കോഴിക്കോട്: കണ്ണൂർ വി സിയുടെ നേതൃത്വത്തിൽ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന കേരള ഗവർണറുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഉന്നത പൊലീസുദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

വെമ്പായത്ത് ഒബിസി മോർച്ച സംസ്ഥാന പഠന ശിബിര വേദിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കണ്ണൂർ വി സിക്കും മറ്റും എതിരെ ഗവർണർ പറയുന്ന കാര്യങ്ങൾ ചെന്നു കൊള്ളുന്നത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനിലാണ്. രാജ്ഭവൻ അംഗീകരിച്ചതിലധികം സമയം ഗവർണറെ അവിടെ ചെലവഴിപ്പിച്ചതിലും അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ചവർക്ക് ഒത്താശ ചെയ്തതും ഗൂഢാലോചനയാണ്. ഇക്കാര്യം പൊലീസിനറിയാം.

അധികൃതരുടെ നിർദേശ പ്രകാരമാണ് പരാതി പറഞ്ഞിട്ടും പൊലീസ് ഇക്കാര്യം അന്വേഷിക്കാതിരുന്നത്. മുഖ്യമന്ത്രിയാണിതിന് മറുപടി പറയേണ്ടത്. അദ്ദേഹത്തെ വകവരുത്താൻ ശ്രമിച്ചാലും കേസെടുക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാടെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം, കണ്ണൂർ സർവകലാശാലാ വിസിയെ ക്രിമിനൽ എന്ന് വിളിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് സിപിഐഎം. ഗവർണറുടെ നടപടി ഭരണഘടനാ പദവിക്ക് നിരക്കാത്തത്. എന്ത് ക്രിമിനൽ കുറ്റമാണ് വി സി ചെയ്തതെന്ന് ഗവർണർ വ്യക്തമാക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.