തിരുവനന്തപുരം: ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കരിയെ ശബരിമലയിൽ എത്തിച്ചത് കലാപം ലക്ഷ്യമിട്ടാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ കലാപം അഴിച്ചുവിട്ട് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിന് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിലെ ഗുണ്ടാ നേതാവിനെ ബിജെപി ശബരിമലയിൽ എത്തിച്ചതെന്നും ദേവസ്വം മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു 'ആചാര സംരക്ഷകന്റെ' ആട്ടിൻ തോലണിഞ്ഞ് ശബരിമലയിൽ എത്തിയ വത്സൻ എത്രമാത്രം ആചാര ലംഘനമാണ് നടത്തിയതെന്ന് യഥാർഥ ഭക്തർ കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആചാര സംരക്ഷകർ ശബരിമലയിൽ എന്താണ് കാണിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇരുമുടിക്കെട്ടില്ലാതെ കയറാനും പിന്തിരിഞ്ഞുനിന്ന് വെല്ലുവിളി നടത്താനും ഉള്ളതാണോ ഭക്തർ പരിപാവനമായി കാണുന്ന പതിനെട്ടാംപടി. ആചാര ലംഘനത്തെക്കുറിച്ച് തന്ത്രി സമൂഹത്തിന്റെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ടെന്നും മന്ത്രി പറയുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശബരിമലയിൽ കലാപം അഴിച്ചു വിട്ട് 'രാഷ്ട്രീയ സുവർണാവസരം' ഉണ്ടാക്കുന്നതിനായാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിലെ ഗുണ്ടാ നേതാവിനെ ബിജെപി ശബരിമലയിൽ എത്തിച്ചത്. 'ആചാര സംരക്ഷകൻ' എന്ന ആട്ടിൻതോലണിഞ്ഞ് ശബരിമലയിൽ എത്തിയ വൽസൻ എത്രമാത്രം ആചാര ലംഘനമാണ് നടത്തിയതെന്ന് യഥാർത്ഥ അയ്യപ്പ ഭക്തർ കാണുന്നുണ്ട്.

പുണ്യ പരിപാവനമായ പതിനെട്ടാം പടി ഇരുമുടി കെട്ടില്ലാതെ ചവിട്ടരുത് എന്നല്ലേ ആചാരം? എന്നിട്ടീ 'ആചാരസംരക്ഷകർ' എന്താണവിടെ കാണിക്കുന്നത്? ഇവർക്ക് ഇരുമുടിക്കെട്ടില്ലാതെയും ക്ഷേത്രത്തിന് പിൻതിരിഞ്ഞു നിന്നും വെല്ലുവിളിക്കാൻ ഉള്ളതാണോ ഭക്തർ പരിപാവനമായി കണക്കാക്കുന്ന പതിനെട്ടാം പടി? ഈ ആചാരലംഘനത്തെ കുറിച്ച് തന്ത്രിസമൂഹത്തിന്റെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ട്.

അയ്യപ്പ ദർശനത്തിനായി എത്തിയ 52 വയസ് പിന്നിട്ട സ്ത്രീയെ, അയ്യപ്പഭക്തയായ മാളികപ്പുറത്തെ 'കൊല്ലെടാ അവളെ' ആക്രോശവുമായി ആക്രമിക്കുന്ന ആർഎസ്എസ് തീവ്രവാദികളെ മലയാളികൾ ഇന്ന് ഞെട്ടലോടെയാണ് കണ്ടത്. മാളികപ്പുറത്തോടൊപ്പം എത്തിയ അയ്യപ്പനെയും കുഞ്ഞ് മാളികപ്പുറത്തെയും വരെ അക്രമിച്ചു ഈ തീവ്രവാദി കൂട്ടം. മാധ്യമങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ശാന്തിയും സമാധാനവും തേടി അയ്യപ്പഭക്തർ എത്തിയിരുന്ന പുണ്യസ്ഥാനത്തെ കലാപഭൂമിയാക്കി മാറ്റുവാൻ സംഘപരിവാർ കിണഞ്ഞു ശ്രമിക്കുകയാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി ശബരിമലയെ ബിജെപി ഒരു കുരുതി കളമാക്കാൻ ശ്രമിക്കുന്നു എന്നതിന് ഇതിലും വലിയ തെളിവുകൾ ആവശ്യമില്ല.

ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ള പറഞ്ഞതുപോലെ ഇത് അവരെ സംബന്ധിച്ചിടത്തോളം 4 വോട്ട് കൂടുതൽ നേടാനുള്ള കേവലം സുവർണാവസരം മാത്രമാണ്. അല്ലാതെ അവർക്ക് ഇതിനുപിന്നിൽ യാതൊരുവിധ ഭക്തി സംരക്ഷണവും അല്ല. ശബരിമലയെ ഒരു കുരുതിക്കളമാക്കി കേരളമാകെ കലാപം അഴിച്ചുവിടുക എന്നത് തന്നെയാണ് സംഘപരിവാറിന്റെ ലക്ഷ്യം. അതിനുവേണ്ടി മാത്രമാണ് ഇന്നലെ വരെ തിരിഞ്ഞു നോക്കാത്തവർ പെട്ടെന്ന് അയ്യപ്പഭക്തരായി അക്രമങ്ങൾക്ക് നേതൃത്വം നൽകാൻ മാത്രം ശബരിമലയിൽ എത്തിയത്. ഈ കള്ളനാണയങ്ങളെ, കപട ഭക്തരെ, മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളെ, ചോരക്കൊതിയന്മാരെ സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു.