- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനി കേരള വീഞ്ഞിന്റെ ലഹരി നുണയാം; മലയാളികളുടെ സ്വന്തം കെ-വൈൻ വിപണിയിലേക്ക്; വൈൻ നിർമ്മാണ യൂണിറ്റ് തുടങ്ങാനുള്ള ചട്ടത്തിന് അംഗീകാരം; ലൈസൻസ് കാലാവധി മൂന്നുവർഷം; പദ്ധതി സംസ്ഥാനത്തെ പഴവർഗ്ഗങ്ങളിൽ നിന്ന് വീഞ്ഞ് ഉണ്ടാക്കാൻ
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം വൈൻ 'കെ- വൈൻ' വിപണിയിൽ ഇറക്കാനുള്ള നടപടികൾ ആരംഭിച്ചു. വൈൻ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ എക്സൈസ് വകുപ്പ് തയ്യാറാക്കിയ ചട്ടത്തിന് നിയമ വകുപ്പ് അംഗീകാരം നൽകി.
ഫയൽ നിയമസഭ സബ്ജക്ട് കമ്മിറ്റി കൂടി കണ്ട ശേഷമാവും ഉത്തരവിറങ്ങുക. പുതിയ ചട്ടങ്ങൾ തയ്യാറാക്കുമ്പോൾ കമ്മിറ്റിയെ അറിയിക്കണമെന്ന നിർദ്ദേശമുള്ളതിനാലാണിത്. കേരളത്തിൽ നിലവിൽ അംഗീകൃത വൈൻ നിർമ്മാണ യൂണിറ്റുകളില്ല. വൈൻ നിർമ്മാണ യൂണിറ്റുകൾക്ക് 3 വർഷമാണ് ലൈസൻസ് കാലാവധി. വാർഷിക ഫീസ് 50,000 രൂപ, വൈൻ ബോട്ട് ലിങ് ലൈസൻസി 5000 രൂപ ഫീസ്. ലൈസൻസ് പുതുക്കി നൽകാനുള്ള അധികാരം എക്സൈസ് കമ്മീഷണർക്കായിരിക്കും.
എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം കാർഷിക വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ചെയർമാനായി ഭക്ഷ്യ സുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ, ഫാക്ടറിസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഇൻസ്പെക്ടർ എന്നിവർ അംഗങ്ങളായ കമ്മിറ്റി ശുപാർശ ചെയ്താലേ ലൈസൻസ് ലഭിക്കൂ.
സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന പഴവർഗ്ഗങ്ങളിൽ നിന്ന് വൈൻ നിർമ്മിക്കാനുള്ള പദ്ധതിയാണിത്. പൈനാപ്പിൾ, ചക്ക തുടങ്ങിയവയിൽ നിന്ന് ഉൽപാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ജാതിക്കയുടെ തോടിൽ നിന്ന് ഉണ്ടാക്കുന്നതും പരിഗണിക്കും. യൂണിറ്റ് ആരംഭിക്കാൻ കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണ്ടിവരും. മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ വൈൻ എത്തുന്നത്. മുന്തിരിയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈനാണിത്.
അതേ സമയം പഴവർഗങ്ങളിൽ നിന്നും ധാന്യേതര കാർഷിക വിഭവങ്ങളിൽ നിന്നും ലഹരി കുറഞ്ഞ മദ്യം നിർമ്മിക്കുന്ന പദ്ധതി വൈകും. പൈലറ്റ് പ്രൊജക്ടായി തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ മരച്ചീനിയിൽ നിന്ന് എഥനോളും മൂല്യവർദ്ധിത ഉത്പന്നങ്ങളും നിർമ്മിക്കാനുള്ള പ്രധാന നടപടികൾ തുടങ്ങിയില്ല. ലാബ് ജോലികൾ നടക്കുന്നുണ്ട്. ഇതിന് 2 കോടി അനുവദിച്ചെങ്കിലും ഗവേഷണ കേന്ദ്രത്തിന് കൈമാറിയിട്ടില്ല. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് തുടങ്ങിയ വിഭവങ്ങളാണ് ഉപയോഗിക്കുക.