കോഴിക്കോട്: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കുമോ? ഇ പി ജയരാജന് പോലും ലഭിക്കാത്ത ആനുകൂല്യം മലപ്പുറത്തുകാരനായ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി നൽകുമോ? വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുമ്പോൾ തന്നെ സ്വയം ന്യായീകരിച്ചു കൊണ്ട് രംഗത്തിറങ്ങുകയാണ് കെ ടി ജലീൽ. ബ്രൂവറി ചലഞ്ചിൽ കുരുങ്ങിയ മന്ത്രി ടി പി രാമകൃഷ്ണനെ മാറ്റാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. അതുപോലെ തന്നെ തനിക്കും ആനുകൂല്യം ലഭിക്കുമെന്നാണ് ജലീലിന്റെ പ്രതീക്ഷ. എങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനം അനുസരിച്ചാകും ജലീലിന്റെ ഭാവി.

മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധു നിയമന വിവാദത്തിൽ തെളിവുള്ളവർ കോടതിയെ സമീപിക്കട്ടെയെന്ന് എന്ന് വ്യക്തമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അദ്ദേഹത്തെ സംരക്ഷിക്കുമെന്ന സൂചനയാണ് നൽകുന്നത്. കാര്യങ്ങളെല്ലാം പാർട്ടി പരിശോധിക്കുന്നുണ്ടെന്നും കോടിയേരി തിരുവനന്തപുരത്ത് വ്യക്തമാക്കി. കെ.ടി ജലീൽ ഉച്ചക്ക് എ.കെ.ജി സെന്ററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബന്ധുനിയമന വിവാദത്തിൽ കെ.ടി ജലീലിനെതിരെ ഉയർന്ന ആരോപണങ്ങളോട് മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ പ്രതികരിച്ചിരുന്നില്ല. വ്യാഴാഴ്ച ഉച്ചക്ക് എ.കെ.ജി സെന്ററിലെത്തിയ ജലീൽ കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചിരുന്നു.

കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടുനിന്നു. കൂടിക്കാഴ്ച സ്വാഭാവികം മാത്രമാണെന്നും തന്നോട് മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ വിശദീകരണം ചോദിച്ചിട്ടില്ലെന്നും കെ.ടി ജലീൽ പിന്നീട് വ്യക്തമാക്കി. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ബന്ധു നിയമന വിവാദം ചർച്ച ചെയ്തേക്കും. വിവാദ നിയമനത്തെ കുറിച്ച് വിശദീരിക്കു കൊണ്ട് മന്ത്രി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന ന്യനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജർ തസ്തികയിലേക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാതിരുന്ന കെ.ടി. അദീബ് ഇപ്പോൾ സമർപ്പിച്ച അപേക്ഷ കണക്കിലെടുത്താണ് നിയമനം നൽകിയതെന്ന് മന്ത്രി ഡോ. കെ.ടി. ജലീലിന്റെ ഓഫിസ് പത്രകുറിപ്പിൽ അറിയിച്ചു.

ബി.ടെക്ക് ബിരുദവും പി.ജി.ഡി.ബി.എയുമുള്ള ഇദേഹം സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജർ തസ്തികയിൽ ജോലി ചെയ്തുവരുന്നു. നിയമന വിജ്ഞാപന പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവുമുണ്ട്. അപേക്ഷകരിൽ യോഗ്യനായ ഏക ഉദ്യോഗാർഥി അദീബ് ആയിരുന്നു. ഇദ്ദേഹം ഇന്റർവ്യൂവിൽ പങ്കെടുക്കാതിരുന്നതിനാലും മറ്റാർക്കും യോഗ്യതയില്ലാതിരുന്നതിനാലും അന്ന് ജനറൽ മാനേജർ തസ്തികയിലേക്കുള്ള നിയമനം നടത്തിയില്ല. പിന്നീട് രണ്ട് വർഷത്തിന് ശേഷം അദീബ് സമർപ്പിച്ച അപേക്ഷ കണക്കിലെടുത്ത് ഡെപ്യൂട്ടേഷനിൽ ഒരു വർഷത്തേക്ക് നിയമിക്കുകയായിരുന്നു.

