- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമയെ നിശ്ചയിച്ചത് എങ്ങനെയെന്ന് നേതൃത്വം പറയണം; ഉമയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കെ വി തോമസ്; സീറ്റ് നൽകാതെ ആക്ഷേപിച്ചിട്ടും പാർട്ടി വിട്ടുപോയിട്ടില്ലെന്നും നേതാവ്; കോൺഗ്രസ് അംഗത്വവും പുതുക്കി; തോമസിനെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങുമെന്ന് ഉമ തോമസും; പിടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച് സ്ഥാനാർത്ഥി
കൊച്ചി: തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉമാ തോമസിനെ തീരുമാനിച്ചതിൽ പ്രതികരണവുമായി കെ.വി തോമസ്. ഉമയെ നിശ്ചയിച്ചത് എങ്ങനെയെന്ന് നേതൃത്വം നേതൃത്വം പറയണമെന്ന് തോമസ് തുറന്നടിച്ചു. സീറ്റ് നൽകാതെ ആക്ഷേപിച്ചിട്ടും പാർട്ടി വിട്ടു പോയിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു. ഉമയുമായിട്ട് നല്ല ബന്ധമാണുള്ളത്. കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. അത് വ്യക്തിപരമാണ്, എന്നാൽ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് വികസനമാണ്. കെ റെയിൽ അന്ധമായി എതിർക്കരുതെന്ന് ആദ്യം പറഞ്ഞിരുന്നു. കേരളത്തിൽ വികസനമുണ്ടാകുമെന്ന് ബോധ്യപ്പെടുത്തേണ്ടത് രാഷ്ട്രീയ പാർട്ടികളാണെന്നും കെ വി തോമസ് പറഞ്ഞു.
വികസന കാര്യം എവിടെയാണ് പറയാൻ കഴിയുന്നത് അവിടെ പ്രചാരണത്തിന് ഇറങ്ങും. കോൺഗ്രസിനോട് വിയോജിപ്പില്ലെന്നും തോമസ് പറഞ്ഞു. താൻ കോൺഗ്രസുകാരനല്ലെന്ന് കോൺഗ്രസിലുള്ളവർക്ക് പറയാനാകില്ല.കോൺഗ്രസിന്റെ വികാരവും കാഴ്ചപ്പാടും ഉൾകൊള്ളുന്നു. സീറ്റ് നൽകാതെ ആക്ഷേപിച്ചിട്ടും പാർട്ടി വിട്ടുപോയിട്ടില്ല. താൻ വിശ്വസിക്കാൻ കൊള്ളാവുന്ന രാഷ്ട്രീയക്കാരനാണ്. അതേസമയം, കെ.വി തോമസിന്റേയും കുടുംബത്തിന്റേയും പിന്തുണ തനിക്ക് ഉണ്ടാകുമെന്ന് തൃക്കാക്കര ഉപതെരഞ്ഞടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ്. കെ.വി തോമസിനെ ഫോണിൽ വിളിച്ചിരുന്നെന്നും തനിക്കെതിരെ അദ്ദേഹം പ്രവർത്തിക്കുമെന്ന് കരുതുന്നില്ലെന്നും ഉമാ തോമസ് പറഞ്ഞു.
അതേസമയം കെ.വി.തോമസ് കോൺഗ്രസ് അംഗത്വം പുതുക്കിയത് സ്ഥിരീകരിച്ച് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും രംഗത്തുവന്നു. കെ.വി.തോമസടക്കം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ രംഗത്തുണ്ടാകും. തൃക്കാക്കര തിരഞ്ഞെടുപ്പിൽ അസ്വാരസ്യങ്ങളില്ലാതെ ഒറ്റക്കെട്ടായ പ്രവർത്തനമുണ്ടാകുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ഈ മാസം 2നാണ് കെ.വി തോമസ് അംഗത്വം പുതുക്കിയത്. അംഗത്വ ഫീസ് അടച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ഹൈക്കമാൻഡിന്റെ അച്ചടക്ക നടപടികൾക്കു പിന്നാലെയാണ് അംഗത്വം പുതുക്കിയത്.
അതേസമയം, കെ.വി തോമസിന്റേയും കുടുംബത്തിന്റേയും പിന്തുണ തനിക്ക് ഉണ്ടാകുമെന്ന് തൃക്കാക്കര ഉപതെരഞ്ഞടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ്. കെ.വി തോമസിനെ ഫോണിൽ വിളിച്ചിരുന്നെന്നും തനിക്കെതിരെ അദ്ദേഹം പ്രവർത്തിക്കുമെന്ന് കരുതുന്നില്ലെന്നും ഉമാ തോമസ് പറഞ്ഞു. അദ്ദേഹത്തെ നേരിൽ കണ്ട് അനുഗ്രഹം തേടുമെന്നും ഉമ തോമസ് പറഞ്ഞു.
സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിനു പിന്നാലെ പ്രചരണം കൊഴുപ്പിച്ച് തൃക്കാക്കരയിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി ഉമ തോമസ്. ഭവന സന്ദർശനവും കുടുംബയോഗവുമായിരുന്നു ആദ്യ പരിപാടികൾ. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതുമുതൽ ആവേശത്തിലായിരുന്നു പാർട്ടി പ്രവർത്തകർ. പി.ടിയെ സ്നേഹിക്കുന്നവർ തനിക്കൊപ്പമുണ്ടാകുമെന്നും പി.ടിയുടെ ഓർമ്മകൾക്കു മുന്നിൽ എതിർ സ്വരങ്ങൾ ഇല്ലാതാകുമെന്നും ഉമ തോമസ് പറഞ്ഞു. ഭവന സന്ദർശനവും കുടുംബയോഗവുമായി ആദ്യദിനം തന്നെ സജീവമായിരുന്നു യു.ഡി.എഫ്. ക്യാമ്പ്.
ഇന്ന് രാവിലെ തന്നെ പി ടി തോമസിന്റെ ജന്മ നാടായ ഇടുക്കിയിലെ ഉപ്പുതോട്ടിൽ ഉമ തോമസ് എത്തി. പള്ളിയിലെ പ്രാർത്ഥനക്ക് ശേഷം പി ടിതോമസിന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ചു. ഉപ്പുതോടിലെ ആളുകലെ നേരിൽ കണ്ട് കുശലാന്വേഷണം നടത്തി. ശേഷം ഉമ ഇടുക്കി ബിഷപ്പിനെ സന്ദർശിച്ചു. ബിഷപ്പിന്റെ അനുഗ്രഹം വാങ്ങാൻ ആണ് എത്തിയതെന്ന് ഉമ പറഞ്ഞു. എല്ലാ സഹകരണം ഉണ്ടാകും എന്ന് ബിഷപ് പറഞ്ഞു. തെറ്റിദ്ധാരണയെ തുടർന്ന് പി ടി യോട് ഒന്നോ രണ്ടോ പേർ എതിര് നിന്നാലും അതിലേറെ പേർ ഒപ്പം ഉണ്ടായിരുന്നല്ലോ എന്ന് ഉമ കൂട്ടിച്ചേർത്തു
ഇന്നലെയാണ് തൃക്കാക്കരയിലെ സ്ഥാനാർത്ഥിയായി ഉമ തോമസിനെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ ഉമ പിന്നീട് പിടി തോമസിന്റെ ജീവിത സഖിയാകുകയായിരുന്നു. പി ടി തോമസിന്റെ മരണത്തോടെ സംജാതമായ ഉപതെരഞ്ഞെടുപ്പിൽ പി ടിയുടെ ഭാര്യ തന്നെ മൽസരത്തിനിറങ്ങുമ്പോൾ സഹതാപ തരംഗം കൂടി യുഡിഎഫ് ലക്ഷ്യമിടുന്നുണ്ട്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിടി തോമസിനേക്കാൾ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണ്ഡലത്തിൽ മികച്ച മുന്നൊരുക്കങ്ങൾ നടത്താൻ യുഡിഎഫിന് സാധിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം എല്ലാ മുതിർന്ന നേതാക്കളുമായും സംസാരിച്ച ശേഷമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഉമ മികച്ച സ്ഥാനാർത്ഥിയാണ്. ചിട്ടയായ പ്രവർത്തനവും നിയോജക മണ്ഡലത്തിന്റെ പാരമ്പര്യവും സ്ഥാനാർത്ഥിക്ക് ഗുണം ചെയ്യുമെന്നും സതീശൻ പറഞ്ഞു.
സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസങ്ങളടക്കം തിരിച്ചടിയായിട്ടുണ്ടെന്നാണ് മുൻ തെരഞ്ഞെടുപ്പ് അനുഭവങ്ങളിൽ നിന്നും പഠിച്ചത്. അതുൾക്കൊണ്ട് തൃക്കാക്കരയിൽ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്താൻ സാധിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എതിർപ്പുകൾ ചെറിയ പക്ഷമാണ്. മുതിർന്ന നേതാക്കൾ എതിർപ്പുയർത്തിയവരുമായി സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