- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
250 രൂപയുടെ കിറ്റ് കൊടുക്കുന്നതാണ് സർക്കാരിന്റെ ഭരണനേട്ടമെന്ന് ഒരു ജനത വിലയിരുത്തിയാൽ അത് ദൗർഭാഗ്യകരം; ഭക്ഷ്യകിറ്റിലുള്ള അരിയും ധാന്യങ്ങളും നൽകുന്നത് കേന്ദ്രസർക്കാരാണ്; മറ്റ് സാധനങ്ങൾ വാങ്ങുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടും; രണ്ട് മുന്നണികളും വ്യക്തമായ ഭൂരിപക്ഷം നേടാൻ പ്രയാസപ്പെടും; ഏഷ്യാനെറ്റ് ന്യൂസ് സർവേയോട് പ്രതികരിച്ചു കെ സുരേന്ദ്രൻ
കാസർകോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അധികാരം ലഭിക്കുമെന്ന ഏഷ്യാനെറ്റ് സർവേയോട് പ്രതികരിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫിനും യുഡിഎഫിനും കേരളത്തിൽ സുരക്ഷിതമായ ഭാവി ഉണ്ടാകില്ലെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. രണ്ട് മുന്നണികളും വ്യക്തമായ ഭൂരിപക്ഷം നേടാൻ പ്രയാസപ്പെടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
250 രൂപയുടെ സൗജന്യ ഭക്ഷ്യകിറ്റ് കൊടുക്കുന്നതാണ് സർക്കാരിന്റെ ഭരണനേട്ടമെന്ന് ഒരു ജനത വിലയിരുത്തിയാൽ അതിനെ ദൗർഭാഗ്യകരം എന്നാണ് പറയേണ്ടതെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് സീ ഫോർ സർവ്വേയിൽ 34 ശതമാനം ആളുകളും സർക്കാരിന്റെ ഭക്ഷ്യകിറ്റ് വിതരണത്തെ പ്രധാന ഭരണനേട്ടമായി വിലയിരുത്തിയ പശ്ചാത്തലത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഭക്ഷ്യകിറ്റിലുള്ള അരിയും ധാന്യങ്ങളും നൽകുന്നത് കേന്ദ്രസർക്കാരാണെന്നും മറ്റ് സാധനങ്ങൾ വാങ്ങുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന് പിന്നെ എന്താണ് മുടക്കുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ വലിയ രീതിയിൽ പ്രതിഫലിക്കുമെന്ന് സുരേന്ദ്രൻ ഉറപ്പിച്ചുപറയുന്നു. ശബരിമല വിഷയം ആളിക്കത്തുന്ന സമയത്ത് ആര് എന്ത് ചെയ്തു എന്ന് ബിജെപിക്ക് ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി, വിജയരാഘവൻ എന്നിവർ ഇപ്പോഴെങ്കിലും ശബരിമല വിഷയം ചർച്ച ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഈ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നിർണ്ണായക ശക്തിയാകും. പലയിടത്തും ശക്തമായ തൃകോണമത്സരം നടക്കും. കൂടുതൽ പ്രമുഖ വ്യക്തികൾ ഉടൻ തന്നെ ബിജെപിയിലെത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായാൽ സന്തോഷമെന്ന് പറഞ്ഞ ഇ ശ്രീധരന്റെ വാക്കുകളെ സുരേന്ദ്രൻ തള്ളി. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ബിജെപിക്ക് ഒരു കാലത്തും അങ്ങനെയൊരു അഭിപ്രായമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിയെ സംബന്ധിച്ച് ഉമ്മൻ ചാണ്ടിയും പിണറായി വിജയനെപ്പോലെ കള്ളനാണയമാണ്. ഉമ്മൻ ചാണ്ടി ഭരണത്തിന്റെ കാർബൺ കോപ്പിയാണ് പിണറായി ഭരണം.
ഉമ്മൻ ചാണ്ടി ചെയ്യുന്നതൊക്കെത്തന്നെ പിണറായി വിജയൻ കുറച്ചുകൂടി ശക്തമായി ചെയ്തു. ഉമ്മൻ ചാണ്ടി കേരളത്തിന് പ്രതീക്ഷ നൽകുന്ന നേതാവല്ല. അഴിമതിയുടേയും വികസനവിരുദ്ധതയുടേയും നേർക്കാഴ്‌ച്ചയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഭരണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