- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രൈസ്തവ വോട്ടുകൾ പോക്കറ്റിലാക്കാൻ തന്ത്രങ്ങളുമായി ബിജെപി; കൊച്ചിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി കെ സുരേന്ദ്രൻ; കൂടുതൽ ക്രൈസ്തവ വോട്ടുകൾ എൻഡിഎ പ്രതീക്ഷിക്കുന്നതായി കൂടിക്കാഴ്ച്ചയിൽ പങ്കെടുത്ത കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ; കൂടുതൽ ക്രൈസ്തവ സ്ഥാനാർത്ഥികളെയും കളത്തിലിറക്കും
കൊച്ചി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭയെ ഒപ്പം നിർത്താൻ തന്ത്രങ്ങളുമായി ബിജെപി. കൊച്ചിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടുക്കാഴ്ച്ച നടത്തി കെ സുരേന്ദ്രനും കർണാടക ഉപമുഖ്യമന്ത്രിയും. തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ എൻഡിഎ പ്രതീക്ഷിക്കുന്നതായി ബിജെപിയുടെ കേരളത്തിലെ തിരഞ്ഞടുപ്പ് ചുമതലയുള്ള കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കൊച്ചിയിലെ കത്തോലിക്കാസഭാ ആസ്ഥാനമായ പി ഒ സിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
'രാവിലെ പ്രാതൽ കഴിക്കാൻ വന്നു. കഴിച്ചു, പോവുന്നു. തിരഞ്ഞെടുപ്പ് വിഷയങ്ങളൊന്നും പിതാവുമായി ചർച്ച ചെയ്തില്ല. സ്വകാര്യ സന്ദർശനമാണിത്. അതിൽ കവിഞ്ഞ രാഷ്ട്രീയമൊന്നുമില്ല' എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇന്ന് ബിജെപിയുടെ വിജയയാത്ര എറണാകുളത്ത് തുടരുകയാണ്. രാവിലത്തെ ആദ്യ പരിപാടി എന്ന നിലയിലാണ് കെ സി ബി സി ആസ്ഥാനത്തെത്തി ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭയുടെ പിന്തുണ അഭ്യർത്ഥിച്ചായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം.വിജയ യാത്രയുടെ ഭാഗമായിട്ടായിരുന്നു സുരേന്ദ്രൻ എറണാകുളത്തെത്തിയത്.യാത്ര എറണാകുളത്തെത്തുമ്പോൾ കൂടിക്കാഴ്ചയ്ക്ക് നേരത്തെ തന്നെ സുരേന്ദ്രൻ അനുവാദം ചോദിച്ചിരുന്നു. സുരന്ദ്രൻ മടങ്ങിയതിനു ശേഷമാണ് കർണ്ണാടക ഉപ മുഖ്യമന്ത്രി അശ്വന്ത് നാരായൺ എത്തിയത്. തുടർന്ന് അദ്ദേഹവും കർദ്ദിനാളുമായി കൂടിക്കാഴ്ച നടത്തി മടങ്ങി.കൂടിക്കാഴ്ചയ്ക്ക് ശേഷം വിഷയത്തിൽ പ്രതികരണം നടത്താൻ കർദ്ദിനാളോ സഭാ നേതൃത്വമോ തയ്യാറായിട്ടില്ല.
കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിയിൽ വർധിച്ചുവരുന്ന മുസ്ലിം സ്വാധീനത്തെക്കുറിച്ച് ക്രൈസ്തവ നേതാക്കൾക്കിടയിൽ വലിയ അസംതൃപ്തിയുണ്ട്. ഇത് മുതലെടുത്ത് ക്രൈസ്തവ വോട്ടുകൾ തങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. മുസ്ലിം വിദ്യാർത്ഥികൾക്ക് 80 ശതമാനത്തിലധികം ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിക്കുന്നതിലും മുസ്ലിം ആൺകുട്ടികളാൽ ആകർഷിക്കപ്പെടുന്ന ക്രിസ്ത്യൻ പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നതിലും ( ലൗ ജിഹാദ് ) ക്രൈസ്തവ സഭയിൽ ആശങ്കയുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രചരണം.
പൊതുവെ, കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിയോട് കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് നല്ല അടുപ്പമുണ്ട്. എന്നാൽ, യുഡിഎഫിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ വർധിച്ചുവരുന്ന സ്വാധീനത്തിൽ ക്രൈസ്തവസഭ നേതാക്കൾ അതൃപ്തരാണ്. മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം നടപ്പാക്കാനുള്ള സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കം പോലും ക്രിസ്ത്യാനികളെ കോൺഗ്രസിൽ നിന്ന് അകറ്റാനുള്ള ശ്രമമായിട്ടാണ് കാണുന്നത്. ഇതിനെ സഭാ നേതാക്കൾ പരസ്യമായി പ്രശംസിച്ചിരുന്നു.
ശബരിമല യുവതീപ്രവേശന വിഷയത്തിലെ നിലപാടിനെ തുടർന്ന് സിപിഎമ്മിന്റെ ഹിന്ദു സമുദായ പിന്തുണയിൽ ചെറിയൊരു ഇടിവ് സംഭവിച്ചിട്ടുണ്ട്. മുസ്ലിം-ക്രിസ്ത്യൻ പിന്തുണയോടെ ആ ഇടിവ് നികത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്. കേരളത്തിൽ ബിജെപിയുടെ വളർച്ച തടയാൻ ഇടതുപക്ഷത്തിനേ സാധിക്കൂ എന്ന് ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളിലെ വലിയൊരു വിഭാഗം വിശ്വസിക്കുന്നു. ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള കേരള കോൺഗ്രസ് (മാണി) വിഭാഗത്തെ മുന്നണിയിലേക്ക് സ്വീകരിച്ചു. ഇത് യുഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കേരള കോൺഗ്രസ് (മാണി) വിഭാഗത്തിനു വോട്ട് ബാങ്കുണ്ട്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അഞ്ഞൂറോളം ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ ബിജെപി രംഗത്തിറക്കിയിരുന്നു. സംസ്ഥാനത്ത് 40 ശതമാനം വോട്ടുകൾ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നാണ്. ബിജെപി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഇതാണ്. എൽഡിഎഫും യുഡിഎഫും കൃത്യമായ കണക്കിൽ ഹിന്ദു വോട്ടുകൾ സ്വന്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിജെപിക്ക് തിരഞ്ഞെടുപ്പുകളിൽ ജയിക്കണമെങ്കിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള വോട്ടുകൾ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ക്രൈസ്തവ സഭ ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ മുസ്ലിം വിഭാഗത്തിനെതിരെ രംഗത്തെത്തുന്ന സാഹചര്യത്തിൽ ഈ അവസരം മുതലെടുക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