തിരുവനന്തപുരം: ബീഫ് വിഷയത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനു മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബീഫ് ഫെസ്റ്റിവലുകൾക്കെതിരേ സുരേന്ദ്രൻ ഫേസ്‌ബുക്കിലിട്ട പോസ്റ്റിൽ നൽകിയ ചിത്രം ഉത്തർപ്രേദശിൽനിന്നുള്ളതാണെന്നും കേരളത്തിലേതാണെന്നു തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും മന്ത്രി തന്റെ ഫേസ്‌ബുക് കുറിപ്പിൽ വിശദീകരിക്കുന്നു.

ബീഫ് കഴിക്കാൻ ഇഷ്ടപ്പെടുന്ന കെ.സുരേന്ദ്രൻ അടക്കമുള്ളവർക്കായാണ് ഞങ്ങൾ പ്രതിരോധ പ്രക്ഷോഭം നടത്തുന്നതെന്നും മന്ത്രി വിശദീകരിക്കുന്നു. ദേവസ്വം മന്ത്രി ഗോമാംസം കഴിച്ചു എന്നൊക്കെ പറഞ്ഞ് കെ.സുരേന്ദ്രൻ വേവലാതിപ്പെടേണ്ട. ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് തടിതപ്പാറില്ല താനെന്നും മന്ത്രി വ്യക്തമാക്കുന്നു.

മന്ത്രി കടകംപള്ളിയുടെ കുറിപ്പ് ഇങ്ങനെ:

ബീഫ് എന്നാൽ പശുവിറച്ചി എന്നത് സംഘ പരിവാർ പ്രചാരണമാണ്. കാളയും പോത്തുമെല്ലാം മാട്ടിറച്ചി അഥവാ ബീഫ് എന്ന് തന്നെയാണ് അറിയപ്പെടുന്നത്. കറവ വറ്റിയ പശുക്കളെ ഇറച്ചിക്കായി ഉപയോഗിക്കാറുണ്ട്. ഇവിടെ ബീഫ് എന്നാൽ ഗോമാംസം എന്ന് മാത്രം പ്രചരിപ്പിക്കുകയാണ് കെ. സുരേന്ദ്രനും കൂട്ടരും. ജാതി മത വ്യത്യാസമില്ലാതെ മലയാളികൾ ബീഫ് കഴിക്കാറുണ്ട്. ദേവസ്വം മന്ത്രി ഗോമാംസം കഴിച്ചു എന്നൊക്കെ പറഞ്ഞ് കെ.സുരേന്ദ്രൻ വേവലാതിപ്പെടേണ്ട. ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് തടിതപ്പാറില്ല ഞാൻ. ബീഫ് കഴിക്കാൻ ഇഷ്ടപ്പെടുന്ന കെ.സുരേന്ദ്രൻ അടക്കമുള്ളവർക്കായാണ് ഞങ്ങൾ പ്രതിരോധ പ്രക്ഷോഭം നടത്തുന്നത്. ബിജെപി ഇപ്പോൾ ഭരിക്കുന്ന ഉത്തർപ്രദേശിലെ ഒരു മാർക്കറ്റിൽ മാടുകളെ പരസ്യമായി കഴുത്തറത്തിട്ടിരിക്കുന്ന ചിത്രം കേരളത്തിലെ ചിത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ ശ്രമം സംഘപരിവാരവും കെ.സുരേന്ദ്രനും നടത്തുന്ന നുണപ്രചാരണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഞങ്ങൾ ശരിയുടെ പാതയിലാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് നിങ്ങളുടെ ഓരോ നുണയും.