തിരുവനന്തപുരം: ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീർത്ഥ സ്വാമികൾക്ക് വേണ്ടി സംഘാടകർ വേദിയിൽ ഒരുക്കിയിട്ട സിംഹാസനം എടുത്തുമാറ്റിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് സോഷ്യൽ മീഡിയ അഭിനന്ദനങ്ങൾ കൊണ്ട് മൂടി രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ നടപടി പ്രശംസനീയമാണെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ പോലും അഭിനന്ദനം നേർന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച ചിത്രങ്ങളും വാർത്തയും വൈറലായതോടെ മന്ത്രിക്ക് തന്നെ ഇക്കാര്യത്തിൽ ആശങ്ക ഉയർന്നു തുടങ്ങിയോ എന്ന സംശയം തോന്നിത്തുടങ്ങി. കാരണം ഈ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പ്രതികരണം പുറത്തുവന്നതോടെ വിഷയം വീണ്ടും സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾക്ക് ഇടയാക്കുന്നത്.

പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീർത്ഥക്കുടം ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഒരുക്കിയ വേദിയിൽ നിന്നാണ് കടകംപള്ളി വി എസ് ശിവകുമാർ എംഎ‍ൽഎയുടെ സഹായത്തോടെ സിംഹാസനം എടുത്തുമാറ്റിയത്. സംഭവം സോഷ്യൽ മീഡിയയുടെ കൈയടി നേടിയതോടെ തനിക്കുവേണ്ടിയൊരുക്കിയതാണ് അതെന്നു കരുതിയാണ് സിംഹാസനം എടുത്തുമാറ്റിയതെന്ന് മന്ത്രി പറഞ്ഞു.

'പോഷ് ആയ സിംഹാസനം പോലെയുള്ള ഒരു കസേര വേദിയിൽ കണ്ടു. എനിക്കതു വേണ്ടെന്നു തോന്നി. അത് ആർക്കു വേണ്ടി ഒരുക്കിയതാണെന്ന് അറിയില്ല. പരിപാടിയുടെ ഉദ്ഘാടകൻ ഞാനായിരുന്നു. എനിക്കു വേണ്ടിയാണെന്നാണ് കരുതിയത്.' മന്ത്രി പറഞ്ഞു. അതുപോലെ സ്വാമിക്ക് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനമുണ്ടായിരുന്നില്ല. മാത്രമല്ല പ്രധാന സ്വാമിയായിരുന്നില്ല തീർത്ഥക്കുളത്തിൽ പൂജനടത്താനെത്തിയത്. ശിഷ്യസ്വാമിയാണ്. അദ്ദേഹം പൂജയ്ക്ക് ശേഷം മടങ്ങുകയും ചെയ്ത്തു. പരിപാടിയിൽ പങ്കെടുക്കാൻ മഠാധിപതിക്ക് പദ്ധതിയുണ്ടായിരുന്നില്ല'- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

മഠാധിപതിക്കുവേണ്ടി ഒരുക്കിയ സിംഹാസനം ദേവസ്വം മന്ത്രി എടുത്തുമാറ്റിയതിനെ തുടർന്ന് കുളം ആശീർവദിക്കാനെത്തിയ ഉത്തരാധികാരി വിധുശേഖര സ്വാമികകൾ സ്റ്റേജിൽ കയാതെ പോയിരുന്നു. സിംഹാസനം എടുത്തുമാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു നടപടി എന്നായിരുന്നു പുറത്തുവന്ന വിവരം.

പരിപാടി ആരംഭിക്കാനിരിക്കെയാണ് വേദിയിലൊരുക്കിയ സിംഹാസനം മന്ത്രിയുടെ ശ്രദ്ധിയിൽപ്പെട്ടത്. തുടർന്ന് സിഹാസനം ഒരുക്കിയിരിക്കുന്നത് ആർക്കുവേണ്ടിയാണെന്നായി ചോദ്യം. മഠാധിപതിക്കാണെന്നു സംഘാടകർ മറുപടിയും പറഞ്ഞു. തുടർന്നായിരുന്നു കടകംപള്ളി സുരേന്ദ്രനും വി എസ് ശിവകുമാറും ചേർന്ന് വേദിയിൽനിന്നും സിംഹാസനം എടുത്തുമാറ്റിയത്.