- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ യുവതിപ്രവേശനത്തിന് കൂട്ടുനിന്നതിൽ സർക്കാരിന് തെറ്റുപറ്റി; സുപ്രീംകോടതി വിശാല ബെഞ്ചിൽ നിന്നുള്ള വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തു മാത്രമേ അക്കാര്യത്തിൽ തീരുമാനമെടുക്കൂ; പാർട്ടിയുടെ അടിത്തറ ഇളക്കിയ ശബരിമല വിഷയം പ്രതിപക്ഷം ആയുധമാകുമ്പോൾ ഖേദപ്രകടനവുമായി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രിയും കഴക്കൂട്ടത്തെ സിപിഎം സ്ഥാനാർത്ഥിയുമായി കടകംപള്ളി സുരേന്ദ്രൻ. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഉണ്ടായ സംഭവവികാസങ്ങളിൽ ഇപ്പോൾ ഖേദുമുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിൽ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തുമാത്രമേ അക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയിൽ യുവതിപ്രവേശനത്തിന് കൂട്ടുനിന്ന സർക്കാരിന് തെറ്റുപറ്റിയെന്ന് സ്ഥാനാർത്ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചിരിക്കുന്നത്. പാർട്ടിയുടെ അടിത്തറ ഇളക്കിയ ശബരിമല വിഷയം പ്രതിപക്ഷം ചർച്ചാ വിഷയമാക്കിയതിനാൽ വീണ്ടും സർക്കാർ നേരിടേണ്ടി വരുന്ന തിരിച്ചടി ഒഴിവാക്കാനാണ് ദേവസ്വം മന്ത്രിയുടെ ഏറ്റുപറച്ചിൽ.
'2018-ലെ ഒരു പ്രത്യേക സംഭവമാണിത്. അതിൽ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൊക്കെ ഞങ്ങൾക്ക് വിഷമമുണ്ട്. എന്നാൽ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിൽ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്തുമാത്രമേ അക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നുള്ളത് ഞങ്ങൾ വീണ്ടും വീണ്ടും എടുത്തുപറയുന്നുണ്ട്. അന്നെടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. അതെല്ലാം തന്നെ ഒരു സന്ദേശം തന്നെയാണ്.' മന്ത്രി പറഞ്ഞു.
ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ശബരിമല ആക്ടിവിസം കാണിക്കേണ്ട സ്ഥലമല്ലെന്ന് ദേവസ്വം മന്ത്രി ആദ്യം പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് പാർട്ടി നിലപാടിനെ ന്യായീകരിക്കേണ്ടതായും വന്നിരുന്നു. നേരത്തെ ശബരിമല, പൗരത്വനിയമ കേസുകൾ പിൻവലിച്ചു കൊണ്ട് സർക്കാർ തീരുമാനം പുറത്തുവന്നിരുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ എടുത്ത കേസുകളും പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം സംബന്ധിച്ച കേസുകളുമാണ് പിൻവലിച്ചത്.
ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസ് അടക്കമുള്ള സംഘടനകളും കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ കേസുകൾ പിൻവലിച്ചത്. ശബരിമല കേസുകൾ പിൻവലിക്കാനുള്ള തീരുമാനം സ്വഗതാർഹമാണെന്ന് ബിജെപി പ്രതികരിക്കുകയുണ്ടായിരുന്നു. നിരപരാധികളായ ആളുകൾക്കെതിരായി എടുത്തിരുന്ന കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് സ്വാഗതാർഹമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കുകയുണ്ടായി.
മറുനാടന് മലയാളി ബ്യൂറോ