തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പഴ്സനൽ സ്റ്റാഫിനെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു വഴിവിട്ടു സ്വാധീനിക്കാൻ ശ്രമിച്ച സിപിഎമ്മിന്റെ തിരുവനന്തപുരത്തെ പ്രമുഖ നേതാവ് കുടുങ്ങുമെന്ന് സൂചന. പാളയം ഏര്യാ കമ്മറ്റി സെക്രട്ടറിയായിരുന്ന എഎ റഷീദിന് നേരെയാണ് സംശയത്തിന്റെ മുന നീളുന്നത്. കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കൈരളി ടിവിയുടെ മുൻ ഡയറക്ടർ ബോർഡ് അംഗം കൂടിയായ റഷീദ് ജില്ലയിലെ അറിയപ്പെടുന്ന പിണറായി പക്ഷക്കാരൻ കൂടിയാണ്. തിരുവനന്തപുരത്തെ സിപിഎമ്മിനുള്ളിലെ വിഭാഗീയതയ്ക്ക് പുതു തലം നൽകുന്നതാണ് ഈ ആരോപണം.

നിയമസഭാ തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായിരുന്നു റഷീദ്. അതുവരെ പാളയം ഏര്യാ സെക്രട്ടറിയായ റഷീദിനെ പിണറായിയുമായി അടുത്ത നിന്ന നേതാവായാണ് വിലയിരുത്തിയരുന്നത്. ഈ നേതാവ് വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയാതെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അസി. പ്രൈവറ്റ് സെക്രട്ടറി ശ്രീവത്സകുമാറിനെക്കൊണ്ടു ഗവൺമെന്റ് പ്ലീഡർക്കു ഫോൺ ചെയ്യിച്ചതായി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നേതൃത്വത്തിന് മുന്നിൽ പരാതിയുമായി കോടിയേരിയും എത്തുന്നത്. ഗവ. പ്ലീഡർ തന്നെ ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു രേഖാമൂലം പരാതി നൽകിയിരുന്നു. അഞ്ചു കോടി രൂപ പിഴ ഈടാക്കേണ്ട ദേവസ്വം ബോർഡിന്റെ കേസിൽ ഭൂ ഉടമയ്ക്കു സഹായകമായ നിലപാട് എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഫോൺ കോൾ.

പാർട്ടി നേതൃത്വം മന്ത്രി കടകംപള്ളിയോട് ഇതേക്കുറിച്ച് ആരാഞ്ഞപ്പോൾ താൻ അറിയാതെയാണു സ്റ്റാഫിനെക്കൊണ്ടു ഫോൺ ചെയ്യിച്ചതെന്നു വ്യക്തമാക്കി. ഇതേത്തുടർന്നാണു പഴ്സനൽ സ്റ്റാഫംഗത്തെ നീക്കിയത്. ഈ ഇടപാടിൽ പിണറായിയും അസന്തുഷ്ടനാണ്. ഈ സാഹചര്യത്തിലാണ് കടകംപള്ളി പരാതിയുമായി എത്തുന്നത്. മുൻ എംഎൽഎ ശിവൻകുട്ടിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു ശ്രീവൽസ കുമാർ. ഈ ഉദ്യോഗസ്ഥൻ അഴിമതിയിൽപ്പെട്ടത് ശിവൻകുട്ടിയേയും സമ്മർദ്ദത്തിലാക്കുന്നു. കള്ളക്കളി നടത്തിയവർക്കെതിരെ നടപടിയെടുത്തേ മതിയാകൂവെന്ന നിലപാടിലാണ് അതുകൊണ്ട് തന്നെ ശിവൻകുട്ടിയും. അതിനാൽ റഷീദിനെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരം ജില്ലാ കമ്മറ്റിയിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്യും.

