജയിച്ച പല വാർഡിലും പരസ്യമായ വോട്ട് കച്ചവടം നടന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇടത് - വലത് മുന്നണികൾ തമ്മിലെ പരസ്യ ധാരണ മൂലമാണെന്ന് ബിജെപി പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാകാതിരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