മൈലാപ്പൂരിൽ നിന്ന് മലേഷ്യയിലെത്തി അധോലോക സാമ്രാജ്യം സ്ഥാപിച്ച കബാലീശ്വരന്റെ കഥ വീണ്ടും സ്‌ക്രീനിലെത്തുമെന്ന് ഉറപ്പായി.ഈ വർഷം ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച രജനീകാന്ത് ചിത്രം കബാലിയുടെ രണ്ടാം ഭാഗത്തിന്റെ പേര് രജിസ്റ്റർ ചെയ്തതോടെയാണ് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വ്യക്തമായത്.

കലൈപുലി എസ് താണു തമിഴ്‌നാട് ഫിലീം ചേംബറിൽ കബാലി സെക്കൻഡ് എന്ന് ടൈറ്റിൽ രജിസ്റ്റ്രർ ചെയ്തതോടെ ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചെങ്കിലും കബാലിയുടെ രണ്ടാം ഭാഗത്തിൽ രജനീകാന്ത് ഉണ്ടാവുമോ എന്നതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കബാലിയിലെ വേഷം ചെയ്യാൻ രജനീകാന്ത് സമ്മതിച്ചിട്ടില്ലെന്നാണ് പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ടു ചെയ്യുന്നത്. പക്ഷേ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം ആദ്യം ആരംഭിക്കുമെന്നാണ് സൂചന. യെന്തിരന്റെ രണ്ടാം ഭാഗമായ 2.0 യുടെ ചിത്രീകരണ തിരക്കിലാണിപ്പോൾ രജനീകാന്ത്.ധനുഷ് നിർമ്മിച്ച് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലും രജനീകാന്ത് കരാറൊപ്പിട്ടിട്ടുണ്ട് . യെന്തിരന്റെ രണ്ടാം ഭാഗത്തിനു ശേഷം രഞ്ജിത്ത് ചിത്രം ആരംഭിക്കും.

ബോക്സ് ഓഫീസിൽ നിന്നും മറ്റ് റൈറ്റ്സുകളിലൂടെയും 500 കോടിയോളമാണ് കബാലി നേടിയത്. രാധികാ ആപ്തേയും ധൻസികയുമായിരുന്നു നായികമാർ.