ന്ത്യൻ സിനിമയിലെ മഹാ സംഭവങ്ങളിലൊന്ന് നാളെ തീയറ്ററുകളിലെത്തുകയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്തിന്റെ കബാലി നാളെ റിലീസ് ചെയ്യുമ്പോൾ സിനിമാ ചരിത്രത്തിലെ റെക്കോഡുകൾ പലതും തകർന്നുവീഴുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആദ്യ മൂന്നുദിവസം കൊണ്ടുതന്നെ 100 കോടി കളക്റ്റ് ചെയ്യുമെന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം 200 കോടി കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകമെമ്പാടുമായി 5000-ലേറെ തീയറ്ററുകളിലായാണ് കബാലി റിലീസ് ചെയ്യുന്നത്. അമേരിക്കയിൽ മാത്രം 400 തീയറ്ററുകളിൽ റിലീസ് ചെയ്യുന്നു. കേരളത്തിൽ 306 തീയറ്ററുകളിലായി ദിവസേന 2000 പ്രദർശനങ്ങളാണ് നടക്കുക. ആരാധകരുടെ ആവശ്യപ്രകാരം പലേടത്തും പുലർച്ചെ മൂന്നുമണി മുതൽ പ്രദർശനം തുടങ്ങുന്നുണ്ട്.

തന്റെ സിനിമ 500 കോടിക്കുമേൽ കളക്റ്റ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ നിർമ്മാതാവ് താണു പ്രതീക്ഷിക്കുന്നത്. ബാഹുബലിയെക്കാൾ വലിയ സിനിമയായിരിക്കും ഇതെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. രജനീകാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായി കബാലി മാറുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു.

റിലീസിനു മുമ്പേ 220 കോടി അപൂർവ റെക്കോർഡും കബാലി സ്വന്തമാക്കിയിരുന്നു. അറുന്നൂറു കോടി രൂപയാണ് ബോക്സോഫിസിൽ 'ബാഹുബലി' നേടിയത്. അതും കടത്തിവെട്ടുമെന്നാണ് അണിയറ പ്രവർത്തകരുടെയും ആരാധകരുടെയും പ്രതീക്ഷ.

ഒരു മാസം കൊണ്ട് കബാലിയുടെ ടീസർ രണ്ടു കോടി രൂപ നേടി റെക്കോർഡ് നേടിയതിന്റെ പിന്നാലെയാണ് തീയറ്റർ, പ്രമോഷൻ ഗാനങ്ങൾ, എന്നിവയ്ക്കുള്ള അവകാശം വിറ്റതിലൂടെ ചിത്രം 220 കോടി രൂപ നേടിയത്. രജനീകാന്തിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ ലിംഗ സാറ്റലൈറ്റ് തുകയിലൂടെയും വിതരണാവകാശത്തിലൂടെയും നേടിയത് 150 കോടിയായിരുന്നു. ഈ റെക്കോർഡ് മറികടന്നു കൊണ്ടാണ് കബാലിയുടെ ഈ പുതിയ റെക്കോർഡ്.

ഇന്ത്യൻ സിനിമാചരിത്രത്തിൽ ഇന്നുവരെ ഒരു സിനിമയ്ക്കും കിട്ടാത്ത പ്രചാരണമാണു രജനിയുടെ കബാലിക്കു ലഭിച്ചത്. ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങുമുള്ള രജനി ആരാധകരാണ് കബാലിക്കായി കാത്തിരിക്കുന്നത്. തമിഴ്‌നാട്ടിൽനിന്നു മലേഷ്യയിലേക്കു കുടിയേറിയ കബാലീശ്വരൻ എന്ന അധോലോക നായകനായിട്ടാവും ചിത്രത്തിൽ രജനികാന്ത് അവതരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. ടീസറിലൂടെ രജനിയുടെ ഡയലോഗ് ഇതിനകം രണ്ടര കോടിയിലധികം തവണ ആരാധകർ കണ്ടു കഴിഞ്ഞു.

പാ. രഞ്ജിത് കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന കബാലിയിൽ രാധികാ ആപ്തെ, ധൻസിക, ഋത്വിക, ദിനേശ് രവി, കിഷോർ, ജോൺ വിജയ്, കലൈയരസൻ തുടങ്ങിയവർക്കൊപ്പം പ്രശസ്ത തയ്വാൻ താരം വിൻസന്റ് ച്വായുമുണ്ട്. 152 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് സെൻസർ ബോർഡിന്റെ യു സർട്ടിഫിക്കറ്റു ലഭിച്ചിരുന്നു.

കബാലി ചിത്രങ്ങളുമായി കാറുകൾ നിരത്തിലും വിമാനങ്ങൾ ആകാശത്തും പറന്നു നടന്നു. ചെന്നൈയിലെ മാരുതി സുസുക്കി ഡീലർഷിപ്പാണു രജനീകാന്തിന്റെ കബാലി ലുക്ക് ചിത്രങ്ങളുമായി സ്വിഫ്റ്റ് പുറത്തിറക്കിയത്. ബോണറ്റിലും റൂഫിലും എന്നു വേണ്ട പുറകിലും, വശങ്ങളിലുെമല്ലാം സ്റ്റൈൽമന്നന്റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രങ്ങൾ പതിച്ചാണു കബാലി എഡിഷൻ സ്വിഫ്റ്റ് എത്തിയത്.

നേരത്തെ സിനിമയുടെ ഔദ്യോഗിക എയർലൈൻ പാർട്നർ ആയ എയർ ഏഷ്യ കബാലി സ്പെഷൽ വിമാനം പുറത്തിറക്കിയിരുന്നു. രജനിയുടെ കിടിലൻ പോസ്റ്ററുകൾ കൊണ്ട് ഡിസൈൻ ചെയ്ത വിമാനത്തിൽ സൂപ്പർസ്റ്റാർ രജനി എന്നും എഴുതിയിട്ടുണ്ട്.

അതിനിടെ ചിത്രത്തിന്റെ സെൻസർ കോപ്പി ലീക്കായെന്നും വാർത്തകൾ വന്നു. എന്നാൽ, ആരാധകർ തിയറ്ററിലെത്തി ചിത്രം കാണുമെന്നാണ് അണിയറപ്രവർത്തകരുടെ ഉറപ്പ്.

സെൻസർ ബോർഡിനെ വരെ ഞെട്ടിച്ച കബാലി കാണാനായി നിരവധി സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് അവധി കൊടുത്തു. ചിത്രത്തിലെ മാസ് സീനുകളിൽ പലതും രജനി ആരാധകരെ കോരിത്തരിപ്പിക്കുമെന്നും ആവേശത്തിലാഴ്‌ത്തുമെന്നുമാണു സെൻസർ ബോർഡംഗങ്ങൾ പറഞ്ഞത്.