ലണ്ടൻ: ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ബോക്‌സോഫീസ് കലക്ഷൻ റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ് രജനീകാന്തിന്റെ കബാലി. ലോകമെമ്പാടും റിലീസ് ചെയ്ത കബാലി ആദ്യദിനം വൻ കലക്ഷൻ നേടിയെങ്കിലും പതിയെ ചിത്രം പിന്നോട്ടു പോകുകയാണ്. എന്നാൽ തമിഴ് വംശജർ ഏറെയുള്ള യുകെയിൽ സിനിമ അത്രകണ്ട് ക്ലച്ചു പിടിക്കുന്ന ലക്ഷണമില്ല. ആദ്യദിനം മികച്ച കലക്ഷൻ നേടിയെങ്കിലും രജനി ചിത്രം രണ്ടാം ദിനത്തിൽ പിന്നോട്ടു പോയി.

സെൻസർ ബോർഡിന് മുന്നിൽ സമർപ്പിക്കപ്പെട്ട ചിത്രം കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് കാണാൻ കഴിയും വിധം യു സർട്ടിഫിക്കറ്റ് നേടും എന്നായിരുന്നു പ്രതീക്ഷ എങ്കിലും അക്രമ സീനുകൾ യാതൊരു ലോപവും ഇല്ലാതെ കബാലിയിൽ കണ്ട സെൻസർ ബോർഡ് ചിത്രത്തിന് അണ്ടർ 15 സർട്ടിഫിക്കറ്റ് ആണ് നൽകുകയായിരുന്നു. ഇതോടെ കൗമാരക്കാർക്ക് പോലും ചിത്രം അന്യമായി. ഈ വിവരം അറിയാതെ വിവിധ കേന്ദ്രങ്ങളിൽ കുട്ടികളുമായി സിനിമ കാണാൻ എത്തിയ രജനി ആരാധകർ കോപിഷ്ടരായി മടങ്ങേണ്ടിയും വന്നതോടെയാണ് സിനിമക്ക് തിരിച്ചടിയായി മാറിയത്.

വിതരണക്കാർ ഇക്കാര്യം വെളിപ്പെടുത്താൻ വൈകിയതും കാണികളെ അമർഷം കൊള്ളിക്കുന്നു. തമിഴ്, തെലുങ്ക് ചിത്രങ്ങൾ യുകെയിൽ എത്തിക്കുന്ന അയ്യങ്കരൻ മൂവിസാണ് കബാലി എത്തിച്ചിരിക്കുന്നത്. തമിഴ് ഉടമസ്ഥതയിൽ ഉള്ള സ്വാമി മൂവീസ് അയർലന്റിലെ വിതരണ അവകാശം ഏറ്റെടുത്തിരിക്കുന്നത്. കുട്ടികളെ പ്രവേശിപ്പിക്കാതായതോടെ കബാലിയുടെ വിറ്റുവരവിലും വൻ ഇടിവ് നേരിടുകയാണ്. ആദ്യ ദിനം നേടിയ കളക്ഷന്റെ നേർ പാതി മാത്രമേ രണ്ടാം ദിവസം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. ഇതു വിതരണക്കാർക്ക് കനത്ത തിരിച്ചടി ആയി മാറിയേക്കും എന്ന വിലയിരുത്തലാണ് ഇപ്പോൾ സജീവം.

ഇംഗ്ലണ്ടിലും അയർലന്റിലുമായി നൂറിലേറെ കേന്ദ്രങ്ങളിലാണ് കബാലി റിലീസ് ചെയ്തിരിക്കുന്നത്. യു സർട്ടിഫിക്കറ്റ് ലഭിക്കാതെ പോയതോടെ ചിത്രത്തിന് 60% വരെ കളക്ഷൻ റെക്കോർഡ് കുറയാൻ സാധ്യത ഉണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കുടുംബ പ്രേക്ഷകരാണ് യുകെയിൽ കൂടുതൽ എന്നതും സ്‌കൂൾ അവധിക്കാലം ആയതിനാൽ കുട്ടികളെയും കൂട്ടിയുള്ള സിനിമയാകും സാധാരണക്കാർ തിരഞ്ഞെടുക്കുക എന്നും വിപണി വൃത്തങ്ങൾ സൂചന നൽകുന്നു. കടുത്ത രജനി ഫാൻസ് ആണ് ഇപ്പോൾ ചിത്രത്തെ നെഞ്ചിൽ ഏറ്റി ലാളിക്കുന്നത്.

