ചെന്നൈ: കബാലി സിനിമയുടെ ഭാഗങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. ചിത്രത്തിന്റെ സെൻസർ കോപ്പി ലീക്കായ വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് മിനിട്ട് വരുന്ന ക്ലിപ്പ് പുറത്തുവന്നത്.

രജനീകാന്തിന്റെ കഥാപാത്രമായ കബാലീശ്വരനെ അവതരിപ്പിക്കുന്ന രംഗമാണു ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. സൂപ്പർ താരത്തിന്റെ എല്ലാ പകിട്ടോടെയുമാണ് രജനിയെ സ്‌ക്രീനിൽ അവതരിപ്പിക്കുന്നത്.

സിനിമയുടെ ഇന്റർനെറ്റ് ഡൗൺലോഡിങ്ങും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും നിർമ്മാതാക്കളുടെ ആവശ്യപ്രകാരം മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ വാട്ട്‌സ്ആപ്പ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ ഇവ പ്രചരിക്കുകയാണ്. ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുക ദുഷ്‌കരമാണ്.

നാളെ പുലർച്ചെ ഒന്നിന് ചെന്നൈ കാശി തിയറ്റിൽ വച്ചാണ് ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം നടക്കുന്നത്. നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ 4.15നാണ് ആദ്യ പ്രദർശനം. മുംബൈയിലെ തീയേറ്ററുകളിൽ 24 മണിക്കൂറാണ് പ്രദർശനം.

തമിൾറോക്കേഴ്സ് എന്ന ഫേസ്‌ബുക്ക് പേജാണ് കബാലിയിൽ രജനീകാന്തിനെ അവതരിപ്പിക്കുന്ന സീൻ ഷെയർ ചെയ്തത് എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നേരത്തെ കബാലിയുടെ സെൻസർ കോപ്പി ലീക്കായതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. റിലീസിന് മുമ്പ് ചിത്രം ഓൺലൈനിൽ കാണാമെന്ന് ചില വെബ്‌സൈറ്റുകൾ പരസ്യം നൽകിയിരുന്നു.

കബാലിയുടെ ഇന്റർനെറ്റ് ഡൗൺലോഡിങ്ങ് തടയണം എന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാവായ കലൈപുലി എസ് താണു നേരത്തെ ചെന്നൈ കോടതിയെ സമീപിച്ചിരുന്നു. 100 കോടി ബജറ്റിൽ ഒരുക്കിയ കബാലിയുടെ റിലീസിന് വേണ്ടി ആരാധകർ ഒന്നടങ്കം കാത്തിരിക്കവെയാണ് ലീക്കായ വിവരം പുറത്തുവരുന്നത്.

വിദേശങ്ങളിൽ അടക്കം ആയിരക്കണക്കിന് തീയറ്ററുകളിലാണ് കബാലി റിലീസ് ആകുന്നത്. അടുത്തിടെ റിലീസായ സൽമാൻ ഖാൻ ചിത്രം സുൽത്താൻ റിലീസായ ദിവസം തന്നെ ഇന്റർനെറ്റിൽ എത്തിയിരുന്നു.

കബാലിയുടെ ഇന്റർനെറ്റ് ഡൗൺലോഡിങ്ങ് തടയണം എന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാവായ കലൈപുലി എസ് താണു നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ടോറന്റ് സൈറ്റുകളിലാണ് ചിത്രത്തിന്റെ സെൻസർ കോപ്പി പ്രത്യക്ഷപ്പെട്ടത്.

100 കോടി ബജറ്റിൽ ഒരുക്കിയ കബാലി റിലീസിന് മുമ്പ് തന്നെ 225 കോടി രൂപയാണ് ഉണ്ടാക്കിയിരിക്കുന്നത്. 2016 ലെ രജനീകാന്തിന്റെ ആദ്യ ചിത്രമായ കബാലി ബാഹുബലിയുടെ റെക്കോഡുകൾ തകർക്കുമെന്നാണ് ആരാധകർ പറയുന്നത്. ജൂലൈ 22 നാണ് കബാലിയുടെ റിലീസ്.

അനധികൃത പ്രിന്റുകൾ ഡൗൺലോഡ് ചെയ്യാൻ സൗകര്യം ഒരുക്കുന്ന വെബ്‌സൈറ്റുകളെ ഇന്റർനെറ്റ് സേവനദാതാക്കൾ തടയണം എന്നായിരുന്നു നിർമ്മാതാവിന്റെ ആവശ്യം. ഏത് സിനിമയായാലും ഇറങ്ങി മണിക്കൂറുകൾക്കം ഇന്റർനെറ്റിൽ വ്യാജ കോപ്പികൾ എത്തുന്ന സാഹചര്യത്തിലാണ് ഇത്. ഇന്റർനെറ്റ് ഡൗൺലോഡിങ് സിനിമ നിർമ്മാതാക്കളുടെ പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ റിലീസായ സൽമാൻ ഖാൻ ചിത്രം സുൽത്താൻ റിലീസായ ദിവസം തന്നെ ഇന്റർനെറ്റിൽ എത്തിയിരുന്നു.

അതിനിടെ, എസ്‌ബിറ്റി ജീവനക്കാരൻ സിനിമ കാണാനായി നൽകിയ അപേക്ഷാഫോമിന്റെ ചിത്രവും വാട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. കബാലി കാണാൻ പോകണം എന്നതാണു അവധിക്ക് അപേക്ഷിക്കുന്നതിനുള്ള കാരണമായി ലീവ് ലെറ്ററിൽ സൂചിപ്പിക്കുന്നത്.

കബാലിയുടെ ശബ്ദമിശ്രണം നടന്നത് പ്രിയദർശന്റെ ഫോർ ഫ്രെയിംസിൽ

രജനി ചിത്രം കബാലിയുടെ ശബ്ദമിശ്രണം നടന്നത് സംവിധായകൻ പ്രിയദർശന്റെ ഉടമസ്ഥതയിലുള്ള ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിലാണ്. റിലീസിനായി ആരാധകർ കാത്തിരിക്കെ ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി ഫോർ ഫ്രെയിംസിലെ കലാകാരന്മാർ നിൽക്കുന്ന ചിത്രം പ്രിയദർശൻ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചു.