മിഴ്‌നാട്ടിലെ ആരാധകർ ആവേശത്തിലാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർസ്റ്റാറിന്റെ ചിത്രം കബാലി റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളും ഓരോ ദിവസവും വാർത്തയിൽ നിറയുകയാണ്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രജനി സ്‌ക്രീനിലെത്തുന്ന പാ.രഞ്ജിത്ത് ചിത്രം 'കബാലി'യുടെ അഡ്വാൻസ് ബുക്കിങ് ഭാഗികമായി ആരംഭിച്ചതാണ് ഇപ്പോൾ പുതിയ വിശേഷം. കേരളത്തിലെയും കർണാടകയിലെയും ചില ഭാഗങ്ങളിൽ മാത്രമാണ് ബുക്കിങ് ആരംഭിച്ചത്. എന്നാൽ ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ഹൗസ് ഫുൾ ആയെന്നാണ് റിപ്പോർട്ട്.

ബംഗളൂരുവിൽ റെക്സ് തീയേറ്റർ, ഉർവശി ഡിജിറ്റൽ 4കെ സിനിമ എന്നിവിടങ്ങളിലാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ ഹൗസ്ഫുൾ ആയി.കൊച്ചിയിൽ ക്യു സിനിമയിലും പാൻ സിനിമയിലുമാണ് കബാലി ബുക്കിങ് ആരംഭിച്ചത്. ക്യൂ സിനിമയിലെ ആദ്യ പ്രദർശനം 22ന് രാവിലെ ഏഴ് മണിക്കാണ്. അഡ്വാൻസ് ബുക്കിങ് വിവരം അണിയറക്കാർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചു.

കൂടാതെ കബാലി' കാണാൻ തിയറ്റർ ഫുൾ ബുക്കുചെയ്തിരിക്കുകയാണ് ചെന്നൈയിലെ ഐടി കമ്പനിയായ ഫ്രെഷ് ഡസ്‌ക്. നഗരത്തിലെ പ്രമുഖ തിയേറ്ററിൽ 'കബാലി'യുടെ ഒരു ഷോ മുഴുവൻ ജീവനക്കാർക്കുവേണ്ടിയാണ് ഐടി കമ്പനി സ്ഥാപകൻ ഗിരീഷ് മാതൃഭൂതൻ സ്‌പോൺസർ ചെയ്തിരിക്കുന്നത്. ആകെ എഴുന്നൂറോളം സീറ്റുകൾ. ഗിരീഷ് മാതൃഭൂതൻ കടുത്ത രജനി ആരാധകനാണ്. ആറു വർഷം മുൻപു രജനിയുടെ 'യന്തിരൻ' റിലീസ് ചെയ്തതിന്റെ അടുത്ത ആഴ്ചയിലാണു ഈ കമ്പനി ആരംഭിച്ചത്. പിന്നീടു കൊച്ചടയാൻ, ലിംഗ എന്നിവ റിലീസ് ചെയ്തപ്പോഴും ഇത്തരത്തിൽ ജീവനക്കാർക്കുവേണ്ടി കൂട്ട ബുക്കിങ് നടത്തിയിരുന്നു. പടം കാണാൻ ജീവനക്കാർ ആരും ക്യൂ നിൽക്കുകയോ പണം മുടക്കുകയോ വേണ്ട; എല്ലാം കമ്പനിവകയാണെന്നു ഗിരീഷ് പറഞ്ഞു

എന്നാൽ ചിത്രം റിലീസ് ചെയ്യുന്ന ദിനം അഭിഷേകം നടത്തി പാൽ ഒഴുക്കി കളയരുതെന്ന അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ക്ഷീര കർഷകരുടെ സംഘടന.പാൽ വെറുതെ പാഴാക്കി കളയുന്നത് ദുഃഖകരമാണെന്ന് തമിഴ്‌നാട് മിൽക്ക് ഡീലേഴ്സ് എംപ്ലോയീസ് അസോസിയേഷൻ നേതാവ് എസ്എ പൊന്നുസ്വാമി പറയുന്നു. പാലഭിഷേകം തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രജനികാന്തിനെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് സംഘടന.

പാലഭിഷേകത്തിന് പകരം രക്തനദാനം നടത്താൻ ആരാധകരോട് നിർദ്ദേശിക്കണമെന്നാണ് ഇവരുടെ ആവശ്യം.രാവും പകലുമില്ലാതെ വെയിലും മഴയും കൊണ്ട് വീടുകളിൽ പാൽ പാക്കറ്റ് എത്തിക്കുന്ന ഒന്നരലക്ഷം വിതരണക്കാർ സംഘടനയിലുണ്ട്. വിജയ്യുടെ 'തെറി' റിലീസ് ചെയ്ത സമയത്ത് കട്ടൗട്ടുകളിൽ പാലൊഴുക്കാൻ ആരാധകർ പാൽ മോഷ്ടിച്ച സംഭവം വരെയുണ്ടായി. ആരാധകരെ ഇത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കാൻ താരങ്ങൾ തയ്യാറാകണം.

എസ്എ പൊന്നുസ്വാമി രജനികാന്ത്, കമൽ ഹാസൻ, അജിത്, വിജയ്, സൂര്യ, ധനുഷ് എന്നീ താരങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്ന സമയത്താണ് ആരാധകരുടെ പാലഭിഷേകം സാധാരണ നടക്കാറുള്ളത്. ഇവരുടെ കൂട്ടത്തിലേക്ക് ഇപ്പോൾ കാർത്തിയുടെ ആരാധകരും എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ മാത്രമല്ല ഇത്തരം പാലഭിഷേകം നടക്കുന്നത്. രജനികാന്തിന്റെ 'എന്തിരൻ' റിലീസ് ചെയ്ത സമയത്ത് അമേരിക്കയിലെ സീറ്റിലിലുള്ള തിയേറ്ററിൽ ആരാധകർ പാലഭിഷേകം നടത്തിയത് വാർത്തയായിരുന്നു. വിജയ്യുടെ നൻപൻ' റിലീസ് ചെയ്യുന്ന മുംബൈയിലും സമാന സംഭവം നടന്നിരുന്നു.

2015ൽ രജനികാന്തിനെതിരെ പൊന്നുസ്വാമി കോടതിയിൽ രംഗത്തെത്തിയിരുന്നു. സിനിമ റിലീസ് സമയത്ത് ആരാധകർ ആയിരക്കണക്കിന് ലിറ്റർ പാൽ ഒഴുക്കി കളയുന്നുവെന്ന് ആരോപിച്ചായിരുന്നു അന്ന് കേസ് നൽകിയത്. ഒരു കപ്പ് പാൽ പോലും ലഭിക്കാതെ നിരവധി ഭർഭിണികളും കുട്ടികളും കഴിയുമ്പോൾ രജനി ആരാധകർ പാൽ വെറുതെ ഒഴുക്കി കളയുന്നുവെന്നാണ് അന്ന് പൊന്നുസ്വാമി കോടതിയിൽ വാദിച്ചത്.