കേരള ബാങ്കിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലും സഹകാരികളിലും ഇടപാടുകാരിലും ജീവനക്കാരിലും എത്തിക്കുന്നതിനും,സാമ്പത്തിക സാക്ഷരതാ പ്രവർത്തനം വിപുലമാക്കുന്നതിനും ചാലക ശക്തിയാവാന്മഴവില്ല് പ്രസിദ്ധീകരണത്തിന് കഴിയുമെന്ന് സഹകരണ , ടൂറിസം, ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മഴവില്ല് എന്ന പേരിൽ കേരള ബാങ്ക് പ്രസിദ്ധീകരിക്കുന്ന വാർത്താ പത്രികയുടെ പ്രകാശന കർമ്മം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യകോപ്പി സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ് ഏറ്റു വാങ്ങി. ചടങ്ങിൽ കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ , ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി.എസ്.രാജൻ, ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ, ജനറൽ മാനേജർമാരായ പി.ഗോപകുമാർ, സുനിൽ ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

നബാർഡിന്റെ സഹകരണ വികസന ഫണ്ടിൽ നിന്നുള്ള ഗ്രാന്റ് ഉപയോഗപ്പെടുത്തിയുള്ള കേരള ബാങ്ക് വാത്താ പത്രിക എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നതാണ്. കേരള ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങൾ കൂടാതെ ബാങ്കിംങ്, ധനകാര്യം, സഹകരണം എന്നീ മേഖലകളിലെ വാർത്തകളും വിശേഷങ്ങളും മഴവില്ലിന്റെ ഉള്ളടക്കത്തിൽ ഉണ്ടാവുന്നതാണ്.