- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി കെ ടി ജലീൽ വളാഞ്ചേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു; വഴിനീളെ കരിങ്കൊടികളുമായി പ്രതിപക്ഷ യുവജന സംഘടനകൾ; ചങ്ങരംകുളത്തും പെരുമ്പിലാവിലും തൃശ്ശൂരിലും പ്രതിഷേധം; സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ എന്താണ് തെറ്റെന്നും സ്വന്തമായി വാഹനമില്ലെന്നും ജലീൽ; മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നും പറയാനുള്ളത് ഫേസ്ബുക്കിൽ പറയുമെന്നും മന്ത്രി; ഒളിച്ചു കളി തുടരുമ്പോഴും ജലീലിനെ എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്തേക്കുമെന്നും സൂചനകൾ
മലപ്പുറം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ ഉണ്ടായ പ്രതിഷേധങ്ങൾക്കിടെ മന്ത്രി കെ ടി ജലീൽ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. വളാഞ്ചേരിയിലെ വീട്ടിൽ നിന്നുമാണ് മന്ത്രി തിരുവനന്തപുരത്തേക്ക് കാറിൽ പുറപ്പെട്ടത്. മന്ത്രി പുറപ്പെട്ടത് അറിഞ്ഞ് മാധ്യമപ്രവർത്തകരും അദ്ദേഹത്തിന്റെ പിന്നാലെ യാത്ര തിരിച്ചിട്ടുണ്ട്. യാത്രക്കിടെ അദ്ദേഹം തവനൂരിലെ കൃഷിയിടത്തിലും ഇറങ്ങി. ഇവിടെ വെച്ച് മാധ്യമപ്രവർത്തകർ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഫേസ്ബുക്കിൽ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സുരക്ഷയോടെയാണ് മന്ത്രി യാത്ര തിരിച്ചത്. യാത്രക്കിടെ മന്ത്രിയെ വിവിധ പ്രതിപക്ഷ പാർട്ടികൾ കരിങ്കൊടി കാണിച്ചു. വളാഞ്ചേരിയിലെ വീടിന് സമീപത്തും ചങ്ങരം കുളത്തും പെരുമ്പിലാവിലും തൃശ്ശൂരിലും മന്ത്രിക്കെതിരെ പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എൻ.ഐ.എയും കസ്റ്റംസും മന്ത്രി കെ. ടി ജലീലിനെ ചോദ്യം ചെയ്യും. നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ കൊണ്ട് വന്നതിനെക്കുറിച്ചാണ് അന്വേഷണം.
കഴിഞ്ഞ ദിവസം രണ്ടര മണിക്കൂർ കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അതേസമയം ചോദ്യം ചെയ്യലിനെ സംബന്ധിച്ച് മന്ത്രി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ തനിക്ക് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. ഫേസ്ബുക്കലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം'', കെ.ടി ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രി കെ.ടി ജലീൽ മാധ്യമങ്ങളോട് മറച്ചുവെച്ചതും ഇ.ഡി ഓഫീസിൽ ജലീൽ ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പോയതുമെല്ലാം ചർച്ചയായിരുന്നു.
അതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലേക്കു പോകാൻ സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ എന്ത് തെറ്റാണുള്ളതെന്നു മന്ത്രി കെ.ടി.ജലീൽ ചോദിച്ചു. ഇഡി ഓഫിസിലേക്ക് ഔദ്യോഗിക പകിട്ടിൽ പോകേണ്ടെന്നു കരുതി. സ്വന്തമായി ഒരു വാഹനം ഇല്ലാത്തതുകൊണ്ട് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചു. അതിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്നു മന്ത്രി ചോദിച്ചു. മനോരമയോടായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണു മന്ത്രിയെ ഇഡി ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിനു ഹാജരാകാനെത്തിയപ്പോൾ കുടുംബസുഹൃത്തായ അരൂരിലെ വ്യവസായി എം.എസ്.അനസിന്റെ വീട്ടിലേക്കാണു ജലീൽ ഔദ്യോഗിക വാഹനത്തിലെത്തിയത്. സ്റ്റേറ്റ് കാർ അവിടെയിട്ട് അനസിന്റെ സ്വകാര്യവാഹനത്തിൽ ഇഡിയുടെ കൊച്ചി ഓഫിസിലെത്തി. മൊഴി നൽകിയ ശേഷം അദ്ദേഹം മടങ്ങിയതും അനസിന്റെ വാഹനത്തിലാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനുൾപ്പെടെ ആലപ്പുഴ ജില്ലയിലെ പാർട്ടി പരിപാടികൾക്ക് എത്തുമ്പോൾ ജലീൽ ഉപയോഗിച്ചിരുന്നത് അനസിന്റെ വാഹനമായിരുന്നു.
