- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സിമിയിലൂടെ തുടങ്ങി ലീഗിൽ നിന്ന് ഇടതുപക്ഷത്തേക്ക്; ഐസ്‌ക്രീം കാലത്ത് കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ച് അത്ഭുതമായി; എംഎൽഎയായി ഹാട്രിക് തികച്ച് പിണറായിയുടെ അതിവിശ്വസ്തനായി മന്ത്രിസഭയിൽ; മാർക്കു ദാനവും സർവ്വകലാശാല ഭൂമി ഏറ്റെടുക്കലിനുമൊപ്പം സ്വർണ്ണ കടത്തിലെ ചോദ്യം ചെയ്യൽ; ഇളയാപ്പ കുടുങ്ങിയത് ലോകായുക്തയിൽ; തവനൂരിൽ തോറ്റാൽ രാഷ്ട്രീയം പ്രതിസന്ധിയിലാകും; കെ ടി ജലീൽ നായകനിൽ നിന്ന് വില്ലനാകുമ്പോൾ
തിരുവനന്തപുരം: സിമിയിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങി യൂത്ത് ലീഗിലൂടെ ഉയർന്ന് പിന്നീട് ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ച നേതാവാണ് കെ ടി ജലീൽ. വിദ്യാർത്ഥിയായിരുന്ന കാലഘട്ടം മുതൽ വിവിധ രാഷ്ട്രീയ പന്ഥാവുകളിലൂടെ സഞ്ചരിച്ചിട്ടുള്ള കെ ടി ജലീൽ എന്നും വിവാദങ്ങളുടെ തോഴൻ കൂടിയായിരുന്നു.
സിമിയിൽ പ്രവർത്തനം തുടങ്ങി പിന്നീട് എംഎസ്എഫിലൂടെ മുസ്ലിം ലീഗിൽ. പാർട്ടിയുടെ സ്വേച്ഛാധിപത്യ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി പുറത്തേക്ക് സ്വയം വഴിതുറന്ന കെ ടി ജലീൽ എത്തപ്പെട്ടത് ഇടതുപക്ഷത്ത്. എംഎൽഎയായും മന്ത്രിയായും മലപ്പുറത്ത് ഇടതുപക്ഷത്തിന്റെ മുഖമായി ജലീൽ മാറി.
കെ.ടി കുഞ്ഞുമുഹമ്മദിന്റെയും പാറയിൽ നഫീസയുടെയും മകനായി തിരൂരിൽ ജനിച്ച ജലീൽ കുറ്റിപ്പുറം ഗവൺമെന്റ് ഹൈസ്‌കൂളിൽ നിന്നാണ് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എന്നിവിടങ്ങളിലായിരുന്നു തുടർ പഠനം. വളാഞ്ചേരി ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പലായ എംപി ഫാത്തിമയാണ് ഭാര്യ. അസ്മ ബീവി, മുഹമ്മദ് ഫാറൂഖ്, സുമയ്യ ബീഗം എന്നിവരാണ് മക്കൾ.
എം.ഫിൽ പൂർത്തിയാക്കിയ ശേഷം കേരള സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി എടുത്ത ജലീൽ നിലവിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ചരിത്രാധ്യാപകനാണ്. മുഖ്യധാര മാഗസിൻ എഡിറ്റർ, കാലിക്കറ്റ് സിൻഡിക്കേറ്റംഗം, നോർക്ക റൂട്ട്സ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
സിമിയിൽ തുടക്കം പിന്നീട് എംഎസ്എഫിൽ
സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) എന്ന തീവ്രനിലപാടുകളുള്ള സംഘടനയിൽ പ്രവർത്തിച്ചുകൊണ്ടാണ് കെ.ടി. ജലീൽ രാഷ്ട്രീയ പ്രവർത്തന രംഗത്തെത്തുന്നത്. 1988-ൽ തിരൂരങ്ങാടി പി.എസ്എം.ഒ. കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായിരുന്ന കാലത്ത് 'സിമി' സ്ഥാനാർത്ഥിയായി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റു. പിറ്റേ വർഷവും യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും വീണ്ടും തോറ്റു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ 'സിമി' നേതൃത്വവുമായി ഇടയുകയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്തു. പിന്നീടാണ് മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്എഫിൽ ചേരുന്നത്.
'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യവുമായി രാജ്യത്തിന്റെ ദേശീയതയ്ക്ക് വിരുദ്ധമായി പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) പിന്നീട് നിരോധിക്കപ്പെടുകയാണ് ഉണ്ടായത്.
മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. കുറ്റിപ്പുറത്തുനിന്ന് ജില്ലാ കൗൺസിലിലേയ്ക്ക് വിജയിച്ചു. പിന്നീട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി. കുറ്റിപ്പുറം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. എംഎസ്എഫിൽ നിന്നും മുസ്ലിം യൂത്ത് ലീഗിന്റെ അഖിലേന്ത്യാ കൺവീനർ വരെ എത്തി ജലീൽ. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ മുസ്ലിം ലീഗ് നേതൃത്വവുമായി പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുമായി ഇടഞ്ഞു. ഇതോടെ ലീഗിൽ നിന്നും പുറത്ത്. പാർട്ടിയുടെ സ്വേച്ഛാധിപത്യ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി ലീഗിൽനിന്ന് പുറത്ത് പുറത്തുപോവുകയും ഇടതുപക്ഷത്തിനൊപ്പം ചേരുകയുമായിരുന്നു.
തുടർന്ന് 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ മത്സരിച്ചു. അതും എൽഡിഎഫ് പിന്തുണയോടെയും പിണറായി വിജയന്റെ ആശിവർവാദത്തോടെയും. സിമി പ്രവർത്തകനായിരുന്ന ജലീലിന് എൽഡിഎഫ് പിന്തുണ നൽകുന്നത് വലിയ വിവാദമായി.
ആദ്യ മത്സരം കുഞ്ഞാലിക്കുട്ടിക്കെതിരെ, പഴയ 'സിമി'യുടെ രഹസ്യ പിന്തുണ
മലപ്പുറത്ത് ലീഗിനെ പിടിച്ചു കെട്ടുകയെന്ന അജണ്ടയുമായി 2006-ൽ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ ഇടതുപക്ഷം കുറ്റിപ്പുറത്ത് ലീഗിന്റെ അതികായൻ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കാൻ കെ.ടി. ജലീലിനെ രംഗത്തിറക്കി. അന്ന് കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി കെ.ടി. ജലീൽ രാഷ്ട്രീയത്തിൽ തന്റെ സ്ഥാനമുറപ്പിച്ചു. വിമാനം ചിഹ്നത്തിൽ മത്സരിച്ച ജലീലിന്റെ വിജയത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസ് ആരോപണവും നിർണായകമായി. സിപിഎം. അംഗമല്ലാതിരുന്നിട്ടും പാരമ്പര്യമുള്ള പാർട്ടി പ്രവർത്തകനെപ്പോലെയാണ് ഇടതുപക്ഷം അന്ന് ജലീലിനെ നെഞ്ചിലേറ്റിയത്.
ജലീലെന്ന ഇടതു സ്വതന്ത്രന്റെ രാഷ്ട്രീയ ജീവിതം മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയോടുള്ള മധുരപ്രതികാരം കൂടിയായിരുന്നു. ലീഗിൽ തന്നെ തുടരുകയാണെങ്കിൽ ഒരു പക്ഷേ ഒരു എംഎൽഎ സ്ഥാനത്തിനപ്പുറം ജലീലിന് ഉയരാനാകുമായിരുന്നില്ല. എന്നാൽ, സ്വതന്ത്രന്റെ കുപ്പായമണിഞ്ഞ് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അവസരങ്ങൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയാണ് ജലീൽ രാഷ്ട്രീയ ജീവിതത്തിൽ വിജയമധുരം നുണഞ്ഞത്.
2011-ൽ തിരൂർ മണ്ഡലം പുനർനിർണയിച്ച് തിരൂരിലെ വിവിധ പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് തവനൂർ മണ്ഡലം രൂപീകരിച്ചു. പുതിയ മണ്ഡലത്തിൽ മത്സരിക്കാൻ സിപിഎം നിയോഗിച്ചത് കെ.ടി ജലീലിനെയായിരുന്നു. അങ്ങനെ ഗ്യാസ് സിലിണ്ടർ ചിഹ്നത്തിൽ മത്സരിച്ച ജലീൽ കോൺഗ്രസിന്റെ വി.വി പ്രകാശിനെ 6,854 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി തവനൂരിന്റെ ആദ്യ എംഎൽഎ. ആയി.
