തിരുവനന്തപുരം: ശബരിമലയിൽ കലാപം സൃഷ്ടിക്കാൻ ആർഎസ്എസും ബിജെപിയും കരുതിക്കൂട്ടി ശ്രമം നടത്തുകയാണെന്ന ആരോപണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിനു തെളിവായി എഎച്ചപി നേതാവ് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും മന്ത്രി വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

ഓഡിയോ ക്ലിപ്പിലെ സന്ദേശം ഇങ്ങനെ:' നിലയ്ക്കലിലേക്കു പോകാൻ തയാറായി നിൽക്കുന്ന അയ്യപ്പഭക്തരുണ്ടെങ്കിൽ, അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ടു കൂട്ടമായി അറസ്റ്റ് ചെയ്യുകയും ഇരുമുടിക്കെട്ടില്ലാത്തവരെ തടയുകയും ചെയ്യുന്ന സാഹചര്യമുണ്ട്. അതിനാൽ ഇരുമുടിക്കെട്ടും കയ്യിലേന്തി ഒറ്റക്കോ രണ്ടുപേരായോ മാലയണിഞ്ഞു കറുപ്പണിഞ്ഞു നിലയ്ക്കലെത്തുക. നിലയ്ക്കലെത്തിയാൽ ഫോണിൽ ബന്ധപ്പെടണം. എല്ലാ സജ്ജീകരണങ്ങളും ചെയ്തുതരും'

കലാപാഹ്വാനത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട കടകംപള്ളി സുരേന്ദ്രൻ, ബിജെപി രാഷ്ട്രീയലാഭത്തിനുവേണ്ടി സംഘർഷം സൃഷ്ടിക്കുകയാണെന്നും ആരോപിച്ചു. ആർഎസ്എസ് നേതാവാണ് ഓഡിയോയ്ക്കു പിന്നിലെന്നും കടകംപള്ളി പറഞ്ഞു. ഇതിനു പിന്നിലെ രാഷ്ട്രീയമെന്തെന്നു സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള മറുപടി പറയണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്നു സർക്കാർ പറഞ്ഞത് ഒരു കുറ്റമാണോ? ഏതു സംസ്ഥാന സർക്കാരും ചെയ്യുന്ന ഒരു കാര്യമാണത്.
നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കണമെന്ന ശ്രീധരൻപിള്ളയുടെ ആഹ്വാനം കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്നും മന്ത്രി ചോദിച്ചു. ശ്രീധരൻപിള്ള വ്യാജപ്രചരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

അല്ലയോ ശ്രീധരൻപിള്ളേ, എന്താണ് നിങ്ങളുടെ പരിപാടി എന്ന് ചോദിച്ചുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രൻ പിഎസ്ശ്രീധരൻ പിള്ളയെ വിമർശിക്കാൻ ആരംഭിച്ചത്. ഭക്തരെന്ന വ്യാജേന ഇരുമുടിക്കെട്ടിന് സമാനമായ സഞ്ചിയേന്തി മാലയുമിട്ട് രണ്ട് പേർ വീതമായി വേണം നിലയ്ക്കലിലേക്ക് പോകാനെന്ന് പാർട്ടി പ്രവർത്തകർക്കു നല്കിയിരിക്കുന്ന ശബ്ദസന്ദേശം പരസ്യപ്പെടുത്തിക്കൊണ്ടായിരുന്നു മന്ത്രി മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരിച്ചത്.

'സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതാണോ സംസ്ഥാനസർക്കാർ ചെയ്ത തെറ്റ്. വിധിക്ക് ആധാരമായ കേസ് നടത്തിയത് ആർഎസ്എസ് ആണെന്ന് ബിജെപി മറച്ചുവയ്ക്കുകയാണ്. നിലയ്ക്കലിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടാക്കിയതും മാധ്യമപ്രവർത്തകരെ ആക്രമിച്ചതും ബിജെപി ആർഎസ്എസ് പ്രവർത്തകർ അല്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അത്തരം അക്രമകാരികളെ ഉദ്ദേശിച്ചാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. അത് ഭക്തരെ ഉദ്ദേശിച്ചല്ല' മന്ത്രി പറഞ്ഞു.

