തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിനെതിരെ സമരം ചെയ്യാൻ തുടക്കം മുതൽ രംഗത്തുള്ള ബിജെപി സന്നിധാനത്ത് മണ്ഡലകാലത്തെ സംഘർഷഭരിതമാക്കാൻ നീക്കം നടക്കുന്നെന്ന തെളിവുകൾ പുറത്തുവന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ് ക്രമീകരണങ്ങൾ ഒരുക്കുമ്പോൾ തന്നെയാണ് ബിജെപി നീക്കം സംബന്ധിച്ച നീക്കം പുറത്താകുന്നത്. ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കൾക്കു ചുമതല നൽകിയാണ് ബിജെപി പ്രതിഷേധ പരിപാടികളെ ഏകോപിപ്പിക്കുന്നത്. അതേസമയം ഈ വിഷയത്തിൽ സർക്കുലറിന്റെ പകർപ്പു പുറത്തുവന്നിട്ടുണ്ട്.

നിരോധനാജ്ഞയും പൊലീസ് നിയന്ത്രണവും മറികടന്നു ശബരിമലയിൽ പരമാവധി പ്രവർത്തകരെ എത്തിക്കാനാണു നിയോജകമണ്ഡലം കമ്മിറ്റികൾക്കു നിർദ്ദേശം നൽകിയിരിക്കുന്നത്. ഒരു ദിവസം കുറഞ്ഞതു മൂന്നു നിയോജക മണ്ഡലത്തിലുള്ളവർ മലയിലെത്താനാണു നിർദ്ദേശം. എന്നാൽ സർക്കുലറിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. എന്നാൽ ഞായറാഴ്ച മുതൽ ശബരിമലയിൽ എത്തേണ്ട പ്രവർത്തകരുടെ പട്ടിക, നേതൃത്വം നൽകേണ്ടവരുടെ പട്ടിക, എന്നിവ അടങ്ങുന്ന പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. പട്ടിക പ്രകാരം ഡിസംബർ 15 വരെ ഓരോ ജില്ലയിലെയും നേതാക്കൾക്കും പ്രത്യേകം ചുമതല നൽകിയിരിക്കുന്നു. ഓരോ ജില്ലയിലെയും മൂന്നു നിയോജകമണ്ഡലത്തിലെ പ്രവർത്തകരെയും ശബരിമലയിൽ എത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് ഈ സർക്കുലറിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സർക്കുലർ കൂടാതെ, ശബരിമലയിലെ കാര്യങ്ങൾ കൃത്യമായി വിലയിരുത്തണമെന്നും ഭക്തരുടെ ആവശ്യങ്ങൾ അനുസരിച്ച് ഇടപെടുന്നതിനും സംസ്ഥാന തലത്തിലുള്ള ബിജെപിയുടെ നേതാക്കൾക്കും ചുമതല നൽകിയിട്ടുണ്ട്.

നിരോധനാജ്ഞയും പൊലീസ് നിയന്ത്രണവും മറികടന്നു ശബരിമലയിൽ സംഘടിച്ചു നാമജപ പ്രതിഷേധത്തിനു നേതൃത്വം നൽകുന്നതിനും മറ്റും വേണ്ടിയാണ് ഈ നീക്കങ്ങളെന്നു വ്യക്തമാണ്. ഇന്നുമുതൽ മൂന്നുദിവസം ശബരിമലയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ കൊല്ലം ജില്ലയിൽനിന്നുള്ള പ്രവർത്തകരാണു പങ്കെടുക്കേണ്ടത്. അതു കഴിഞ്ഞു കോട്ടയം ജില്ലയിൽനിന്നുള്ളവരാണു പങ്കെടുക്കേണ്ടത്.

അതിനിടെ ഈ വിഷയത്തിൽ ബിജെപിക്കെക്തിരെ മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തുവന്നു. യുവതീപ്രവേശനം അനുവദിക്കണമെന്ന് ആദ്യം പറയുകയും വിധി വന്നപ്പോൾ സ്വാഗതം ചെയ്യുകയും മുതലെടുക്കാനാവുമെന്ന് കണ്ടപ്പോൾ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ബിജെപി നേതാക്കൾ യഥാർത്ഥ ഭക്തരെ അവഹേളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കടകംപള്ളിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ


ശബരിമലയിൽ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വിവിധ നിയോജക മണ്ഡലം കമ്മിറ്റികൾക്ക് നേതാക്കളുടെ പേരും പ്രവർത്തരുടെ എണ്ണവും നിശ്ചയിച്ച് ബിജെപി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ സർക്കുലർ മാധ്യമങ്ങളിലൂടെ കേരളമാകെ കണ്ടു. ശബരിമലയിൽ ആസൂത്രിതമായ കുഴപ്പമുണ്ടാക്കാൻ ലക്ഷ്യമിട്ട് നടത്തിയ വലിയ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തു വരുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ബിജെപി നടത്തുന്ന കലാപശ്രമങ്ങളെ വിശ്വാസികൾ കരുതിയിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

യുവതീപ്രവേശന വിധി നടപ്പാക്കാൻ സാവകാശം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ് ബഹു:സുപ്രീംകോടതിയെ സമീപിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടും സന്നിധാനത്തും പരിസരത്തും കലാപമഴിച്ച് വിടാൻ ഡിസംബർ 15 വരെ സർക്കുലർ വഴി ആളെ നിശ്ചയിച്ച് ബിജെപി സംഘർഷം ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുയാണ്.

സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെയല്ല തങ്ങളുടെ സമരമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് ഇപ്പോൾ പറയുന്നത്. യുവതീപ്രവേശനം അനുവദിക്കണമെന്ന് ആദ്യം പറയുകയും വിധി വന്നപ്പോൾ സ്വാഗതം ചെയ്യുകയും മുതലെടുക്കാനാവുമെന്ന് കണ്ടപ്പോൾ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ബിജെപി നേതാക്കൾ യഥാർത്ഥ ഭക്തരെ അവഹേളിക്കുകയാണ്

ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ചശേഷവും ഭക്തരെന്ന വ്യാജേന സന്നിധാനത്ത് പ്രകടനം നടത്തുകയും ബഹളം വയ്ക്കുകയും ചെയ്തവർ ആരെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമാവുകയാണ്. ഇതേ ആർഎസ്എസ് ക്രിമിനലുകൾ തന്നെയാണ് ചിത്തിര ആട്ടവിശേഷം ദിവസം പേരകുട്ടിയുമായി വന്ന 52കാരിയെ ആക്രമിച്ച സംഘത്തെ നയിച്ചതുമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുഗമമായ ശബരിമല തീർത്ഥാടനത്തിന് തടസ്സം നിൽക്കുന്ന ബിജെപി-ആർഎസ്എസ് തീവ്രവാദികളെ നിയന്ത്രിക്കേണ്ടതുണ്ട്.