തവനൂരിൽ ഹാട്രിക് ജയം, മന്ത്രിക്കസേരയിൽ
2016-ലെ തിരഞ്ഞെടുപ്പിൽ ജലീലിന്റെ ഹാട്രിക് വിജയമായിരുന്നു തവനൂരുനിന്ന് ലഭിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി. ഇഫ്തിഖറുദ്ദീനെ 2011-നേക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ജലീൽ വിജയമാവർത്തിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിച്ച് മന്ത്രിക്കസേരയിലെത്തിയ ജലീലിന്റെ വിജയത്തെ സോഷ്യൽ മീഡിയ ഓട്ടോറിക്ഷയിൽ നിന്ന് മന്ത്രിക്കാറിലേക്ക് എന്നാണ് വിശേഷിപ്പിച്ചത്.
പിണറായി വിജയൻ മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ആണ് ജലീലിന് ലഭിച്ചത്. എന്നാൽ രണ്ടര വർഷത്തിനു ശേഷം ഈ വകുപ്പ് മാറ്റി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നൽകി.
ബന്ധുനിയമനം കുരുക്കായി, പിന്നാലെ മാർക്ക്ദാന വിവാദവും
മന്ത്രിസ്ഥാനത്തെത്തിയ ശേഷം ജലീൽ ഉൾപ്പെട്ട ആദ്യ വിവാദം ബന്ധുനിയമന ആരോപണമായിരുന്നു. യൂത്ത് ലീഗാണ് ജലീലിനെതിരെ ബന്ധുനിയമനാരോപണം ഉയർത്തിയത്. പിതൃസഹോദര പുത്രനായ കെ.ടി അദീപ് എന്നയാളെ ഡെപ്യൂട്ടേഷൻ എന്ന പേരിൽ ചട്ടങ്ങൾ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജരായി നിയമിച്ചുവെന്നായിരുന്നു ആരോപണം.
സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്ന് സർക്കാർ ധനകാര്യ സ്ഥാപനത്തേക്ക് ഡെപ്യൂട്ടേഷൻ വഴി ഒരു വ്യക്തിയെ നിയമിക്കാൻ ഏതെങ്കിലും തരത്തിലുള്ള സ്പെഷ്യൽ റൂളോ മറ്റോ ഇല്ലെന്നും ഈ സ്ഥാനത്തിനാവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇയാൾക്കില്ലെന്നും ആരോപണം ഉയർന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് ചുമതലയിലിരിക്കെ എംജി സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് അദാലത്ത് നടത്തി മാർക്ക് ദാനം ചെയ്തു എന്നതായിരുന്നു ഇത്തവണത്തെ ആരോപണം. കൊല്ലം ടികെഎം എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിക്കുവേണ്ടി മന്ത്രി ജലീൽ ഇടപെട്ടുവെന്നാണ് ആരോപണം ഉയർന്നത്. മാനുഷിക പരിഗണന പരിഗണിച്ചാണ് വിഷയത്തിൽ ഇടപെട്ടതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
മന്ത്രി പങ്കെടുത്ത അദാലത്ത് ക്രമവിരുദ്ധമാണെന്ന് ചാൻസിലർ കൂടിയായ ഗവർണർ വ്യക്തമാക്കിയിരുന്നു. പിന്നീട് ദാനം നൽകിയ മാർക്ക് പിൻപലിക്കുകയും ആദ്യം ലഭിച്ച മാർക്കാക്കി തിരുത്താൻ സർവകലാശാല പ്രത്യേക ഉത്തരവിറക്കുകയും ചെയ്തു. ചട്ടവിരുദ്ധമായി സർവ്വകലാശാലയിൽ ഇടപെട്ടതിനും അദാലത്ത് നടത്തിയതിനും കേരളത്തിലെ സർവ്വകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജലീലിനെ ശാസിച്ചു.
മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ
തിരൂരിലെ മലയാള സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്ത നടപടിയിൽ കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ പറ്റുന്ന വിധത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. സെന്റിന് മൂവായിരം രൂപ മതിപ്പുവിലയുള്ള ഭൂമി ഒരു ലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് വാങ്ങിയെന്നായിരുന്നു ആരോപണം.
ഇതിനിടെ കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫീസിലെ ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷന് പകരം നിലമ്പൂർ സ്വദേശിനിയെ ക്ലാർക്കായി നിയമിച്ചതും വേറൊരാളെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി ഗാർഡനർ ആയി നിയമിച്ചതും വിവാദമായി.
സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ 'ഫോൺകോളി'ലും ജലീൽ എത്തിനോക്കി. ഒമ്പത് തവണയെ വിളിച്ചിട്ടുള്ളൂ എന്ന് മന്ത്രി പറയുമ്പോഴും നൂറ് കണക്കിന് ഫോൺ സന്ദേശങ്ങൾ അന്വേഷണ വിഭാഗം കണ്ടെത്തിയെന്നാണ് ആരോപണം ഉയർന്നത്.
ഒടുവിൽ രാജി
ഒടുവിൽ ബന്ധുനിയമന വിവാദത്തിൽ കുരുങ്ങി മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്ന ലോകായുക്തയുടെ ഉത്തരവ് വരെയെത്തി നിൽക്കുന്നു കാര്യങ്ങൾ. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി മന്ത്രി കെ.ടി. ജലീൽ ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന നിരീക്ഷണമാണ് ജലീലിന് കുരുക്കായത്.
പിണറായി വിജയൻ മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി. ജലീൽ. വിവാദം തുടങ്ങി രണ്ടര വർഷം പിന്നിടുമ്പോഴാണ് മന്ത്രിയുടെ രാജി. ന്യൂനപക്ഷ വികസ കോർപറേഷനിൽ ടികെ. അദീബിന്റെ നിയമനമാണ് വിവാദത്തിലായത്. ബന്ധുനിയമനത്തിന് യോഗ്യതയിൽ മാറ്റം വരുത്തിയെന്നതാണ് പ്രധാന ആരോപണം. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കെ. ഫിറോസ് 2018 നവംബർ രണ്ടിനാണ് മന്ത്രിക്കെതിരെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്.
മന്ത്രി പദവി സ്വകാര്യ താൽപര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തു. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്. സൗത്ത് ഇന്ത്യൻ ബാങ്കിലെ മാനേജർ പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസന കോർപറേഷനിൽ നിയമിച്ചതെന്നും കണ്ടത്തിയിരുന്നു.
സത്യം ജയിക്കും...
സത്യം ജയിക്കും സത്യമേ ജയിക്കൂ... എന്ന് നാഴികയ്ക്ക് നാൽപത് വട്ടം വിളിച്ചുപറഞ്ഞ ജലീലിന് സർക്കാരിന്റെ കാലാവധി തീരാൻ കഷ്ടിച്ച് 20 ദിവസം മുമ്പ് രാജിവച്ച് ഇറങ്ങേണ്ടി വരുന്നു. ഒരു പക്ഷേ, കാലാവധി തീരാൻ ഇത്രയും ചുരുങ്ങിയ കാലം ബാക്കിനിൽക്കെ രാജിവച്ച് ഇറങ്ങേണ്ടി വന്ന മന്ത്രിയും ജലീൽ ആയിരിക്കും.
ഒരു മുഴം മുന്നെ. അതായിരുന്നു ജലീലിന്റെ പതിവ്. എപ്പോഴൊക്കെ വിവാദത്തിൽപെട്ടോ അപ്പോഴൊക്കെ മുനവച്ച വാക്കുകളും പ്രയോഗങ്ങളുമായി എതിരാളികൾക്ക് നേരെ തിരിച്ചടിച്ച് പ്രതിരോധത്തിൽനിന്ന് ആക്രമണത്തിലേക്ക് ഗിയർ മാറ്റുന്നതായിരുന്നു പതിവ്. ബന്ധുനിയമന വിവാദം ആളിക്കത്തിയപ്പോഴും പിഎച്ച്.ഡി പ്രബന്ധം വിവാദത്തിലായപ്പോഴും മാർക്ക് ദാനം വിവാദം കണ്ടുപിടിക്കപ്പെട്ടപ്പോഴും സ്വർണക്കടത്തിൽ ചോദ്യം ചെയ്യപ്പെട്ടപ്പോഴും എല്ലാം ഇതായിരുന്നു ജലീലിന്റെ പതിവ്.
എന്നാൽ, എല്ലാ പ്രതിരോധകോട്ടയും പൊളിക്കുന്നതായി ലോകായുക്ത കർക്കശ സ്വഭാവത്തിലുള്ള വിധി. സ്വജനപക്ഷപാതം കാട്ടിയ മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹത്തെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നുമുള്ള ഒരു വിധി ഇന്ത്യയിൽതന്നെ മറ്റേതെങ്കിലും ലോകായുക്ത ബഞ്ചിൽനിന്നും വന്നിട്ടുണ്ടാവുമോ എന്നു സംശയമാണ്.