ഇതിൽ ജനറൽ മാനേജർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. വിജ്ഞാപന പ്രകാരം ഏഴു പേരാണ് ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിച്ചത്. ഇവരിൽ ആറ് പേർക്കും വിജ്ഞാപന പ്രകാരമുള്ള യോഗ്യതയുണ്ടായിരുന്നില്ല. അപേക്ഷകരിൽ മൂന്ന് പേർ മാത്രമാണ് 2016 ഒക്ടോബർ 26ന് കോഴിക്കോടുള്ള സ്ഥാപനത്തിന്റെ ആസ്ഥാനത്ത് നടത്തിയ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എത്തിയത്. സാജിദ് മുഹമ്മദ്, പി. മോഹനൻ, വി.എച്ച്. റിജാസ് ഹരിത് എന്നിവരാണിവർ.

ഇതിൽ സാജിദ് മുഹമ്മദിന് എം.ബി.എ ബിരുദമുണ്ടെങ്കിലും ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലുള്ള നിയമനത്തിന് യോഗ്യനല്ല. നിലവിൽ ഏതെങ്കിലും റഗുലർ സർവീസിൽ ജോലിയുള്ളയാൾ അല്ലെന്ന് വ്യക്തമായതിനാൽ അപേക്ഷ നിരസിക്കുകയായിരുന്നു. സൗദി അറേബ്യയിലെ സ്ഥാപനത്തിലെ ജോലി പരിചയമാണ് സാജിദ് മുഹമ്മദ് അപേക്ഷയിൽ കാണിച്ചിരിക്കുന്നത്. പി. മോഹനന് തമിഴ്‌നാട്ടിലെ പെരിയാർ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എം.ബി.എ ബിരുദമുണ്ടെങ്കിലും ഇന്റർവ്യൂവിന് ഹാജരാകുന്ന സമയത്ത് ഡെപ്യട്ടേഷൻ നിയമനത്തിന് അർഹമാകുന്ന വിധത്തിൽ ഒരിടത്തും ജീവനക്കാരൻ ആയിരുന്നില്ല. ഇദ്ദേഹം എസ്.ബി.ഐയിൽ റീജണൽ മാനേജർ ആണെന്ന വാദം തികച്ചും അടിസ്ഥാന രഹിതമാണ്.

2014 ജൂൺ ആറ് മുതൽ 2016 ജൂൺ 20 വരെ എസ്.ബി.ഐ ലൈഫ് എന്ന ഇൻഷുറൻസ് സംരംഭത്തിൽ ബി.ഡി.ഇ (ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യട്ടീവ്) ആയിട്ട് ജോലി ചെയ്തതാണ് അവസാനം വഹിച്ച ചുമതല. എം.ജി സർവകലാശാലയിൽ നിന്ന് എം.ബി.എ ബിരുദമുള്ള റിജാസ് ഹരിതിനും ഡെപ്യൂട്ടഷൻ നിയമനത്തിനുള്ള യോഗ്യതയില്ല. ഇന്റർവ്യൂ സമയത്ത് ഇദ്ദേഹം ഇതേ സ്ഥാപനത്തിലെ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുകയാണ്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നയാൾക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനത്തിന് അർഹതയില്ല.

ഇന്റർവ്യൂവിന് ഹാജരാകാതിരുന്ന മറ്റ് നാല് അപേക്ഷകരിൽ മൂന്ന് പേർക്കും വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതയില്ല. സഹീർ കാലടിയാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാതിരുന്ന ഒരാൾ. ഇദ്ദേഹം നിലവിൽ കുറ്റിപ്പുറം മാൽകോടെക്‌സിൽ അക്കൗണ്ട്‌സ് മാനേജർ ആയി ജോലി ചെയ്യുന്നു. ഇദ്ദേഹം അപേക്ഷയിൽ കാണിച്ച എം.ബി.എ ബിരുദം ഒരു വർഷം ദൈർഘ്യമുള്ള എക്‌സിക്യൂട്ടീവ് എം.ബി.എ ബിരുദമാണ്. വിനായക മിഷൻ സർവകലാശാലയിൽ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ ഒരു വർഷം ദൈർഘ്യമുള്ള എക്‌സിക്യൂട്ടീവ് എം.ബി.എക്ക് (സാധാരണ എം.ബി.എയുടെ കോഴ്‌സ് കാലദൈർഘ്യം രണ്ട് വർഷമോ അതിന് തുല്യമായി നാല് സെമസ്റ്ററോ ആണ്) തുല്യത സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടില്ല. അതിനാൽ വിജ്ഞാപന പ്രകാരം ഇദ്ദേഹവും ജനറൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടഷൻ നിയമനത്തിന് യോഗ്യനല്ല.