അതിനിടെ എൻഫോഴ്സ്മെന്റിന് പിന്നാലെ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും എൻഐഎയും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇതിനിടെ ജലീലിന്റെ സുഹൃത്ത് അരൂർ സ്വദേശി അനസിനെക്കുറിച്ച് കേന്ദ്ര ഏജൻസികൾ വിവര ശേഖരണം തുടങ്ങി. മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിന്റെ മറവിൽ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ സ്വർണക്കള്ളക്കടത്ത് നടത്തിയെന്നാണ് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നത്.
മന്ത്രി കെ ടി ജലീലിന്റെ അറിവോടെയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഓഫീസ് മറയാക്കിയോ പ്രതികൾ കള്ളക്കടത്ത് നടത്തി എന്നാണ് എൻഫോഴ്സ്മെന്റ് അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സംശയം. ഈ പശ്ചാത്തലത്തിലാണ് കെ ടി ജലീലിനെ നോട്ടീസ് നൽകി വിളിച്ചുവരുത്താൻ എൻ ഐ എയും കസ്റ്റംസും ഒരുങ്ങുന്നത്. ഇരു ഏജൻസികളുടെയും തലപ്പത്തുനിന്നും ഇക്കാര്യത്തിൽ നിർദേശങ്ങൾ എത്തുന്നുണ്ട്.
മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണക്കള്ളക്കടത്തോ ഹവാലോ ഇടപാടുകളോ നടന്നിട്ടുണ്ടെങ്കിൽ അത് യുഎപിഎ നിലനിൽക്കുന്ന രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പട്ടികയിൽ വരുമെന്നാണ് എൻഐഎയ്ക്ക് കിട്ടിയ നിയമോപദേശം. അറിഞ്ഞോ അറിയാതയോ ഇതിനെ സഹായിക്കുന്നതും രാജ്യവിരുദ്ധ പ്രവർത്തനമാണ്. പ്രോട്ടോകോൾ ലംഘിച്ച് മതഗ്രന്ഥങ്ങൾ വിതരണം ചെയ്യാൻ മന്ത്രി കെ ടി ജലീൽ കൈപ്പറ്റയിത് സംബന്ധിച്ചാണ് പരിശോധന. ഇതിനിടെ, എൻഫോഴ്സ്മെന്റും ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ജലീൽ നൽകിയ മൊഴി ഇ ഡി ഡയറക്ടറുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്ന് ലഭിക്കുന്ന നിർദേശത്തിന്റെ കൂടി പശ്ചാത്തലത്തിലാകും അടുത്ത ഘട്ട ചോദ്യം ചെയ്യൽ.
ഇതിനിടെ, മന്ത്രി ജലീലിന്റെ സുഹൃത്തായ അരൂർ സ്വദേശിയായ വ്യവസായി പികെ അനസിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വാഹനത്തിലാണ് മന്ത്രി ജലീൽ ചോദ്യം ചെയ്യലിന് എത്തിയത്. ഇദ്ദേഹത്തിന്റെ സാന്പത്തിക പശ്ചാത്തലവും ഇടപാടുകളുമാണ് പരിശോധിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