തിരുവനന്തപുരം: ആർക്കും ഒരു വിലക്കുമില്ലാത്ത ഇടമാണ് അയ്യപ്പസന്നിധാനമെന്നു മന്ത്രി കെ ടി ജലീൽ. വാവരുമൊത്തുള്ള അയ്യപ്പന്റെ സൗഹൃദം കാലത്തെ അതിജീവിച്ചതാണെന്നും കുറിച്ച മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

കഴിഞ്ഞ ദിവസമാണു മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ ടി ജലീലും ശബരിമലയിൽ എത്തിയത്. മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള വിലയിരുത്തലുകൾക്കും ചർച്ചകൾക്കുമായാണ് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം സന്നിധാനത്ത് എത്തിയത്.

അയ്യപ്പസന്നിധിയിലെത്തിയ അനുഭവം വിവരിച്ചു മന്ത്രി ജലീൽ ഫേസ്‌ബുക്കിലിട്ട കുറിപ്പ് ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ജലീലിന്റെ വാക്കുകൾ ഇങ്ങനെ:

മലകയറി ശബരിമല സന്നിധാനത്തെത്തിയപ്പോൾ സമയം പുലർച്ചെ 1.15 ആയിരുന്നു. രാത്രി അവിടെ തങ്ങി. രാവിലെ ശ്രീകോവിൽ ചുറ്റി കണ്ടു. അയ്യപ്പസന്നിധാനത്തിന്റെ മുന്നിലുമെത്തി, അവിടെ ആർക്കും ഒരു വിലക്കുമില്ല...! അതുകഴിഞ്ഞ് ശ്രീകോവിലിന് പടിഞ്ഞാറോട്ട് തുറന്ന് വച്ച് നിൽക്കുന്ന വാവരുടെ നടയിലുമെത്തി. അയ്യപ്പന്റെ പോരാളിയായിരുന്നല്ലോ മുസൽമാനായിരുന്ന വാവർ. അവരുടെ സൗഹൃദം മരണത്തിനു ശേഷവും നൂറ്റാണ്ടുകളായി സുദൃഡമായി നിലനിൽക്കുന്നു. ആ നല്ല കാലത്തെ നമുക്ക് വീണ്ടും പുനർജനിപ്പിക്കാം...

ശബരിമല തീർത്ഥാടനകാലം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താനും വിവിധ സർക്കാർ വകുപ്പുകളുടേയും മറ്റും ഏകോപനയോഗം ചേരാനും വേണ്ടിയായിരുന്നു ശബരിമല സന്നിധാനത്തിലും പരിസരങ്ങളിലും സന്ദർശനത്തിനെത്തിയത്...