ആദ്യ ദിവസം തന്നെ റെക്കോർഡ് കളക്ഷൻ തുകയായ 1,10,031 പൗണ്ട് (96 ലക്ഷം) സ്വന്തമാക്കിയ ചിത്രം രണ്ടാം ദിവസം നേർ പാതിയിലേക്കു വീഴാൻ പ്രധാന കാരണം കുട്ടികൾക്ക് പ്രവേശനമില്ല എന്ന വിവരം പുറത്തായതോടെയാണ്. രണ്ടാം ദിവസം വെറും 64401 പൗണ്ട് (56 ലക്ഷം) മാത്രമാണ് കളക്ഷൻ നേടാനായത്. ചിത്രത്തിന് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നവരുടെ തുകയും ചേർന്ന കണക്കാണിത്. ലോകമൊട്ടാകെ റിലീസ് ചെയ്തിരിക്കുന്നതിൽ പത്താം സ്ഥാനത്താണ് ആദ്യ രണ്ടു ദിവസങ്ങളിൽ യുകെ കളക്ഷൻ. എന്നാൽ പ്രധാന ചില റിലീസ് കേന്ദ്രങ്ങളിൽ നിന്നുള്ള കണക്കു എത്താൻ ഇരിക്കുന്നതോടെ ഈ തുകയിൽ അൽപ്പ വ്യത്യാസം ഉണ്ടാകുമെന്നാണ് വിതരണക്കാർ പറയുന്നത്.

തമിഴ്‌നാട്ടിൽ നിന്നും മലേഷ്യയിലേക്ക് കുടിയേറിയ ഒരു വിഭാഗം ആളുകൾ നേരിടുന്ന അടിമ സമാനമായ കഥ പറയുന്ന ചിത്രം ആയതിനാൽ സ്വാഭാവികമായും മലേഷ്യയിൽ വൻ പ്രതികരണമാണ് ചിത്രം നേടുന്നത്. ഓവർസീസ് റിലീസിൽ ഒന്നാം സ്ഥാനത്തും മലേഷ്യയാണ് മുന്നിൽ. ചിത്രത്തിൽ പറയുന്നത് പോലെ തമിഴ് വംശജർ ശക്തമായ മലേഷ്യയിൽ ചിത്രം സർവകാല റെക്കോർഡ് തന്നെ ഭേദിക്കും എന്നാണ് കണക്കു കൂട്ടൽ. സമാന സാഹചര്യം തന്നെയാണ് യുകെയിലും ഉണ്ടായിരുന്നത്. തമിഴ്, തെലുങ്ക് പതിപ്പുകൾ റിലീസ് ചെയ്തിരിക്കുന്നതിനാൽ തെന്നിത്യൻ പ്രേക്ഷകരുടെ മുഴുവൻ പിന്തുണയും നേടിയാണ് ചിത്രം തിയ്യറ്ററിൽ എത്തിയത്.

എന്നാൽ അപ്രതീക്ഷതമായി എത്തിയ സെൻസർ ബോർഡ് തീരുമാനം ആരാധകരുടെ ആവേശം കെടുത്തുക ആയിരുന്നു. ട്വിറ്റർ, വാട്‌സ്ആപ്, ഫേസ്‌ബുക്ക് തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇതിനെ ചൊല്ലി ചൂടൻ ചർച്ചയും നടക്കുന്നുണ്ട്. ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ നൽകിയ സർട്ടിഫിക്കറ്റു അനുസരിച്ചു വിവിധ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നു രജനി ആരാധകർ തിയറ്റർ ജീവനക്കാരുമായി വാക്കേറ്റവും നടന്നു. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണ് എന്നായിരുന്നു ജീവനക്കാരുടെ നിലപാട്. ആദ്യ ദിവസ കളക്ഷൻ റിപ്പോർട്ടിൽ മറ്റൊരു ചിത്രവും നേടാത്ത തുകയാണ് കബാലി സ്വന്തമാക്കിയതെന്നും ആരാധകർ ട്വീറ്റ് ചെയ്യുന്നുണ്ട്.

