തിരുവനന്തപുരം: ശബരിമല വികസനത്തിനായി 100 കോടി രൂപ നൽകിയിട്ടും ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല വികസനത്തിനായി കേന്ദ്ര സർക്കാർ ഇതുവരെ നൽകിയത് 21.64 കോടി രൂപ മാത്രമാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. സ്പിരിച്വൽ സർക്യൂട്ട് പ്രോജക്ട് എന്ന നിലയിൽ 2016 ലാണ് 99.98 കോടി രൂപ കേന്ദ്രത്തിന്റെ ടൂറിസം മന്ത്രാലയം സംസ്ഥാനത്ത് ശബരിമലക്കും അനുബന്ധ വികസന പ്രവർത്തനങ്ങൾക്കും വേണ്ടി അനുവദിച്ചത്. എന്നാൽ ഇതിൽ 21.648 കോടി മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഈ പ്രവൃത്തികൾ 36 മാസം കൊണ്ടാണ് പൂർത്തീകരിക്കേണ്ടത് എന്നാണ് വ്യവസ്ഥ. ഇതുപ്രകാരം 2019 ജൂലൈ മാസത്തിനുള്ളിൽ പദ്ധതികൾ പൂർത്തീകരിച്ചാൽ മതിയാകും. ഇത് മറച്ചു വച്ചാണ് ബഹു: കേന്ദ്ര ടൂറിസം മന്ത്രി ശ്രീ അൽഫോൻസ് കണ്ണന്താനം കേന്ദ്രസർക്കാർ 100 കോടി രൂപ നൽകിയെന്ന് പറയുന്നത്.

സ്പിരിച്വൽ സർക്യൂട്ട് പ്രോജക്ട് പ്രകാരം പമ്പയിൽ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി 20 കോടിയാണ് അനുവദിച്ചത്. എന്നാൽ മതിയായ ശേഷിയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 65 കോടി രൂപ ചെലവ് വരും. 20 കോടിക്ക് നിർമ്മാണം നടത്താൻ സാധിക്കാത്തതിനാൽ 20 കോടിയോടൊപ്പം സംസ്ഥാന സർക്കാർ കിഫ്ബിയിൽ നിന്നും 45 കോടി കൂടി ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചത്.
ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള ശബരിമല മാസ്റ്റർപ്ലാൻ നടപ്പാക്കുന്നതിന് ഹൈക്കോടതി നിയോഗിച്ച ഹൈപ്പവർ കമ്മിറ്റിയാണ് സ്വദേശി ദർശൻ പദ്ധതി പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങളും നിർവഹിക്കേണ്ടത്. ഹൈപ്പവർ കമ്മിറ്റിയുടെ കീഴിൽ ഒരു ടെക്നിക്കൽ കമ്മറ്റിയുണ്ട്. ഈ കമ്മിറ്റിയാണ് പദ്ധതികൾക്ക് സാങ്കേതിക അനുമതി നൽകേണ്ടത്. കർശന പരിശോധനകളും മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ ഈ കമ്മിറ്റി പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി നൽകുകയുള്ളൂ. ഇതുമൂലം പദ്ധതി നിർവഹണത്തിൽ കാലതാമസം നേരിട്ടിട്ടുണ്ട്. അതായത് തിരുവിതാംകൂർ ദേവസ്വം ബോർഡോ സർക്കാരോ നേരിട്ടല്ല ഈ പ്രവൃത്തികൾ നടത്തുന്നത്.

നാഷണൽ ടൈഗർ കൺസർവേറ്റീവ് അഥോറിറ്റിയുടേയും പെരിയാർ ടൈഗർ റിസർവിന്റെയും ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയമിച്ച എംപവേഡ് കമ്മിറ്റിയുടെയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു മാത്രമേ പദ്ധതിയുടെ പ്രവൃത്തികൾ നടത്താൻ കഴിയുകയുള്ളൂ. ഇതനുസരിച്ചുള്ള അനുമതികൾ ലഭിക്കുന്നതിനുള്ള കാലതാമസം കൊണ്ട് പദ്ധതി നിർവഹണത്തിൽ വിചാരിച്ചവേഗം കൈവരിക്കാനായില്ല.

ഇതിനിടയിലാണ് സമാനതകളില്ലാത്ത പ്രളയം പമ്പയിലും നിലയ്ക്കലും ശബരിമലയിലുമുള്ള നിർമ്മാണങ്ങളും മറ്റും തകർത്തു കളഞ്ഞത്. പ്രളയ ദുരന്തത്തിന് ശേഷം പമ്പയിൽ പുതിയ നിർമ്മാണങ്ങൾ വേണ്ടെന്നു തീരുമാനിക്കുകയും മാസ്റ്റർപ്ലാൻ പ്രകാരം നിലയ്ക്കൽ ബേസ് ക്യാമ്പാക്കി മാറ്റുകയും ചെയ്തു. അതുപ്രകാരം നേരത്തെ തീരുമാനിച്ച നിർമ്മാണ പ്രവൃത്തികൾ പുനഃക്രമീകരിക്കേണ്ട സാഹചര്യമുണ്ടായി. പുതിയ നിർമ്മാണങ്ങൾക്ക് കേന്ദ്ര എംപവേർഡ് കമ്മിറ്റിയുടെ അനുമതിയും ആവശ്യമാണ്. ഇത് ഇതുവരെ ലഭ്യമായിട്ടുമില്ല.

ഈ സാമ്പത്തിക വർഷം മാത്രം സംസ്ഥാന സർക്കാർ ശബരിമലയ്ക്ക് ചെലവഴിച്ചത് 220.3 കോടി രൂപയാണ്. 2017-18 ബജറ്റിൽ അനുവദിച്ചത് 202 കോടി രൂപ. കുടിവെള്ളത്തിനായി 8.2 കോടി രൂപ, തദ്ദേശസ്ഥാപനങ്ങൾക്ക് ഇടത്താവളത്തിനായി മൂന്ന് കോടി, ശബരിമലയിലെ ജലസേചനത്തിനായി 2.10 കോടി, പൊലീസിന് അഞ്ചുകോടി രൂപ എന്നിങ്ങനെയും നൽകി. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ 25 കോടി രൂപ പമ്പയിൽ ടാറ്റ നടത്തുന്ന പ്രളയ പുനർനിർമ്മാണത്തിന് വേണ്ടി വന്നു. ഇതിനും പുറമെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന പ്രവർത്തനങ്ങൾ.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം 56 മുറികളുള്ള ദർശൻ കോംപ്ലക്‌സ്, 2000 പേർക്ക് അന്നദാനം നൽകാൻ കഴിയുന്ന അന്നദാനമണ്ഡപം എന്നിവയും പൂത്തിയാക്കി. ഏഴുകോടി ചെലവഴിച്ച് 61 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന ആർസിസി വാട്ടർടാങ്ക്, 1.44 കോടി ചെലവഴിച്ച് ഭണ്ഡാരം, 1.9 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്‌സ്, സംരക്ഷണഭിത്തി നിലയ്ക്കലിൽ അഞ്ചുകോടി ചെലവഴിച്ച് ടോയ്ലറ്റ് കോംപ്ലക്‌സ് എന്നിവയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇക്കാര്യങ്ങൾ മറച്ചുവച്ചാണ് അൽഫോൻസ് കണ്ണന്താനം ആരോപണങ്ങൾ ഉന്നയിച്ചതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.