തിരുവനന്തപുരത്ത് കുറച്ചു നാളായി സിപിഎമ്മിൽ ഗ്രൂപ്പ് പോര് സജീവമാണ്. കടകംപള്ളി ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുകയും ആനാവൂർ നാഗപ്പൻ തൽസ്ഥാനത്ത് എത്തിയതോടെയുമാണ് ഇത്. അങ്ങനെയാണ് കടകംപള്ളി സഹകരണ ബാങ്കിലെ മന്ത്രിയുടെ നിക്ഷേപ വാർത്ത പുറത്താകുന്നത്. ഇതേ ബാങ്കിലെ ജീവനക്കാരൻ ജയപ്രസാദിന്റെ മരണം വിവാദത്തിലാക്കിയതും പാർട്ടി നേതാക്കളാണെന്ന് കരുതുന്നവർ ഏറെയുണ്ട്. ഇതിന് പിന്നാലെയാണ് ശ്രീവൽസ കുമാറിനെ കടകംപള്ളിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയത്. വൈദ്യുതി വകുപ്പ് കടകംപള്ളിക്ക് നഷ്ടമായതിന് പിന്നിലെ അഴിമതി വിവാദമുണ്ടെന്ന സൂചനയും പുറത്തുവന്നു. തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനുള്ള ബോധപൂർവ്വമായ ഗൂഢാലോചനയായി കടകംപള്ളിയും ഈ സംഭവവികാസങ്ങളെ കാണുന്നു.

ഇതിനിടെയാണ് ശ്രീവൽസകുമാറിന്റെ ഫോൺ വിളിയിൽ റഷീദിന്റെ പങ്കും ചർച്ചയാക്കി മറുവിഭാഗം എത്തുന്നത്. പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കമായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്. നേമം മുൻ എംഎൽഎ വി ശിവൻകുട്ടിയുടെ പഴ്‌സണൽ സ്റ്റാഫംഗമായിരുന്നു പുറത്താക്കിയ ശ്രീവൽസ കുമാർ. ഇയാളെ പ്രത്യേക ശിപാർശയോടെയാണ് കടകംപള്ളിയുടെ പഴ്‌സണൽ സ്റ്റാഫംഗമായി നിയമിച്ചത്. ഫാം ഇൻഫർമോഷൻ ബ്യൂറോ ഉദ്യോഗസ്ഥനാണ് ശ്രീവൽസ കുമാർ. കടകംപള്ളി വൈദ്യുതി മന്ത്രിയായിരിക്കെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ചില ഇടപാടുകൾ കണ്ടെത്തിയിരുന്നു. ഇത് മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കടകംപള്ളിയിലെ പ്രശ്നങ്ങൾ ഉയർന്നത്. ഇതോടെ പ്രതിരോധത്തിലായ മന്ത്രി പ്രതിച്ഛായ വീണ്ടെടുക്കാൻ കൂടിയാണ് പേഴ്സണൽ സ്റ്റാഫിലെ അംഗത്തെ പുറത്താക്കിയതെന്ന വാദവും സജീവമാണ്.

സഹകരണബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിപ്പിച്ചതും ബിജെപിയെ കൊണ്ട് അത് ആരോപണമായി ഉന്നയിച്ചതിന് പിന്നിലും പാർട്ടിയിലെ ചില കേന്ദ്രങ്ങളാണെന്ന് കടകംപള്ളി വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടേയും മറ്റും ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ ഇടപെടൽ വാർത്ത എത്തിച്ചതും തന്റെ ഓഫീസിലെ പ്രമുഖനാണെന്നും മന്ത്രി കണ്ടെത്തി. ഇതെല്ലാം കൂടിയായപ്പോൾ ശ്രീവൽസ കുമാറിനെ പുറത്താക്കാൻ മന്ത്രി തീരുമാനിക്കുകയായിരുന്നു. ഇനിയൊരു വിവാദം കൂടി ഉണ്ടായാൽ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന സൂചന കടകംപള്ളിക്ക് മുഖ്യമന്ത്രി നൽകിയതായും അറിയുന്നു. ഈ സാഹചര്യത്തിലാണ് ഓഫീസിൽ ശുദ്ധികലശം നടത്താൻ മന്ത്രി തയ്യാറായത്. അതിനിടെയാണ് പിണറായിയുടെ വിശ്വസ്തനായ റഷീദിനെതിരെ ആരോപണങ്ങൾ ശക്തമാകുന്നതെന്നതും ശ്രദ്ധേയമാണ്.