പരമാവധി കളക്ഷൻ ഒപ്പിച്ചെടുത്തു കബാലിയെ മുന്നിൽ നിർത്താൻ സകല അടവുകളുമായി രജനി ആരാധകർ സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതിനിടെ സെൻസർ ബോർഡിനെ സമീപിച്ചു അത്യാവശ്യമായ ചില ഭാഗങ്ങൾ നീക്കിയിട്ടാണെങ്കിലും അണ്ടർ 12 സർട്ടിഫിക്കറ്റു എങ്കിലും സ്വന്തമാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണം എന്നു ആവശ്യപ്പെടുന്നവരും കുറവല്ല.


ചിത്രം റിലീസായ ദിവസം ഇന്ത്യയിൽ നിന്ന് 250 കോടി രൂപ നേടാനായെന്ന് നിർമ്മാതാവ് കലൈപുലി എസ്. താണു അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽനിന്നുമാത്രം വെള്ളിയാഴ്ച 100 കോടി രൂപ നേടാനായി. ലോകമെമ്പാടുമായി എണ്ണായിരം മുതൽ പതിനായിരം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. അമേരിക്കയിൽ 480 തിയേറ്ററുകളിലും മലേഷ്യയിൽ 490 തിയേറ്ററുകളിലും ഗൾഫ് രാജ്യങ്ങളിൽ 500ലേറെ തിയേറ്ററുകളിലുമായിരുന്നു റിലീസ്. ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ശ്രീലങ്ക, സ്വിറ്റ്‌സർലൻഡ്, ഡെന്മാർക്ക്, ഹോളണ്ട്, സ്വീഡൻ, ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും വെള്ളിയാഴ്ച ചിത്രം പുറത്തിറങ്ങി.

അതിനിടെ വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ സിനിമ ആരാധകർക്ക് ഹരം പകർന്നു ഇയ്യിടെ റംസാൻ പ്രമാണിച്ചു റിലീസ് ചെയ്ത സൽമാൻ ഖാൻ ചിത്രം സുൽത്താനുമായി നേരിട്ടൊരു ഏറ്റുമുട്ടലിനു കൂടി കബാലി യുകെയിൽ തയ്യാറാകും. ഇതിനകം പല റെക്കോർഡുകൾ ഭേദിച്ചു കഴിഞ്ഞ സുൽത്താനെ വെട്ടാൻ കബലിക്കു കഴിയുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. കഴിഞ്ഞ 17 ദിവസം കൊണ്ടു സുൽത്താൻ ലോകമൊട്ടാകെ ആയി 534 കോടി സ്വന്തമാക്കി കഴിഞ്ഞു. ഇതിൽ ഇന്ത്യയിൽ നിന്നുള്ള വരുമാനം 389 കോടിയാണ്.

അമേരിക്കയിൽ 37 കോടിയും ഗൾഫ് രാജ്യങ്ങളിൽ 54 കോടിയും ബ്രിട്ടണിൽ 14 കോടിയും പാക്കിസ്ഥാനിൽ 18 കോടിയും സ്വന്തമാക്കിയാണ് സുൽത്താന്റെ തേരോട്ടം. ഇന്ത്യൻ സിനിമയിൽ ഓവർസീസ് റിലീസിംഗിൽ ഇതുവരെ നേടിയ ഏറ്റവും ഉയർന്ന കളക്ഷനിൽ ഏഴാം സ്ഥാനമാണ് സുൽത്താൻ ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് മാത്രം ആണെന്ന വിദേശീയരുടെ ചിന്ത കൂടി തകർക്കുകയാണ് കബലിയുടെ വരവ് കൊണ്ടുള്ള നേട്ടം.

ഈദ്, ദിവാളി തുടങ്ങിയ ഉത്സവ സീസൺ നോക്കി മാത്രം റിലീസ് ചെയ്യുന്ന സൂപ്പർ സ്റ്റാർ ചിത്രങ്ങൾക്കിടയിൽ കബലിയുടെ സ്ഥാനം വേറെ ആണെന്നാണ് രജനി ആരാധകർ സോഷ്യൽ മീഡിയയിൽ നടത്തുന്ന പോരിലെ മുഖ്യ ആകർഷണം. പ്രാദേശിക ചിത്രമായി പുറത്തു വന്ന കബലിയെ ബാഹുബലിയോട് താരതമ്യം ചെയ്യുന്നതിലെ അപക്വതയും സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നു.