വി.പി അനസിന് ഭാരതീയാർ സർവകലാശാലയിൽ നിന്ന് എം.ബി.എ ബിരുദമുണ്ടെങ്കിലും ഡെപ്യൂട്ടേഷൻ നിയമനത്തിന് ഇദ്ദേഹവും യോഗ്യനല്ല. ഇന്റർവ്യൂവിൽ പങ്കെടുക്കാത്ത മറ്റൊരാൾ വി. ബാബു ആണ്. വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ ഇദ്ദേഹത്തിന് ഇല്ല. അപേക്ഷ സമയത്ത് ഇദ്ദേഹം സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറി റാങ്കിൽ ജോലി ചെയ്യുകയാണ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ള എം.എയും മധുര കാമരാജ് സർവകലാശാലയിൽ നിന്നുള്ള പി.ജി.ഡി.എമ്മുമാണ് യോഗ്യത. അപേക്ഷകരിൽ പലർക്കും വിജ്ഞാപന പ്രകാരമുള്ള യോഗ്യത ഉണ്ടെന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണെന്നും പത്രകുറിപ്പിൽ മന്ത്രി ജലീലിന്റെ ഓഫിസ് പറയുന്നു.

അതിനിടെ ന്യൂനപക്ഷ കോർപറേഷൻ ജനറൽ മാനേജർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് ഈ തസ്തികയിൽ അപേക്ഷകനായിരുന്ന പി. മോഹനൻ പറഞ്ഞു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജറായി പ്രവർത്തിച്ചിട്ടില്ല. എസ്.ബി.ഐ ലൈഫിൽ ബിസിനസ് ഡെവലപ്മന്റെ് എക്‌സിക്യൂട്ടിവായി നേരത്തെ പ്രവർത്തിച്ചിരുന്നു. ഈ ജോലി രാജിവെച്ചശേഷം തൊഴിൽരഹിതനായി നിൽക്കുമ്പോഴാണ് ന്യൂനപക്ഷ കോർപറേഷനിൽ ഇന്റർവ്യൂവിൽ പങ്കെടുത്തത്. ഡെപ്യൂട്ടേഷൻ അർഹതയില്ലാത്തതുകൊണ്ടായിരിക്കും നിയമനം ലഭിക്കാഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബന്ധു നിയമന വിവാദം കൊഴുക്കുന്നതിനിടെ മന്ത്രി കെ.ടി.ജലീലിനെതിരെ പുതിയ ആരോപണവുമായി കെ.എം.ഷാജി എംഎൽഎയും രംഗത്തുവന്നു. പാലക്കാട്ടെ ഒരു പഞ്ചായത്തിൽനിന്നു ക്രമക്കേടുകളുടെ പേരിൽ സർക്കാർ പുറത്താക്കിയ യുഡി ക്ലാർക്കിനെ തിരിച്ചെടുക്കാൻ മന്ത്രി ഇടപെടൽ നടത്തിയതായി ഷാജി ആരോപിച്ചു. മന്ത്രി ഇടപെട്ടതിന്റെ രേഖകൾ ഷാജി പുറത്തുവിട്ടു.

എലപ്പുള്ളി പഞ്ചായത്തിൽ തണ്ണീർത്തട നിയമം ലംഘിച്ചു നിർമ്മിച്ച കെട്ടിടങ്ങൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് യുഡി ക്ലാർക്ക് വി.രാമകൃഷ്ണനെ കഴിഞ്ഞ വർഷം ജൂൺ 8നു സർവീസിൽനിന്നു പുറത്താക്കിയതാണെന്നു ഷാജി പറഞ്ഞു. 146 കേസുകൾ ക്ലാർക്കിനെതിരെ ഉണ്ടായിരുന്നു. എന്നാൽ, 6 ദിവസത്തിനുശേഷം ജൂൺ 14നു ക്ലാർക്കിനെ സർവീസിൽ തിരിച്ചെടുത്തുവെന്നും മന്ത്രി കുറിപ്പെഴുതിയ പ്രകാരമാണ് ഉത്തരവിറങ്ങിയതെന്നും ഷാജി ആരോപിച്ചു.