കോഴിക്കോട്: കോവിൻ ആപ്പിലെ പ്രതിസന്ധി കേരളത്തിൽ മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ ബോധപൂർവ്വം സർക്കാർ അട്ടിമറി നടത്തുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ഡി എം ഒമാർക്ക് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ സംഘമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.

സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സക്ക് വൻതുകയാണ്. ഇത് കുറയ്ക്കാൻ സർക്കാർ തയ്യാറാവുന്നില്ല. ആർ ടി പി സി ആർ ടെസ്റ്റുകൾക്ക് സ്വകാര്യ ആശുപത്രികൾ 1700 രൂപ ചുമത്തുന്നു. ഇത് നിയന്ത്രിക്കാനും സർക്കാർ ഒരു നടപടിയുമെടുക്കുന്നില്ല. കേരളത്തിന്റെ കോവിഡ് പ്രതിരോധം പരാജയമാണെന്നും മുഖ്യമന്ത്രിയുടേത് തള്ള് മാത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മാർച്ച് രണ്ടിനു ശേഷം ബിജെപി പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പണം തട്ടിയ കേസിൽ ബിജെപിക്ക് ഒന്നും പറയാനില്ല. പണമായി ഒരു സ്ഥാനാർത്ഥിക്കും ബിജെപി നൽകിയിട്ടില്ല. സംസ്ഥാന പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിയെ അപകീർത്തിപ്പെടുത്തുന വാർത്തകൾ നൽകുന്നവർക്ക് എതിരെ നിയമ നടപടിയെടുക്കുമെന്നും ബിജെപി ഡിജിറ്റൽ ഇടപാട് മാത്രമാണ് നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു. വാക്‌സിൻ വാങ്ങാൻ സർക്കാർ എവിടെയാണ് പണം മാറ്റി വെച്ചതെന്നും സുരേന്ദ്രൻ ചോദിച്ചു.