തിരുവനന്തപുരം: ഞാൻ വന്നേക്കുന്നത് കാവലിനാണ്.. ആരാച്ചാരാക്കരുത് എന്നെ..! ബിജെപി ബന്ധത്തിന്റെ പേരിൽ തന്റെ പുതിയ ചിത്രമായ കാവൽ സിനിമക്കെതിരെ ഉറഞ്ഞു തുള്ളുന്നവരോട് സുരേഷ് ഗോപിക്കും പറയാനുള്ളത് സിനിമയിലെ ഈ മാസ്സ് ഡയലോഗാണ്. നാളെയാണ് സുരേഷ് ഗോപി നായകനാകുന്ന കാവൽ സിനിമ വെള്ളിത്തിരയിൽ എത്തുന്നത്. ഇടവേളയ്ക്ക് ശേഷമുള്ള സുരേഷ് ഗോപിയുടെ വമ്പൻ എൻട്രി തന്നെയാണ് സിനിമയിൽ പ്രതീക്ഷിക്കുന്നത്. ആ പഴയ ആക്ഷൻ ഹീറോയെ സ്‌ക്രീനിൽ കാണാനാമെന്ന് വാഗ്ദാനമാണ് നിഥിൻ രഞ്ജി പണിക്കർ നൽകുന്നത്.

സിനിമയുടേതായി പുറത്തുവന്ന ടീസറുകളിൽ എല്ലാം ഏറെ പ്രതീക്ഷകൾ ഉണർത്തുന്നതാണ്. സുരേഷ് ഗോപിയും രൺജിപണിക്കരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന സിനിമയുടെ സംവിധായകൻ നിഥിൻ രൺജിപണിക്കരാണ്. റിലീസിന് മുന്നോടിയായി പുതിയ ടീസർ ഇന്നലെ പുറത്തുവിട്ടിരുന്നു. സുരേഷ് ഗോപിയുടെ ആരാധകർക്ക് പൂർണസംതൃപ്തി നൽകുന്ന ചിത്രമായിരിക്കും കാവൽ എന്ന് ഒരിക്കൽകൂടി വ്യക്തമാക്കുകയാണ് ഈ ടീസറും.

കോവിഡ് അടച്ചിടലിന് ശേഷം ബിഗ് സ്‌ക്രീനിലെത്തുന്ന ആദ്യ സൂപ്പർതാര ചിത്രം കൂടിയാണ് കാവൽ. 14 ജില്ലകളിലും ഫാൻസ് ഷോകൾ ഒരുക്കി കൊണ്ടാണ് സിനിമ റിലീസിംഗിന് ഒരുങ്ങുന്നത്. സുരേഷ് ഗോപി ചിത്രം കാണരുതെന്ന പ്രചരണങ്ങളെല്ലാം തള്ളി തീയറ്ററിലേക്ക് ആരാധകർ ഒഴുകി എത്തുമെന്നാണ് എല്ലാവരുരുടെയും പ്രതീക്ഷ. തമ്പാൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപിയെത്തുന്നത്. രൺജി പണിക്കരും പ്രധാനവേഷത്തിലുണ്ട്. സുരേഷ് കൃഷ്ണ, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി തുടങ്ങിയവരും താരനിരയിലുണ്ട്.

കാവൽ നിരാലംബരായ സ്ത്രീകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന സിനിമയാകുമെന്നാണ് സുരേഷ് ഗോപി അഭിപ്രായപ്പെടുന്നത്. ദുബായിൽ അടക്കം സിനിമ റിലീസ് ചെയ്യുന്നുണ്ട്. പീഡനത്തിന് ഇരയാകുന്നവരെയെല്ലാം സംരക്ഷിക്കാനായില്ലെങ്കിലും ഇവർക്കെല്ലാം കാവലായി ഉണ്ടാകണമെന്ന് ആഗ്രഹമെന്നാണ് സുരേഷ് ഗോപി ദുബായിൽ പറഞ്ഞത്. കാവൽ സിനിമ റിലീസിന് തിയേറ്ററുകൾ തുറക്കാൻ കാത്തിരിക്കുകയായിരുന്നു.

എല്ലാത്തരം ആളുകൾക്കും ഒരുപോലെ കാണാനായാണ് തിയേറ്ററിൽതന്നെ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. തിയറ്ററുകളോടൊപ്പം ഒ.ടി.ടി.യിലും ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കാവൽ ഒരു ഫാമിലി ഡ്രാമ ആക്ഷൻ ചിത്രമാണ്. ആക്ഷൻ ഹീറോ എന്ന സുരേഷ് ഗോപിയുടെ ഇമേജ് കാത്തുസൂക്ഷിക്കുന്ന മികച്ച ചിത്രമായിരിക്കുമിതെന്നാണ് നിഥിൻ പറയുന്നത്. നിഖിൽ എസ്. പ്രവീണാണ് ഛായാഗ്രഹണം. രഞ്ജിൻ രാജ് ഒരുക്കിയ ഗാനങ്ങൾ നേരത്തെ തന്നെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു. ബി.കെ. ഹരിനാരായണന്റേതാണ് വരികൾ.

പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ. കലാസംവിധാനം ദിലീപ് നാഥ്. മേക്കപ്പ് പ്രദീപ് രംഗൻ. വസ്ത്രാലങ്കാരം നിസ്സാർ റഹ്മത്ത്. സ്റ്റിൽസ് മോഹൻ സുരഭി. പരസ്യകല ഓൾഡ് മങ്ക്സ്. ഓഡിയോഗ്രഫി രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ അരുൺ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സനൽ വി ദേവൻ, സ്യമന്തക് പ്രദീപ്. ആക്ഷൻ സുപ്രീം സുന്ദർ, മാഫിയ ശശി, റൺ രവി. വാർത്താ പ്രചരണം എ എസ് ദിനേശ്.