ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ വീണ്ടും വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കബിൽ സിബൽ. നേരത്തെ സോണിയ ഗാന്ധിയുമായി നടന്നത് തുറന്നചർച്ച ആയിരുന്നെന്നും പാർട്ടിക്കുള്ളിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താമെന്ന് ഉറപ്പു ലഭിച്ചിരുന്നെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ. എന്നാൽ ഇതുവരെ വിഷയത്തിൽ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും എപ്പോഴാണ്, എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുക എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കപിൽ സിബൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഏകദേശം ഒരുമാസം മുൻപാണ് പാർട്ടിക്ക് അടിമുടി മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളുമായും മറ്റ് മുതിർന്ന നേതാക്കളുമായും സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. യാത്രയിൽ ആയിരുന്നതിനാൽ, സോണിയയുമായി നടന്ന കൂടിക്കാഴ്ചയിൽ തനിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ തുറന്ന ചർച്ച നടന്നുവെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പ് നടക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ, എന്നാണ് ഈ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് ഞങ്ങൾക്ക് വ്യക്തതയില്ല. പാർട്ടിയുടെ ഭരണഘടനയ്ക്ക് അനുസരിച്ചാകും തിരഞ്ഞെടുപ്പ് നടക്കുകയെന്ന് കരുതുന്നതായും സിബൽ പറഞ്ഞു.

ഉദാഹരണത്തിന്, അധ്യക്ഷ തിരഞ്ഞെടുപ്പ്, പ്രവർത്തക സമിതി തിരഞ്ഞെടുപ്പിനും ഒപ്പമാണ് നടത്തുന്നത്. അത് ഭരണഘടനയുടെ ഭാഗമാണ്. ഞങ്ങൾക്ക് അക്കാര്യത്തെ കുറിച്ച് വ്യക്തതയില്ല. പാർലമെന്ററി ബോർഡ് പുനരുജ്ജീവിപ്പിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 19ന് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഒരുമാസം ആകാറാകുന്നു. എപ്പോൾ, എങ്ങനെ ഇത് നടക്കുമെന്ന് ഞങ്ങൾക്ക് പ്രതികരണം ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം രാഷ്ട്രീയശക്തിയായി പുനരുജ്ജീവിക്കേണ്ടത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്- സിബൽ പറഞ്ഞു.

കോൺഗ്രസ് ഇപ്പോൾ ഒരു രാഷ്ട്രീയ ശക്തിയാണെന്നും സാധിക്കുന്നതെല്ലാം അത് ചെയ്യുന്നുണ്ടെന്നും പുനരുജ്ജീവന പ്രക്രിയ തുടങ്ങിക്കഴിഞ്ഞെന്നും കരുതുന്നവർ എന്താണ് പല സംസ്ഥാനങ്ങളിലും സംഭവിക്കുന്നതെന്ന് നോക്കണം. അവിടങ്ങളിൽ നിരാശ രൂപപ്പെട്ടിരിക്കുന്നത് കാണാം. ഡൽഹിയിലെ പല നേതാക്കളും തന്റെ അടുക്കൽ വന്ന് അവിടുത്തെ കാര്യങ്ങളിൽ കടുത്ത ഉത്കണ്ഠ അറിയിച്ചുവെന്നും കപിൽ സിബൽ പറഞ്ഞു. പാർട്ടി സുഗമമായി പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങളെല്ലാവരും ഉറച്ച കോൺഗ്രസ് പ്രവർത്തകരാണെന്നും സിബൽ പറഞ്ഞു.