ആചാരത്തെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ച് സംസ്ഥാനസർക്കാരിന് അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. ബിജെപി തന്നെ കാര്യങ്ങൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയാൽ മതി. കേന്ദ്രസർക്കാരും പാർലമെന്റും ബിജെപിയുടെ കയ്യിലാണല്ലോ. എന്തുകൊണ്ടാണ് കേന്ദ്രസർക്കാരിന് ഒരു ഓർഡിനൻസ് പുറപ്പെടുവിക്കാൻ കഴിയാത്തത്. കലാപ ആഹ്വാനത്തിന് ശ്രമിക്കുന്നതിലും നല്ലതല്ലേ മോദിജിയോട് സംസാരിച്ച് ഒറ്റവരി ഓർഡിനൻസ് ഇറക്കുന്നത്. സംസ്ഥാനസർക്കാർ ശ്രമിച്ചാൽ ഓർഡിനൻസ് ഇറക്കാനാകില്ലെന്ന് ശ്രീധരൻ പിള്ളയ്ക്ക് അറിയാവുന്നതല്ലേ എന്നും മന്ത്രി ചോദിച്ചു.

നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിലയ്ക്കലിലേക്ക് പാർട്ടി പ്രവർത്തകർ കൂട്ടത്തോടെ എത്തിത്തുടങ്ങി. റോഡിൽ ഉപരോധിച്ച അഞ്ച് യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിരോധനാജ്ഞ പുറപ്പെടുവിക്കേണ്ട സാഹചര്യം നിലയ്ക്കൽ ഇല്ലായിരുന്നെന്നാണ് ബിജെപിയുടെ വാദം. വെള്ളിയാഴ്‌ച്ച വൈകുന്നേരം വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.

ശബരിമല വിഷയത്തിൽ രണ്ട് ദിവസമായി തുടരുന്ന അനിഷ്ടസംഭവങ്ങളിൽ പ്രതി സംസ്ഥാനസർക്കാരും പൊലീസുമാണെന്നാണ് ശ്രീധരൻ പിള്ള ആരോപിച്ചത്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

വ്രതകാലമായ 41 ദിവസങ്ങളെ പ്രതിനിധീകരിച്ച് 41 ബിജെപി പ്രവർത്തകർ നിലയ്ക്കലിലെത്തുമെന്നും നിരോധനാജ്ഞ ലംഘിക്കുമെന്നുമാണ് ശ്രീധരൻ പിള്ള പ്രഖ്യാപിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു അടക്കമുള്ള അഞ്ച് പേർ പ്രതിഷേധ സൂചകമായി നിലയ്ക്കലിൽ റോഡിൽ കുത്തിയിരുന്ന് ശരണം വിളിച്ചത്. ഇലവുങ്കലിൽ നിന്നാണ് ഇവർ എത്തിയത്. പൊലീസിന്റെ നിർദ്ദേശപ്രകാരവും ഇവർ പിരിഞ്ഞുപോകാൻ തയ്യാറാകാതെ വന്നതോടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

തന്ത്രികുടുംബത്തിലെ മുതിർന്ന സ്ത്രീയെ അറസ്റ്റ് ചെയ്തത് ന്യായീകരിക്കാനാവില്ല. ബിജെപി നേതാക്കളായ വളരെച്ചുരുക്കം പേർ മാത്രമേ സമരത്തിനെത്തിയുള്ളു. അണികളെ അവിടേക്ക് കൊണ്ടുപോയിട്ടില്ല. ആത്മസംയമനത്തോടെയാണ് പാർട്ടി തീരുമാനമെടുത്തത്. സംഘർഷമുണ്ടായത് എങ്ങനെയാണെന്ന് അന്വേഷിക്കണം.

സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനത്തോടെ വിവിധ മേഖലകളിൽ നിന്ന് നിരവധി ബിജെപി പ്രവർത്തകർ നിലയ്ക്കലിലേക്കെത്തുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മണ്ഡലകാലം അവസാനിക്കുംവരെ പ്രതിഷേധ പരിപാടികൾ തുടരുമെന്നാണ് ശ്രീധരൻ പിള്ള പറഞ്ഞിരിക്കുന്നത്.

കേരളത്തിലെ സ്ത്രീകളായ വിശ്വാസികളുടെ അഭിപ്രായം സുപ്രീംകോടതിയെ അറിയിക്കാനെങ്കിലും സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം വിശ്വാസികൾ നിരീശ്വരവാദത്തിന്റെ കടന്നേറ്റത്തെ പ്രതിരോധിക്കുമെന്നും ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു.