കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല അദ്ധ്യാപക നിയമനത്തിൽ പരാതി ഉയർന്നിട്ടില്ലെന്ന് മന്ത്രി കെടി ജലീൽ. എ.എൻ. ഷംസീർ എംഎ‍ൽഎയുടെ ഭാര്യയ്ക്ക് ജെ.ആർ.എഫ്. യോഗ്യതയുണ്ടെന്നും മറിച്ചുള്ള പ്രചാരണത്തിൽ കാര്യമില്ലെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി സഹകരിച്ച് നടത്തുന്ന മദ്രസാധ്യാപക പരിശീലന ക്യാമ്പ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി യൂണിവേഴ്സിറ്റികളിൽ നടക്കുന്ന നല്ല കാര്യങ്ങളെ എതിർക്കുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തവണ ഹജ്ജിന് അനുമതി ലഭിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. കരിപ്പൂരിലും ഹജ്ജ് പുറപ്പെടൽ കേന്ദ്രം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജലീൽ കൂട്ടിച്ചേർത്തു.

തെറ്റുകാരനല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്നും അതുകൊണ്ട് തന്നെ പൊതുപ്രവർത്തന രംഗത്ത് നിന്ന് മാറി നിൽക്കണമെന്ന് തോന്നിയിട്ടില്ലെന്നും ചടങ്ങിൽ സംസാരിച്ചുകൊണ്ട് സ്പീക്കർ പി. ശ്രീരാമകകൃഷ്ണൻ പറഞ്ഞു. അന്വേഷണ ഏജൻസികൾ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. വിളിച്ചു വരുത്തുമെന്നത് മാധ്യമ സൃഷ്ടിയാണെന്നും മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.