തിരുവനന്തപുരം: ഇന്ന് കേരളാ പൊലീസ് പിടികൂടിയത് 500 കോടി രൂപ കേരളത്തിൽ പലിശയ്ക്ക് പണം കൊടുക്കുകയും സ്വന്തമായി അധോലോകം തീർക്കുകയും ചെയ്ത് മഹാരാജ മഹാദേവൻ എന്ന വട്ടിരാജയെ ആയിരുന്നു. ചെന്നൈയിൽ പോയി അതിസാഹസികമായാണ് കേരളാ പൊലീസ് ഈ ക്രിമിനലിനെ പിടികൂടിയത്. അത്രയ്ക്ക് മിടുക്കന്മാരാണ് സംസ്ഥാന പൊലീസ് സേനയിൽ ഉള്ളത്. ഈ സാഹചര്യം നിലനിൽക്കേ തന്നെ സ്വയം അവഹേളിക്കപ്പെടാൻ അവസരം ഒരുക്കി നൽകുന്ന പൊലീസാണ് കേരളത്തിലേതെന്ന് പറഞ്ഞാലും അതിൽ അത്ഭുതമില്ല.

ദിവസവും എസ്‌കോർട്ട് പോകുന്ന മന്ത്രിയെയും തലസ്ഥാനത്തെ പരിപാടികളിൽ സജീവമായിരിക്കുന്ന സിപിഎം പ്രവർത്തകനും ഒളിവിലാണെന്നാണ് കേരളാ പൊലീസ് കോടതിയിൽ നൽകിയിരിക്കുന്ന റിപ്പോർട്ട്. ഇതോടെ മന്ത്രിയെയും മുൻ തിരുവനന്തപുരം മേയറെയും കോടതി പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒളിച്ചു മാറി നടക്കുന്നതിനാൽ അറസ്റ്റ് ചെയ്യാൻ സാവകാശം വേണമെന്നാണ് കോടതിയിൽ മ്യൂസിയം പൊലീസ് നൽകിയ റിപ്പോർട്ട്.

ഒന്നര വർഷമായി അനവധി തവണ വാറണ്ട് ഉത്തരവ് നൽകിയിട്ടും മ്യൂസിയം പൊലീസ് പ്രതികളായ മന്ത്രിയെയും തിരുവനന്തപുരം കോർപ്പറേഷൻ മുൻ മേയർ സി.ജയൻ ബാബുവിനെയും അറസ്റ്റ് ചെയ്യാത്തതിനാൽ ഇരുവരെയും തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. ഇരുവരുടെയും സ്ഥാവരജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാൻ വില്ലേജ് ഓഫീസർമാർക്കും കോടതി നിർദ്ദേശം നൽകി.

തുടർന്ന് സാമാജികർ പ്രതികളായ ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാനായി സുപ്രീം കോടതി നിർദേശ പ്രകാരം ഹൈക്കോടതി രൂപീകരിച്ച എറണാകുളം സ്‌പെഷ്യൽ കോടതിയിലേക്ക് കേസ് മാറ്റി. മജിസ്ട്രേട്ട് റ്റി. മഞ്ജിത്താണ് കൈമാറ്റ സാക്ഷ്യപത്രം തയ്യാറാക്കി മുഴുവൻ കേസ് രേഖകളും സ്‌പെഷ്യൽ കോടതിക്കയച്ചത്. ഇനി കേസ് വിചാരണ എറണാകുളം സ്‌പെഷ്യൽ കോടതിയിൽ നടക്കും.

2015ലാണ് കേസിന് ആസ്പദമായ സംഭവം. മ്യൂസിയം ജംഗ്ഷന് മുന്നിലുള്ള പബ്ലിക് റോഡിൽ നേതാക്കളുടെ നേതൃത്വത്തിൽ ന്യായവിരോധമായി സംഘം ചേർന്ന് കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിച്ച് ജനങ്ങൾക്ക് ഭരണഘടന വിഭാവനം ചെയ്ത സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്നും നിയമവിരുദ്ധമായ ജനക്കൂട്ടം പിരിഞ്ഞു പോകണമെന്ന പൊലീസിന്റെ ന്യായമായ ആജ്ഞയെ ധിക്കരിച്ച് വഴിതടയൽ തുർന്നുവെന്നുമാണ് കേസ്. 2015 മാർച്ച് 25നാണ് മ്യൂസിയം പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.